'നയൻസിന് പത്ത് കോടി, സംവിധായകൻ അറ്റ്ലിക്ക് 40 കോടി, കിങ് ഖാന് 100 കോടി'; ജവാനിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫലം!
പഠാന്‍ തീര്‍ത്ത ഗംഭീര വിജയത്തിന്‍റെ ആഘോഷങ്ങള്‍ കെട്ടടങ്ങും മുമ്പ് തന്നെ ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് വമ്പന്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ജവാന്‍. അറ്റ്ലി സംവിധാനം ചെയ്യുന്ന ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് പ്രിവ്യു വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇതുവരെ കാണാത്ത ലുക്കിനാണ് ചിത്രത്തില്‍ കിങ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.
തമിഴില്‍ ഹിറ്റ് മേക്കറായി മാറിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമ പ്രവര്‍ത്തകരുമായി ചേര്‍ന്ന് വളരെ കാലത്തിന് ശേഷം ഷാരൂഖ് ഖാന്‍ പ്രവര്‍ത്തിക്കുന്ന ചിത്രമെന്ന നിലയിലും ജവാന്‍ ഇന്ത്യയൊട്ടാകെ ഹൈപ്പ് നേടി കഴിഞ്ഞു.
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന ചിത്രം താരത്തിന്‍റെ കന്നി ബോളിവുഡ് ചിത്രം കൂടിയാണ്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും എത്തുന്നു. റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ ഗൗരിഖാനാണ് ജവാന്‍ നിര്‍മ്മിക്കുന്നത്.

അറ്റ്ലിയുടെ സിനിമാ ജീവിതത്തിലും ജവാൻ ഒരു നാഴികകല്ലായി മാറിയേക്കും. ശങ്കറിന്റെ അസോസിയേറ്റായി പ്രവർത്തിച്ച് സിനിമയെ കുറിച്ച് അറിവ് സമ്പാദിച്ച ശേഷമാണ് അറ്റ്ലി സ്വതന്ത്ര്യ സംവിധായകനായത്. മുപ്പത്തിയാറുകാരനായ താരം ഇതുവരെ നാല് സിനിമകൾ സംവിധാനം ചെയ്തു. നാലും സൂപ്പർ ഹിറ്റായിരുന്നു.
തുടക്കം യൂത്തിനെ അണിനിരത്തി രാജാ റാണിയിലൂടെയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം നയൻതാരയ്ക്ക് നല്ലൊരു തിരിച്ച് വരവ് സമ്മാനിച്ചതും രാജാ റാണിയായിരുന്നു. ഇതുവരെ സൂപ്പർസ്റ്റാർ വിജയ്ക്കൊപ്പം മൂന്ന് സിനിമകൾ തുടരെ തുടരെ അറ്റ്ലി ചെയ്തു.
ബിഗിലിന്റെ വിജയത്തിന് ശേഷമാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ വെച്ച് താൻ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് അറ്റ്‌ലി സ്ഥിരീകരിച്ചത്. പ്രഖ്യാപനം വന്നത് മുതൽ രണ്ട് വർഷത്തിലേറെയായി അറ്റ്ലിയുടെ ഷാരൂഖ് ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ചിത്രം സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. മാത്രമല്ല അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ 112 മണിക്കൂർ കൊണ്ട് 24 ദശലക്ഷത്തിലധികം വ്യൂസ് നേടി പുതിയ റെക്കോർഡും സൃഷ്ടിച്ചു.
വളരെ ഗംഭീരമായ ആക്ഷൻ സീക്വൻസുകളോടെയാണ് ആറ്റ്‌ലി ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്റെ മുൻ ചിത്രമായ പഠാൻ പോലെ ജവാൻ തീർച്ചയായും 1000 കോടി കലക്ഷൻ ക്ലബ്ബിൽ എത്തുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.

അതേസമയം ചിത്രത്തിലെ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പ്രതിഫലമാണ് ആരാധർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. നയൻതാരയുടെയും ഷാരൂഖ് ഖാന്റെയും ചിത്രത്തിലേക്കുള്ള പ്രതിഫലത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രതിഫലമായി സംവിധായകൻ അറ്റ്‌ലി 40 കോടിയോളം രൂപ കൈപ്പറ്റിയതായി പറയപ്പെടുന്നു. നയൻതാരയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
നയൻതാരയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ജവാനിൽ ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്. അതുപോലെ നായകൻ ഷാരൂഖ് ഖാന് പതിവിലും അൽപം കുറവാണ് ജവാനിലെ പ്രതിഫലം. താരത്തിന് ലഭിച്ചത് 100 കോടി രൂപ മാത്രമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല ഷാരൂഖിന്റെ തന്നെ റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സാണ് നിർമ്മാണം.


Click it and Unblock the Notifications