22 കാരനായ ബിസിനസ്മാൻ, 28 കാരനായ മോഡൽ; ലളിത് മോദിക്ക് മുമ്പുള്ള സുസ്മിതയുടെ 10 പ്രണയങ്ങൾ
മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെൻ വാർത്തകളിൽ നിറയുകയാണ്. മുൻ ഐപിഎൽ ചെയർമാൻ ലളിത മോദി താൻ സുസ്മിതയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെയാണ് താരം വീണ്ടും ചർച്ചകളിൽ നിറയുന്നത്. സമൂഹ മാധ്യമങ്ങളിൽ സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങളും ലളിത് മോദി പുറത്തു വിട്ടിട്ടുണ്ട്.
എന്നാൽ ഇതേപറ്റി സുസ്മിത ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ താൻ നടിയുമായി ഡേറ്റിംഗിലാണെന്നും വിവാഹം കഴിക്കുമെന്നുമാണ് ലളിത് മോഡി പറയുന്നത്. മാലിദ്വീപിൽ ഇരുവരും ഒരുമിച്ച നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പുതിയ ജീവിതത്തിന് തുടക്കമായിരിക്കുകയാണെന്നാണ് ചിത്രങ്ങളോടൊപ്പം ലളിത് മോദി കുറിച്ചിരിക്കുന്നത്.

സുസ്മിത സെന്നിന്റെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. താരം രണ്ട് പെൺകുട്ടികളെ ദത്തെടുത്തത്, നടിയുടെ ഡേറ്റിംഗ് തുടങ്ങിയവയെല്ലാം വാർത്തകളിൽ ഇടം നേടാറുണ്ട്. മോഡൽ റൊഹ്മാൻ ഷാളുമായി മൂന്നര വർഷത്തോളം നീണ്ടു നിന്ന പ്രണയം അടുത്തിടെയാണ് അവസാനിച്ചത്.
പ്രണയബന്ധം അവസാനിച്ചെങ്കിലും സ്നേഹം നിലനിൽക്കുന്നുണ്ടെന്നും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു സുസ്മിത പിന്നീട് പ്രതികരിച്ചത്.

2018 ലാണ് റൊഹ്മാൻ ഷാളിനൊപ്പമുള്ള ചിത്രം സുസ്മിത ആദ്യമായി പങ്കുവെക്കുന്നത്. ഇരുവരും ഒരുമിച്ച് പിന്നീട് പൊതുവേദികളിലെത്തുകയും ചെയ്തു. 28ാം വയസ്സിലാണ് റൊഹ്മാൻ സുസ്മിതയുമായി അടുക്കുന്നത്. 40 കളിലെത്തിയ സുസ്മിതയുമായുള്ള ഇദ്ദേഹത്തിന്റെ പ്രണയം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ 2021 ഡിസംബർ 23 ഓടെ ഇരുവരും വേർപിരിയുകയായിരുന്നു.

90 കളിൽ സംവിധായകൻ വിക്രം ഭട്ടുമായുള്ള സുസ്മിതയുടെ പ്രണയവും ഏറെ വിവാദമായിരുന്നു. വിവാഹിതനായ വിക്രം ഭട്ടുമായി സുസ്മിത അടുക്കുകയായിരുന്നു. വിക്രം ഭട്ടിന്റെ കുടുംബ ജീവിതത്തെ ഇത് ഏറെ ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
1997 ൽ സിമി ഗരെവാളിന്റെ ടോക് ഷോയിൽ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. വിവാഹിതനായ ഒരാളുമായി പ്രണയത്തിലായതിനെ പറ്റി സുസ്മിതയോട് ഷോയിൽ ചോദ്യം വന്നു. ഇതിന് സുസ്മിത അന്ന് മറുപടി നൽകുകയും ചെയ്തു.

'ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ഭാര്യയും ഒരുമിച്ചല്ല. അതിനാൽ എനിക്ക് കുറ്റബോധം തോന്നേണ്ടതില്ല. ഒരു മോശം വിവാഹം നടന്നതിന് ഇദ്ദേഹത്തിൽ കുറ്റബോധമുണ്ടാക്കുകയോ ചെയ്യേണ്ട കാര്യമില്ല,' എന്നായിരുന്നു സുസ്മിതയുടെ മറുപടി. ദസ്തക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ പിന്നീട് ഈ ബന്ധം ഇരുവരും വേണ്ടെന്ന് വെച്ചു. കുടുംബജീവിതത്തിലുണ്ടായ താളപ്പിഴകളും സുസ്മിതയുമായുള്ള ബന്ധവുമെല്ലാം തന്നെ ബാധിച്ചിരുന്നെന്നും ആത്മഹത്യാ ചിന്തകൾ വരെ ഒരു ഘട്ടത്തിൽ തനിക്കുണ്ടായിരുന്നെന്നും വിക്രം ഭട്ട് പിന്നീടൊരിക്കൽ പറഞ്ഞിരുന്നു.

ഇതിനു ശേഷം നടൻ രൺദീപ് ഹൂഡയുമായുള്ള സുസ്മിതയുടെ പ്രണയമാണ് വാർത്തകളിൽ നിറഞ്ഞത്. മൂന്ന് വർഷത്തോളമാണ് ഈ ബന്ധം നീണ്ടു നിന്നത്. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയമായിരുന്നു രൺദീപ്-സുസ്മിത ബന്ധം. പക്ഷെ മൂന്ന് വർഷത്തിനുളളിൽ ഇരുവരും വേർപിരിഞ്ഞു. സുസ്മിതയുമായുള്ള ബന്ധം അവസാനിച്ചത് തന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യമാണെന്നാണ് നടൻ പിന്നീട് പ്രതികരിച്ചത്.
'പ്രണയ കാലത്ത് കൂടുതൽ സമയവും ചെലവഴിച്ചത് സുസ്മിതയുടെ മകൾ റെനിക്കൊപ്പമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഞാൻ തിയറ്റർ റിഹേഴ്സലിന് പോവാതിരുന്നിട്ടുള്ളൂ. അന്ന് പോവേണ്ടെന്ന് സുസ്മിത ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു. എന്റെ മൂല്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ചെയ്ത മോശം കാര്യമായിരുന്നു അത്. ബ്രേക്ക് അപ്പ് എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്. ആ ബന്ധത്തിന് ഞാൻ വളരെ കൂടുതൽ സമയം ചെലവഴിച്ചെന്ന് പിന്നീടാണ് മനസ്സിലായത്,' എന്നായിരുന്നു രൺദീപിന്റെ പ്രതികരണം.
Recommended Video

പാകിസ്താൻ മുൻ ക്രിക്കറ്റ് താരം വസിം അക്രമുമായി സുസ്മിത പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എക് ഖിലാഡി എക് ഹസിന എന്ന റിയാലിറ്റി ഷോയിൽ ഇരുവരും വിധികർത്താക്കളായി വന്നിരുന്നു. പക്ഷെ അഞ്ച് മാസത്തിന് ശേഷം ഈ ബന്ധവും വേർപിരിഞ്ഞു.
2015 ൽ ഉയർന്നു കേട്ട ഗോസിപ്പായിരുന്നു മുംബൈയിലെ പ്രമുഖ റെസ്റ്റോറന്ററായ റിതിക് ഭാസിനുമായുള്ള സുസ്മിതയുടെ ബന്ധം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.
22 കാരനായ ബിസിന്സ്മാൻ ഇംതിയാസ് ഖത്രിയുമായി സുസ്മിത പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഗോവയിൽ നടന്ന ഫാഷൻ ഷോയിൽ ഇരുവരും ഒരുമിച്ച് റാംപ് വാക്ക് ചെയ്തതോടെയാണ് ഈ ഗോസിപ്പ് പരന്നത്.
ഇതിനു പുറമെ ഹോട്മെയിൽ സ്ഥാപകനായ സബീർ ഭാട്ടിയയുമായി സുസ്മിത പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പെട്ടന്ന് തന്നെ സുസ്മിത ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് വിവരം. ഫിലിം മേക്കർ മുദാസർ അസിസുമായി സുസ്മിതയുടെ പേര് ഉയർന്ന് കേട്ടിരുന്നു.


Click it and Unblock the Notifications