»   » മഞ്ജു-ദിലീപ് ഗോസിപ്പുകള്‍ ഒഴിയാത്തതെന്ത്?

മഞ്ജു-ദിലീപ് ഗോസിപ്പുകള്‍ ഒഴിയാത്തതെന്ത്?

Posted By:
Subscribe to Filmibeat Malayalam
Manju Varrier and Dileep
മഞ്ജു വാര്യരും ദിലീപും പാപ്പരാസികള്‍ക്ക് ഇഷ്ടപ്പെട്ട താരദമ്പതിമാരാണ്, അത് നല്ലത് പറയുന്ന കാര്യത്തിലാണെങ്കിലും മോശം പറയുന്ന കാര്യത്തിലാണെങ്കിലും. പ്രണയിച്ച് വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത അക്കാലത്തുള്ള അതേ പ്രാധാന്യം ഈ താരജോഡികള്‍ക്ക് ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോഴുമുണ്ട്.

നടി കാവ്യ മാധവനും ദിലീപും പലചിത്രങ്ങളിലും ഒന്നിച്ച് അഭിനയിക്കുകയും ഇവര്‍ തമ്മില്‍ അപൂര്‍വ്വമായ ഒരു ഓണ്‍സ്രക്രീന്‍ കെമിസ്ട്രി രൂപപ്പെടുകയും ചെയ്തതിന് പിന്നാലെ വീട്ടമ്മയായി ഒതുങ്ങിയ മഞ്ജുവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. കാവ്യയും ദിലീപും പ്രണയത്തിലാണെന്നും ഇതില്‍ മനംനൊന്ത് മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമായിരുന്നു ആദ്യകാലത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

പല അഭിമുഖങ്ങളിലും തങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് ദിലീപും മഞ്ജുവും ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും കാവ്യ-ദിലീപ്-മഞ്ജു വാര്‍ത്തകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുകയാണുണ്ടായത്. കാവ്യ വിവാഹിതയാവുകയും വിവാഹബന്ധം പ്രശ്‌നത്തിലാവുകയും ചെയ്തതോടെ ഇത്തരം വാര്‍ത്തകളുടെ ആഴം കൂടി. കാവ്യയെ വിവാഹം ചെയ്ത നിഷാലും കുടുംബവും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. എന്നാല്‍ ഗോസിപ്പുകളെയെല്ലാം കാറ്റില്‍ പറത്തുംവിധം കാവ്യയ്ക്ക് പിന്തുണയുമായി ദിലീപും മഞ്ജുവും ഉറച്ചു നിന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കാവ്യ ഗദ്ദാമയെന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയപ്പോള്‍ ഗദ്ദാമയുടെ പ്രചാരണത്തിനായി മഞ്ജുവും രംഗത്തിറങ്ങി.

ഇതിന്‌ശേഷം ഗോസിപ്പുകള്‍ അല്‍പം അടങ്ങിയിരുന്നു. എന്നാല്‍ മഞ്ജു ഗുരുവായൂരില്‍ നൃത്തപരിപാടി അവതരിപ്പിച്ചുകൊണ്ട് കലാരംഗത്തേയ്ക്ക് മടങ്ങിയെത്തിയതോടെ വീണ്ടും ഗോസിപ്പുകള്‍ തലപൊക്കുകയായിരുന്നു. പല ചിത്രങ്ങളിലും മഞ്ജു നായികയായി തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ട് ദിലീപ് അടിയ്ക്കടി രംഗത്തെത്തുകയും ചെയ്തതോടെ ഗോസിപ്പുകളുടെ ശക്തികൂടി. മഞ്ജുവിന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും ദിലീപ് അനുവദിക്കാത്തതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. നേരത്തേ വിവാഹസമയത്ത് തന്റെ ഭാര്യ മറ്റൊരാളെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് കണ്ടുനില്‍ക്കാനാകില്ലെന്നുള്ള ദിലീപിന്റെ വാക്കുകള്‍ കേട്ട ഓര്‍മ്മയുള്ളവരെല്ലാം ഇക്കാര്യം വിശ്വസിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ചുരുക്കിപ്പറഞ്ഞാല്‍ നല്ല അഭിനയപ്രതിഭയായ മഞ്ജുവിനെ വീട്ടമ്മയാക്കി ഒതുക്കിയ ദിലീപിനോടുള്ള രോഷം മലയാളികളുടെ ഉള്ളില്‍ ഇന്നുമുണ്ട്. ആ രോഷം തക്കം കിട്ടുമ്പോഴെല്ലാം ഗോസിപ്പുകളായി പുറത്തുവരുന്നു എന്നു പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാകാനിടയില്ല. എന്തായാലും ദിലീപും മഞ്ജുവും വിവാഹമോചനത്തിന്റെ വക്കിലാണെന്ന തരത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഓണ്‍ലൈന്‍ ലോകത്തും പല റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യത്തിലെ സത്യമെന്താണെന്നകാര്യം മഞ്ജുവിനും ദിലീപിനും മാത്രമേ അറിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.

English summary
Dileep and Manju Varrior are hottest couples in the gossip columns from the date of their marriage. Gosspis are still plying around them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam