മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരെങ്കില്‍ പ്രണവിനൊപ്പം കല്യാണി! മരക്കാറിലെ ആ രഹസ്യം പരസ്യമായി? കാണൂ!
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെയെല്ലാം പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമകള്‍ക്കായി മലയാളികള്‍ എന്നും ഉറ്റുനോക്കാറുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിലൂടെ. കേരളപ്പിറവി ദിനത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനവുമായി സംവിധായകനെത്തിയത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് സന്തോഷ് ശിവനും ഷാജി നടേശനും വ്യക്തമാക്കിയത്. നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ജോലി ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് അന്നേ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.
സന്തോഷ് ശിവനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തന്റെ സിനിമയുമായി മുന്നോട്ട് പോവുകയാണെന്നും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റും ചേര്‍ന്ന് സംയുക്തമായാണ് ചിത്രമൊരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖര്‍ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ നായികയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തിലേക്ക് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നായികയായല്ല കീര്‍ത്തി എത്തുന്നതെന്നും മഞ്ജു വാര്യരാണ് നായികയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ലൂസിഫറില്‍ നിന്നും മരക്കാറിലേക്ക്
മോഹന്‍ലാലിന്റെ കരിയറിലെ ഭാഗ്യനായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച കൈയ്യടിയാണ് ലഭിക്കാറുള്ളത്. രണ്ടാം വരവിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കുന്നതില്‍ നിന്നും പലരും വിലക്കിയിട്ടും താരത്തെ കൈവിടാതെ ഒപ്പം ചേര്‍ത്ത് നീങ്ങുകയാണ് കംപ്ലീറ്റ് ആക്ടര്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ മാണിക്കനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ പ്രഭയായത് മഞ്ജുവായിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിലേക്കും താരമെത്തിയത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലൂസിഫറിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നായികയായി താരമെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്.

വന്‍താരനിര അണിനിരക്കുന്നു
തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയാണ് മരക്കാറിനായി അണിനിരക്കുന്നത്. നൂറുകോടി ബഡ്ജറ്റിലൊരുക്കുന്ന ചിത്രം സാങ്കേതിക മികവിലും മുന്നിട്ട് നില്‍ക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം പല താരങ്ങളും മലയാളത്തിലേക്ക് തിരികെ എത്തുന്നതിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിക്കുന്നത്. പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് പല താരങ്ങളും. മധു, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ദുര്‍ഗാകൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പ്രഭുവും അര്‍ജുനുമെത്തുന്നു
22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പ്രഭു. നേരത്തെ കാലാപാനിക്ക് വേണ്ടി അദ്ദേഹമെത്തിയപ്പോള്‍ പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു. തമിഴകത്തിന്റെ സ്വന്തം ആക്ഷന്‍ താരമായ അര്‍ജുന്‍ സര്‍ജ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ശക്തമായ കഥാപാത്രങ്ങളെയാണ് ഇവര്‍ക്കായി നല്‍കുന്നതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരനിരയുടെ കാര്യത്തില്‍ സിനിമയെ വെല്ലേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

സുനില്‍ ഷെട്ടിയുടെ വരവ്
ഇടവേള അവസാനിപ്പിച്ച് സുനില്‍ ഷെട്ടിയും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പ്രിയദര്‍ശനായിരുന്നു ഇദ്ദേഹത്തെ നേരത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളെല്ലാം ഒരേ ഫ്രെയിമില്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകലോകം. തുടക്കത്തില്‍ അല്‍പ്പം വിവാദമൊക്കെയായിരുന്നുവെങ്കിലും കുഞ്ഞാലി മരക്കാരുമായി മുന്നോട്ടെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്

ബാല്യകാലം അവതരിപ്പിക്കാനായി പ്രണവ്
മരക്കാറില്‍ കുഞ്ഞാലി മരക്കാറിന്റെ ബാല്യകാലം അവതരിപ്പിക്കാനായെത്തുന്നത് പ്രണവ് മോഹന്‍ലാലാണ്. ആദിയിലൂടെ നായകനായി അരങ്ങേറിയ താരം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരപുത്രന്‍ നായകനായപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദിക്ക് ശേഷം തീരുമാനിക്കാം സിനിമയില്‍ തുടരണമോയെന്ന കാര്യമെന്നും പ്രണവ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ബാല്യകാല വേഷത്തില്‍ താരപുത്രന്‍ നേരത്തെ ഒന്നാമനിലും എത്തിയിരുന്നു.

പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍
സിനിമാകുടുംബത്തിലെ ഇളംതലമുറ സിനിമയിലെത്തുന്നത് സ്വഭാവികമായ കാര്യമാണ്. മാതാപിതാക്കളുടെ വഴി പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരപുത്രനും താരപുത്രികളും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്. പ്രണവിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് താരപുത്രി തുടക്കം കുറിച്ചത്. മലയാളത്തില്‍ അരങ്ങേറാന്‍ ആഗ്രഹമുണ്ടെന്നും അച്ഛന്റെ ചിത്രത്തിലൂടെ അത് സാധിക്കുമെന്നും താരപുത്രി പറഞ്ഞിരുന്നു. പ്രണവും കല്യാണിയും മാത്രമല്ല കീര്‍ത്തിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലൂടെയാണ് താരപുത്രി സിനിമയില്‍ അരങ്ങേറിയത്. ഇടവേളയ്ക്ക് ശേഷം കീര്‍ത്തി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്.


Click it and Unblock the Notifications