മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാവുമോ? കുഞ്ഞാലി മരക്കാറുമായി പ്രിയദര്‍ശന്‍ മുന്നോട്ട്???
സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിനായി. പ്രിയദര്‍ശനാണോ സന്തോഷ് ശിവനാണോ ഈ സിനിമയുമായി എത്തുന്നതെന്നറിയാനായി ഇന്നും കാത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരുകളായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. ഇവരിലായിരിക്കും കുഞ്ഞാലി മരക്കാറാവുകയെന്നത് ഇന്നും ഉത്തരംകിട്ടാ സമസ്യയായി തുടരുകയാണ്.
ആറ് മാസത്തിനുള്ളില്‍ സിനിമ ആരംഭിച്ചില്ലെങ്കില്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോവുമെന്നായിരുന്നു അന്ന് പ്രിയദര്‍ശന്‍ പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാറിന്‍രെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് ഷാജി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനെക്കുറിച്ചാണ് സിനിമയൊരുക്കുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

പ്രിയദര്‍ശന്‍ പിന്‍വാങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍
മലയാള സിനിമയിലെ താരരാജാക്കന്‍മാരില്‍ ആരായിരിക്കും കുഞ്ഞാലി മരക്കാറായി എത്തുന്നതെന്നറിയാനായുള്ള ആകാംക്ഷ ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. പ്രിയദര്‍ശന്‍ പിന്‍വാങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതാണ് ഈ സിനിമ വീണ്ടും വാര്‍ത്തകളിലിടം നേടാന്‍ കാരണമായത്.

സന്തോഷ് ശിവന്റെ പുതിയ ചിത്രം
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാറല്ല തന്റെ അടുത്ത ചിത്രമെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയതാണ് ആരാധകരെ സംശയത്തിലാഴ്ത്തിയത്. ജാവേദ് ജെഫ്രിക്കൊപ്പം സിന്‍ എന്ന ചിത്രമാണ് അടുത്തതായി ഒരുക്കുന്നതെന്ന് അടുത്തിടെയാണ് സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചത്.

ആറ് മാസത്തെ സമയം നല്‍കി
ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ രണ്ട് താരവും എത്തുന്നതില്‍ പ്രത്യേകതയില്ലെന്നും അത് പരാജയത്തിലേക്ക് വഴി തെളിയിക്കുമെന്നായിരുന്നു പ്രിയദര്‍ശന്റെ വാദം. ആറ് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് നീങ്ങുമെന്നായിരുന്നു അന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.

യാഥാര്‍ത്ഥ്യമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞാലി മരക്കാര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ചിത്രം ചെയ്യുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷമായെങ്കിലും മെഗാസ്റ്റാര്‍ ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്.

നീരാളിയുടെ നിര്‍മ്മാതാവ്
പ്രിയദര്‍ശന്റെ തമിഴ് ചിത്രമായ നിമിര്‍, മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളി എന്നിവ നിര്‍മ്മിച്ച സന്തോഷ് ടി കുരുവിള നിര്‍മ്മാതാവായി എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

മമ്മൂട്ടിച്ചിത്രം ഉപേക്ഷിച്ചോ?
മമ്മൂട്ടി സന്തോഷ് ശിവന്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചതായുള്ള സ്ഥിരീകരണമൊന്നും ഇതുവരെ വരാത്ത അവസ്ഥയില്‍ അത് തന്നെയായിരിക്കും നടക്കുകയെന്ന പ്രതീക്ഷയിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. വരാനിരിക്കുന്ന ചരിത്ര സിനിമയെച്ചൊല്ലി സിനിമാപ്രേമികളും അണിയറപ്രവര്‍ത്തകരും ഒരേ പോലെ ആശങ്കയിലാണ്.

നല്ല സിനിമയാണെങ്കില്‍ ഏറ്റെടുക്കും
കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുമായി ഇവരിലാരെത്തിയാലും അത് നല്ല സിനിമയാണെങ്കില്‍ സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. താരപദവിയും സംവിധായകരുടെ പേരുമൊന്നുമല്ലല്ലോ പ്രധാന കാര്യം. ഇതിഹാസ പുരുഷന്‍റെ കഥയുമായെത്തുന്ന സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











