കോടികളുടെ സ്വത്തുണ്ടായിരുന്നു, ബോണി പറയുന്നിടത്തെല്ലാം ശ്രീദേവി ഒപ്പിട്ട് കൊടുത്തു; കുട്ടി പത്മിനി പറഞ്ഞത്
ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത മുഖമാണ് നടി ശ്രീദേവിയുടേത്. മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ആരാധകരുടെ മനസിൽ ശ്രീദേവി നിറഞ്ഞ് നിൽക്കുന്നു. ബിഗ് സ്ക്രീനിലെ താര റാണിയായിരുന്ന ശ്രീദേവിയുടെ ജീവിതത്തിൽ നാടകീയമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രണയത്തകർച്ചകളും നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹവും ഏറെ ചർച്ചയായതാണ്. ശ്രീദേവി-ബോണി കപൂർ ജീവിതം പലപ്പോഴും ബി ടൗണിൽ സംസാര വിഷമായിട്ടുണ്ട്. ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നത്.
ശ്രീദേവിയും ബോണി കപൂറും വിറ്റ സ്വത്തുക്കളെക്കുറിച്ച് ഒരിക്കൽ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കെപിടിവി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് കുട്ടി പത്മിനി വിവരങ്ങൾ പങ്കുവെച്ചത്. ഞാൻ കുറേ കാര്യങ്ങൾ കേട്ടിട്ടുണ്ട്. മക്കളും ശ്രീദേവിയും ഒരുപാട് ചെലവാക്കുന്നവരായിരുന്നു. ഒരുപാട് പ്രോപ്പർട്ടികൾ വിറ്റിട്ടുണ്ട്. ചെലവിന് പുറമെ സിനിമ നിർമ്മിച്ച് ബോണി കപൂറിന് നഷ്ടം വന്നു. ഒരു ഘട്ടത്തിൽ ശ്രീദേവിയുടെ സഹോദരി ലത അവളുടെ പേരിലുള്ള സ്വത്തുക്കൾ ശ്രീദേവിക്ക് കൊടുക്കില്ലെന്ന് പറഞ്ഞു.

കോടതിയിൽ കേസായി. ഒരു തരത്തിൽ ലത ചെയ്തത് ശരിയാണ്. ഒരിക്കൽ ലതയെ ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ ശ്രീയോട് നീ ചെയ്യുന്നത് തെറ്റല്ലേ, അവൾ സമ്പാദിച്ചതല്ലേ എല്ലാം എന്ന് ചോദിച്ചിരുന്നു. ലത എന്നോട് പറഞ്ഞത് 'അവൾ ബോണി കപൂറിനെ പൂർണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പ് വെച്ച് കൊടുക്കുകയാണ്, എല്ലാം വിറ്റ് തുലയ്ക്കുകയാണ്, അപ്പോൾ എന്ത് ചെയ്യും' എന്നാണ്. ഒരു വിധത്തിൽ അത് ന്യായമാണ്. ശ്രീദേവി സമ്പാദിച്ചതാണ്, പക്ഷെ സഹോദരി അത് സംരക്ഷിക്കണം എന്ന് കരുതിയത് തെറ്റല്ല.
ശ്രീദേവിക്ക് ചെന്നെെയിൽ കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നു. എല്ലാം പോയി അവസാനം ബാക്കി നിൽക്കുന്നത് സിഐടി നഗറിലുള്ള ഒരു വീട് മാത്രമാണ്. ആ വീടല്ലാതെ മറ്റൊന്നും മദ്രാസിൽ അവർക്കില്ല. എല്ലാം വിറ്റു. പല തവണ ചെക്ക് കേസ് വന്നത് പത്രത്തിൽ വന്നിട്ടുണ്ട്. വാർത്ത വായിക്കുമ്പോൾ എനിക്ക് പേടി തോന്നും. ശ്രീ എങ്ങനെ ഇത് പരിഹരിക്കും എന്ന് ആശങ്കപ്പെടും. എന്നാൽ ബോണി കപൂർ അതെല്ലാം നല്ല രീതിയിൽ പരിഹരിച്ചു. ആയിരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ശ്രീദേവിയെ സംരക്ഷിച്ച് നിർത്തിയെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽമുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. അപകട മരണല്ലെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങൾ വന്നു. പിന്നീടിവ കെട്ടടങ്ങി. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കൾ.
രണ്ട് പേരും അമ്മയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് വന്നു. എന്നാൽ മക്കളുടെ സിനിമകൾ കാണാൻ ശ്രീദേവിക്കായില്ല. ശ്രീദേവിയുടെ മരണ ശേഷമാണ് മൂത്ത മകൾ ജാൻവി കപൂറിന്റെ ആദ്യ സിനിമ ധടക് റിലീസ് ചെയ്യുന്നത്. ആർച്ചീസ് എന്ന സിനിമയിലൂടെ 2023 ലാണ് ഖുഷി കപൂർ അഭിനയ രംഗത്തേക്ക് വരുന്നത്. ശ്രീദേവിയെ പോലെ കരിയറിൽ വലിയ വിജയം നേടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതേസമയം വലിയ ആരാധക പിന്തുണ ഇവർക്കുണ്ട്.


Click it and Unblock the Notifications











