അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു അഡാര്‍ സിനിമ വരുന്നു?
ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായി തിയറ്ററുകള്‍ നിറഞ്ഞോടുകയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍. സഹസംവിധായകനായി സിനിമയിലെത്തി വര്‍ഷങ്ങള്‍ പരിചയസമ്പത്തുള്ള ഷാജി പാടൂര്‍ സംവിധാനം ചെയ്ത കന്നിച്ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടി ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച സിനിമ ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ ഹൗസ് ഫുള്ളാണ്.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. അടുത്തിടെ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ പുതിയ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ.. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ ഷാജി പാടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന മറ്റൊരു സിനിമ കൂടി വരുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

നവാഗതനായ ഒരു തിരക്കഥാകൃത്തിന്റെ കഥ ഷാജി പാടൂരിന് ഇഷ്ടമായെന്നും അധികം താമസിക്കാതെ ഇങ്ങനെ ഒരു സിനിമ കൂടി വരുമെന്നുമാണ് സൂചന. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായിട്ടും വാര്‍ത്തയുണ്ട്. മുന്‍പ് മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറില്‍ ഹനീഫ് അദേനിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഷാജി വര്‍ക്ക് ചെയ്തിരുന്നു. ഈ കൂട്ടുകെട്ടാണ് അബ്രഹാമിന്റെ സന്തതികളിലേക്ക് എത്തിയത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയായിരുന്നു.
ബോക്‌സോഫീസില്‍ തരംഗമായി മാറിയ അബ്രഹാമിന്റെ സന്തതികള്‍ കേരളത്തിലും സംസ്ഥാനത്തിന് പുറത്തും, വിദേശത്തുമെല്ലാം മികവുറ്റ പ്രകനമാണ് കാഴ്ച വെക്കുന്നത്. റിലീസിനെത്തി പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കോടികള്‍ പെട്ടിയിലാക്കിയിരിക്കുകയാണ്. അടുത്തൊരു കിടിലന്‍ സിനിമ കൂടി ഉണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications