For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി വല്യേട്ടനായി തിരിച്ചെത്തുമ്പോള്‍....

  By Staff
  |

  മമ്മൂട്ടി വല്യേട്ടനായി തിരിച്ചെത്തുമ്പോള്‍....

  ഷാജി കൈലാസിന്റെ വല്യേട്ടന്‍ ഓണത്തിന് തിയേറ്ററുകളിലെത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്. സൂപ്പര്‍സ്റാര്‍ മമ്മൂട്ടി തിരിച്ചു വരുമോ..? നരസിംഹം എന്ന ഒറ്റച്ചിത്രത്തിലൂടെ മോഹന്‍ലാലിന് മെഗാസ്റാര്‍ പദവി നല്‍കിയ ഷാജി കൈലാസിന് മമ്മൂട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമോ...?

  മലയാള സിനിമയിലെ ചക്രവര്‍ത്തിമാരായ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കാറുള്ളൂ. വര്‍ഷത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍... അത്രമാത്രം. എന്നാല്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഹിറ്റാകുന്നത് പതിവാണ്. ഈ വര്‍ഷമാകട്ടെ നരസിംഹവും വാനപ്രസ്ഥവും ലാലിന്റെ റേഞ്ച് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

  എന്നാല്‍ മമ്മൂട്ടിയുടേതായി രണ്ടായിരാമാണ്ടില്‍ ഇറങ്ങിയ ഏക ചിത്രം അരയന്നങ്ങളുടെ വീട് ആണ്. മോഹന്‍ലാലിനൊപ്പം നില്‍ക്കാന്‍ മാത്രമുള്ള വിജയം നല്‍കാന്‍ ഈ ചിത്രത്തിന് സാധിച്ചുമില്ല. 99-ലും മമ്മൂട്ടിയുടെ അവസ്ഥ ഏതാണ്ട് ഇതു തന്നെയായിരുന്നു. സ്റാലിന്‍ ശിവദാസ്, ഏഴുപുന്ന തരകന്‍, മേഘം, പല്ലാവൂര്‍ ദേവനാരായണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ബോക്സോഫീസില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. ഷാജൂണ്‍ കാര്യാലിന്റെ തച്ചിലേടത്ത് ചുണ്ടന്‍ മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്.

  മമ്മൂട്ടിയുടെ ചിത്രങ്ങളുടെ ഇത്തരത്തിലുള്ള പ്രകടനം ഈ സൂപ്പര്‍ സ്റാറിന്റെ വരാന്‍ പോകുന്ന ചിത്രങ്ങളെയും സാരമായി ബാധിച്ചതായാണ് അറിയുന്നത്. ജോഷിയുടെ ദുബായ് ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോഴും സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു കരകയറിയിട്ടില്ല. ഓണത്തിന് റിലീസ് ചെയ്യാനുദ്ദേശിച്ചിരുന്ന ഈ ചിത്രവും മറ്റു ചിത്രങ്ങളും വല്യേട്ടന്റെ പ്രകടനം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.

  എം.ടിയുടെ റിലീസ് ചെയ്യാത്ത ദേവലോകം എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന ഈ അതുല്യനടന്‍ ഇന്ന് സൂപ്പര്‍സ്റാര്‍ പദവി നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്. ഒരു കാലത്ത് ഐ.വി. ശശി, ജോഷി എന്നീ സംവിധായകരുടെ പിന്തുണയോടെ ആക്ഷന്‍ ചിത്രങ്ങള്‍ വന്‍ വിജയമാക്കിയ മമ്മൂട്ടി പലപ്പോഴും ടൈപ്പ് ചെയ്യപ്പെടുന്നുവെന്ന ആരോപണവുമുണ്ടായി. മോഹന്‍ലാല്‍ നൃത്തരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും മികവു പുലര്‍ത്തിയപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ ഈ നടന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

  ഇതിന്റെ ഭാഗമായി തന്റെ പ്രതിഫലത്തുകയില്‍ കാര്യമായ കുറവു വരുത്തി മതിലുകള്‍, പൊന്തന്‍മാട, വിധേയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറായി. തന്മൂലം ദേശീയതലത്തിലുള്ള അംഗീകാരവും ഈ നടനെ തേടിയെത്തി. മലയാളത്തില്‍ കാലിടറുന്നുവെന്ന് തോന്നിയപ്പോള്‍ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഒരു കൈ നോക്കാന്‍ കൂടി ഈ നടന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ധര്‍ത്തീപുത്രും (ഹിന്ദി) സ്വാതികിരണവും (തെലുങ്ക്) പ്രതീക്ഷിച്ച വിജയമായില്ല. ഈ ചിത്രങ്ങളില്‍ തന്റെ ശബ്ദം തന്നെ കൊടുക്കണമെന്ന മമ്മൂട്ടിയുടെ വാശിയാണ് ഇവയുടെ പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നുമുണ്ട്.

  പലപ്പോഴും തിളങ്ങിയിട്ടുള്ള വല്യേട്ടന്‍ റോളിലേക്കു തന്നെയാണ് മമ്മൂട്ടി വീണ്ടും തിരിച്ചു വരുന്നത്. വാത്സല്യം, ഹിറ്റ്ലര്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു ഫലിപ്പിച്ച ആ വല്യേട്ടന്‍ തന്നെയായിരുന്നു ആ ചിത്രങ്ങളുടെ വിജയത്തിന്റെ ആണിക്കല്ലും. പുതിയ ചിത്രമായ വല്യേട്ടന്റെ തുറുപ്പു ചീട്ടും അതുതന്നെ.

  രണ്ടു കുടുംബങ്ങളുടെ കുടിപ്പകയാണ് വല്യേട്ടനിലെ പ്രമേയം. അറക്കല്‍ തറവാട്ടിലെ കാരണവരുടെ സ്ഥാനമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മാധവനുണ്ണിക്ക്. വാത്സല്യത്തിലെയും ഹിറ്റ്ലറിലെയും വാത്സല്യനിധിയായ വല്യേട്ടന്‍ തന്നെയാണ് വല്യേട്ടനിലും. എന്നാല്‍ ചങ്കൂറ്റമുള്ള പുരുഷന്‍ എന്ന ടിപ്പിക്കല്‍ ഷാജികൈലാസ് സങ്കല്പവും ഈ വല്യേട്ടന് പിന്‍ബലമായുണ്ടാകും.

  മോഹന്‍ലാലിന് നരസിംഹം നല്‍കിയതു പോലെയുള്ള ഒരു ഇമേജ് മമ്മൂട്ടിക്ക് വല്യേട്ടന്‍ നല്‍കിയാല്‍ തന്നെ ആ ഒരൊറ്റ ഹിറ്റുകൊണ്ട് തിരിച്ചുവരാവുന്ന പാതയിലാണോ മമ്മൂട്ടി എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഉത്തരം എന്തായാലും ഓണം കഴിഞ്ഞാല്‍ ലഭിക്കും... അതുവരെ കാത്തിരിക്കാം...

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X