ഒടിയന്‍ റിലീസ് ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവും, മോഹന്‍ലാല്‍ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പില്‍?
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നീരാളിയെത്തിയപ്പോള്‍ ഇനിയങ്ങോട്ട് ബോക്‌സോഫീസ് ഏട്ടനൊപ്പമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ സര്‍പ്രൈസായി പ്രഖ്യാപിച്ച നീരാളിയാവട്ടെ റിലീസിലും നേരത്തെയെത്തിയിരുന്നു.
ഒടിയന്‍, കായകുളം കൊച്ചുണ്ണി, ഡ്രാമ, ലൂസിഫര്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ളത്്. ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒരുമിച്ചെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രകാശ് രാജ്, നരേന്‍, മഞ്ജു വാര്യര്‍ തുടങ്ങി വന്‍താരനിതയാണ് ഒടിയനില്‍ അണിനിരന്നത്. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനെ കാണാനുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ആരാധകരെത്തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

റിലീസിനൊപ്പം മറ്റൊരു സര്‍പ്രൈസ്
ഒടിയന്‍ റിലീസിനെടിയില്‍ മറ്റൊരു സര്‍പ്രൈസ് കൂടി അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ സംഭവം വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് നാളുകളായി കാത്തിരിക്കുന്ന രണ്ട് കാര്യങ്ങളായിരിക്കും ഈ ദിനത്തില്‍ അരങ്ങേറാന്‍ പോവുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്തിമ സ്ഥിരീകരണം ഇതുവരേയും ലഭിച്ചിട്ടില്ല. റിലീസ് ദിനത്തില്‍ അടുത്ത ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണാം.

രണ്ടാമൂഴത്തിന്റെ ഔദ്യോഗിക പ്രഖാപനം
മോഹന്‍ലാല്‍- വിഎ ശ്രീകുമാര്‍ മേനോന്‍- എംടി വാസുദേവന്‍ കൂട്ടുകെട്ടില്‍ പുറങ്ങിറങ്ങുന്ന സിനിമയായ രണ്ടാമൂഴത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒടിയന്‍ റിലീസ് ദിനത്തില്‍ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആയിരം കോടി ബഡ്ജറ്റിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതായി എംടി വാസുദേവന്‍ നായര്‍ അറിയിച്ചിരുന്നു. രണ്ടാമൂഴത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളെല്ലാം താരനിര്‍ണ്ണയവും, ഷൂട്ടിങ്ങും, ടെകനിക്കല്‍ ടീമുമുള്‍പ്പടെ എല്ലാ കാര്യങ്ങളും അന്ന് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ലൂസിഫര്‍ പുരോഗമിക്കുന്നു
മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ ലൂസിഫറിന്റെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൊക്കേഷനിടയിലെ വീഡിയോയും മോഹന്‍ലാലിന്റെ ലുക്കും ഇതിനോടകം തന്നെ വൈറലായിരുന്നു. പതിവിന് വിപരീതമായി ക്യാമറയ്ക്ക് പിന്നില്‍ വെച്ചാണ് ഇത്തവണ പൃഥ്വി മോഹന്‍ലാലിനൊപ്പം ചേര്‍ന്നിട്ടുള്ളത്. അഭിനേതാവായി തുടരുമ്പോഴും സംവിധാനമെന്ന മോഹത്തില്‍ താരം ഉറച്ചുനിന്നിരുന്നു. മറ്റ് ചിത്രങ്ങള്‍ക്ക് താല്‍ക്കാലികമായി ഇടവേള നല്‍കിയതിന് ശേഷമാണ് സംവിധാകനായി യുവതാരമെത്തിയത്. ലൂസിഫറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് പുതിയ ബ്ലോഗുമായി താരം എത്തിയിരുന്നു.

കൈയ്യിലുള്ളതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍
മലയാള സിനിമ ഒന്നടങ്കം ഉറ്റുനോക്കുന്ന നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കായംകുളം കൊച്ചുണ്ണിയും ഒടിയനും ചിത്രീകരണം പൂര്‍ത്തിയാക്കി അവസാന ഘട്ട മിനുക്ക് പണികളെല്ലാം പൂര്‍ത്തിയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണവും രണ്ടാമൂഴത്തിന്റെ ചിത്രീകരണവുമൊക്കെയാണ് ഇനി വരാനിരിക്കുന്നത്.


Click it and Unblock the Notifications