കയ്യെത്തും ദൂരത്ത് നിന്ന് നഷ്ടപ്പെട്ടു, വില്ലനായത് ജാതകം? അനുഷ്ക ഷെട്ടിക്കും പ്രഭാസിനുമിടയിൽ സംഭവിച്ചത്
തെലുങ്ക് സിനിമാ ലോകത്ത് ഇനി എത്ര താരജോഡികൾ വന്നാലും പ്രഭാസ്-അനുഷ്ക ഷെട്ടി ഓൺസ്ക്രീൻ കെമിസ്ട്രിയുടെ പ്രഭ കുറയാതെ നിലനിൽക്കും. അത്രമാത്രം ജനപ്രീതി നേടിയ താരജോഡികളാണിവർ. പ്രഭാസിനൊപ്പം നിരവധി നായിക നടിമാർ അഭിനയിച്ചിട്ടുണ്ട്. ബാഹുബലി ഹിറ്റായ ശേഷം ബോളിവുഡിലെ മുൻനിര നായിക നടിമാർ വരെ പ്രഭാസിനൊപ്പം അഭിനയിച്ചു. എന്നാൽ ഇവർക്കാർക്കൊപ്പവും അനുഷ്കയുടെ അത്ര ചേർച്ച ആരാധകർക്ക് തോന്നിയിട്ടില്ല. മിർച്ചി, ബില്ല, ബാഹുബലി എന്നിവയാണ് പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ.
ബാഹുബലിയുടെ വിജയത്തോടെ ഇരുവരും പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടി. അക്കാലത്ത് ഇരുവരും പ്രണയത്തിലാണെന്ന് പരക്കെ ഗോസിപ്പും വന്നിരുന്നു. പ്രഭാസുമായി അടുത്ത സൗഹൃദം അനുഷ്കയ്ക്കുണ്ട്. ഗോസിപ്പുൾ രണ്ട് പേരും തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ ആരാധകർ ഇന്നും വിശ്വസിക്കുന്നത് ഇവർ പ്രണയത്തിലായിരുന്നു എന്നാണ്.

പ്രായം നാൽപത് പിന്നിട്ട അനുഷ്കയും പ്രഭാസും ഇന്നും അവിവാഹിതരായി തുടരുകയാണ്. ടോളിവുഡ് മീഡിയകളിലെ റിപ്പോർട്ടുകൾ പ്രകാരം അനുഷ്കയും പ്രഭാസും ഒരുമിക്കണമെന്ന് ഇരുവരുടെ കുടുംബങ്ങളും ആഗ്രഹിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം ഇവരുടെ ഒരുമിക്കലിന് തടസമായത് ജാതകമാണ്. ജാതകം ചേരാതായതോടെ ഇത് ബഹുമാനിച്ച് കൊണ്ട് ഒന്നിക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചെന്നാണ് അഭ്യൂഹം. പ്രഭാസോ അനുഷ്ക ഷെട്ടിയോ ഇതേക്കുറിച്ച് ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം അനുഷ്ക ഷെട്ടിക്കും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
പ്രഭാസ് ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ താരമായപ്പോൾ അനുഷ്ക ഷെട്ടി കുറച്ച് സിനിമകൾ കൂടി ചെയ്ത് ഇടവേളയെടുത്തു. വ്യക്തി ജീവിതത്തിലേക്ക് സമയം നൽകാൻ വേണ്ടിയായിരുന്നു ഈ ഇടവേളയെന്നാണ് അനുഷ്ക പറഞ്ഞിട്ടുള്ളത്. ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് അനുഷ്ക. ഗാഡിയാണ് റിലീസ് ചെയ്യാനുള്ള സിനിമ. 43 കാരിയാണ് അനുഷ്ക ഷെട്ടി. നടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച കത്തനാർ എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ.

ജൂലെെ 11 നാണ് ഗാഡി റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീട്ടി വെച്ചു. മറുവശത്ത് പ്രഭാസ് കൽക്കി 2898 എഡി എന്ന നാഗ് അശ്വിൻ ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദ രാജ സാബ് ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. സ്പിരിറ്റ്, കൽക്കിയുടെ രണ്ടാം ഭാഗം എന്നിവയും പ്രഭാസിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളാണ്.
45 കാരനാണ് പ്രഭാസ്. നടൻ വിവാഹിതനാകാത്തത് ടോളിവുഡിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. ഇതേക്കുറിച്ചുള്ള മീഡിയകളുടെ ചോദ്യത്തിൽ നിന്നും പ്രഭാസ് ഒഴിഞ്ഞ് മാറാറാണ് പതിവ്. ബാഹുബലിയിൽ അഭിനയിക്കുന്ന സമയത്ത് ഷൂട്ടിംഗ് തിരക്കും ഈ പ്രൊജക്ടിന് മാറ്റി വെക്കേണ്ട സമയവും ചൂണ്ടിക്കാണിച്ചാണ് പ്രഭാസ് വിവാഹാലോചനകളിൽ നിന്നും മാറി നിന്നത്. എന്നാൽ ബാഹുബലി കഴിഞ്ഞ ശേഷം അമ്മ തന്നോട് വീണ്ടും വിവാഹത്തെക്കുറിച്ച് ചോദിക്കാൻ തുടങ്ങിയെന്ന് പ്രഭാസ് ഒരിക്കൽ പറയുകയുണ്ടായി.
വിവാഹത്തോട് നടൻ മുഖം തിരിക്കുന്നതിൽ കുടുംബത്തിനും ആശങ്കയുണ്ടെന്നാണ് ടോളിവുഡിലെ സംസാരം. അനുഷ്ക ഷെട്ടിയും വിവാഹത്തെക്കുറിച്ചുള്ള മീഡിയകളുടെ ചോദ്യങ്ങൾ അവഗണിക്കാറുണ്ട്. അനുഷ്കയെ മാധ്യമങ്ങൾക്ക് മുമ്പിൽ കണ്ടിട്ട് ഏറെക്കാലമായി. ഇടവേളയ്ക്ക് ശേഷം സിനിമകൾ ചെയ്തെങ്കിലും പൊതുവേദികളിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ഷെട്ടി. അവസാന റിലീസ് ചെയ്ത മിസിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി എന്ന സിനിമയുടെ പ്രൊമോഷനിൽ നിന്നും അനുഷ്ക ഷെട്ടി മാറി നിൽക്കുകയാണുണ്ടായത്.


Click it and Unblock the Notifications











