പുതിയ സിനിമകൾക്ക് ഒപ്പു വെക്കുന്നില്ല; അമ്മയാവാനൊരുങ്ങി നയൻതാര? ഇടവേളയിലേക്കെന്ന് റിപ്പോർട്ട്
തെന്നിന്ത്യയിലെ താര റാണിയാണ് നയൻതാര. രണ്ട് പതിറ്റാണ്ടിനോടടുക്കുന്ന കരിയറിൽ ഒട്ടനവധി നേട്ടങ്ങളാണ് നയൻതാര സ്വന്തമാക്കിയത്. തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായിക നടി, ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നടി, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് മൂല്യം നൽകാൻ കഴിയുന്ന നടി തുടങ്ങി നിരവധി ഖ്യാതികളാണ് നയൻതാരയ്ക്കുള്ളത്. 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര സിനിമാ അഭിനയ രംഗത്തേക്ക് കടക്കുന്നത്.
പിന്നീട് നാട്ടുരാജാവ്, രാപ്പകൽ, വിസ്മയത്തുമ്പത്ത് തുടങ്ങി ഒരുപിടി സിനിമകളിൽ അഭിനയിച്ച നയൻസ് പെട്ടെന്ന് തന്നെ തമിഴിലേക്ക് ചുവട് മാറി. തമിഴ്, തെലുങ്ക് സിനിമകളിൽ ഗ്ലാമറസ് ആയ നായിക ആയി നയൻതാര നിറഞ്ഞു നിന്നു. ഇക്കാലത്ത് നയൻതാരയ്ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉയർന്നിരുന്നു.

വിവാദങ്ങളിൽ തുടരെ അകപ്പെട്ട നയൻസിന്റെ ജീവിതത്തിൽ 2011 ഓടെ ചില തിരിച്ചടികൾ ഉണ്ടായി. സിനിമകളിൽ നിന്നും മാറി നിന്ന നടി രാജാ റാണി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി. പിന്നീട് മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി ഹിറ്റുകളുടെ ഒരു വൻനിര തന്നെ നയൻതാര സമ്മാനിച്ചു.
ഇതോടെ തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി നയൻസ് മാറി. തെലുങ്കിൽ റിലീസ് ചെയ്ത ഗോഡ്ഫാദർ ആണ് നയൻതാരയുടെ ഏറ്റവും പുതിയ സിനിമ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണിത്. ലൂസിഫറിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് തെലുങ്കിൽ നയൻതാര ചെയ്യുന്നത്. വൻ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സിനിമ.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാര വിവാഹം കഴിച്ചത്. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നടി ജീവിത പങ്കാളി ആക്കിയത്. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു ഇദ്ദേഹം.
നയൻതാരയെ സംബന്ധിച്ച് കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ച സിനിമ ആയിരുന്നു ഇത്.
മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായാണ് നയൻതാര-വിഘനേശ് ശിവൻ വിവാഹം നടന്നത്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്തു വരുന്നത്.

വിവാഹ ശേഷം സിനിമകളിലുടെ തിരക്കുകളിലേക്ക് നീങ്ങിയ നയൻസ് ഇനി ഒരു ഇടവേള എടുക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അമ്മയാവാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നടിയുടെ തീരുമാനമെന്നും പുതിയ സിനിമകൾക്കൊന്നും നടി ഒപ്പു വെച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച് രണ്ട് പേരും ഔദ്യോഗിക അറിയിപ്പുകളൊന്നും നടത്തിയിട്ടില്ല.

നേരത്തെ വാടക ഗർഭപാത്രത്തിലൂടെ നയനും വിഘ്നേശും കുഞ്ഞിനെ സ്വീകരിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോഴും താരദമ്പതികൾ പ്രതികരിച്ചിട്ടില്ല. 37 കാരിയായ നയൻതാര നിലവിൽ സിനിമകളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാൻ, മലയാളത്തിൽ പൃഥിരാജിനൊപ്പം എത്തുന്ന ഗോൾഡ് എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.


Click it and Unblock the Notifications