ഞങ്ങളുടെ റിലേഷന് വേണ്ടി സുപ്രിയ എല്ലാം ഉപേക്ഷിച്ചു! അവള്‍ ഇല്ലായിരുന്നെങ്കില്‍ കടത്തില്‍ ആയേനെ; പൃഥ്വിരാജ്
ഇന്ത്യന്‍ സിനിമാലോകം കാണാന്‍ പോകുന്ന മറ്റൊരു വിസ്മയത്തിന് വേണ്ടി ഒരുങ്ങുകയാണ് മലയാള സിനിമ. ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനെത്തിക്കുകയാണ്. പല ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്ത് എത്തിക്കുന്നതിനാല്‍ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളിപ്പോള്‍. ഇതിനിടെ ഭാര്യ സുപ്രിയയെ കുറിച്ച് പൃഥ്വി പങ്കുവെച്ച ചില കാര്യങ്ങള്‍ കൂടി വൈറലാവുകയാണിപ്പോള്‍.
പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് കൂടിയാണ് സുപ്രിയ. എന്നാല്‍ വലിയൊരു മാധ്യമപ്രവര്‍ത്തകയായി കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സുപ്രിയ വിവാഹിതയാവുന്നത്. സാധാരണ സ്ത്രീകളെ പോലെ കരിയറിനെക്കാളും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നതിന് വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചെന്നാണ് തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭാര്യയെ കുറിച്ച് പൃഥ്വി വാചാലനായത്.

സുപ്രിയ ഇല്ലായിരുന്നെങ്കില്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസായ പൃഥ്വിരാജ് പ്രൊഡക്ഷന് നിലനില്‍പ്പ് ഉണ്ടാവുമായിരുന്നില്ല എന്നാണ് പൃഥ്വി പറയുന്നത്. സുപ്രിയ എക്‌സ്ട്രീമിലി സക്‌സസ്ഫുള്‍ സെല്‍ഫ്‌മേഡ് പ്രൊഫഷണലാണ്. അവളുടെ കരിയറിന്റെ ഏറ്റവും ഉയരങ്ങള്‍ കീഴടക്കിയ ആളുമായിരുന്നു. എന്നാല്‍ എനിക്കും ഞങ്ങളുടെ റിലേഷന്‍ഷിപ്പിനും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി സുപ്രിയ എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറായി. ഞങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെങ്കില്‍ എങ്ങനെയായിരിക്കണമെന്നും അവള്‍ തീരുമാനിച്ചു. മാത്രമല്ല അതിന്റെ ഉത്തരവാദിത്തം അവള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.
ഇതിനൊപ്പമാണ് ഞാന്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് കൂടി ലോഞ്ച് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഞാന്‍ ചെയ്യുന്നതിനെക്കാളും നന്നായി കമ്പനിയുടെ കാര്യങ്ങള്‍ നോക്കാന്‍ സാധിക്കുന്നത് സുപ്രിയയ്ക്കാണ്. അവള്‍ അല്ലാതെ മറ്റാര്‍ക്കും ആ കമ്പനിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. കമ്പനിയുടെ ക്രിയേറ്റീവ് സൈഡ് മാത്രമേ ഞാന്‍ നോക്കാറുള്ളു. ബാക്കി മൊത്തം ആത്മാവും ജീവനുമൊക്കെ സുപ്രിയയാണ്.

ഞാനാണ് ഈ ലോകത്തിലെ ഏറ്റവും മോശം നിര്‍മാതാവെന്ന് സുപ്രിയ എന്നോട് ഇടയ്ക്കിടെ പറയാറുണ്ട്. കാരണം ഒത്തിരി പൈസ അതിലേക്ക് ഇടുമെന്നല്ലാതെ അതിനുള്ള വാല്യൂ ലഭിക്കുന്നുണ്ടോന്ന് പോലും ഞാന്‍ നോക്കില്ല. മാത്രമല്ല ചെലവിന്റെ കാര്യത്തിലും എനിക്ക് നിയന്ത്രണമില്ല. സുപ്രിയ ഉള്ളത് കൊണ്ട് കാര്യങ്ങളൊക്കെ കൃത്യമായി പോവുന്നു. അത് തന്നെ വലിയ കാര്യമാണ്. ഇനി അവള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ പൃഥ്വിരാജ് പ്രൊഡക്ഷന്‍ ബാങ്കിന്റെ കടക്കെണിയില്‍ ഇരിക്കുമായിരുന്നു. ഭാഗ്യത്തിന് ഇപ്പോള്‍ നല്ല രീതിയിലാണ് തങ്ങളുടെ കമ്പനി മുന്നോട്ട് പോകുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു...
2019 ലായിരുന്നു പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. പൃഥ്വി തന്നെ നായകനായിട്ടെത്തിയ 9 എന്ന സിനിമയായിരുന്നു ആദ്യ നിര്‍മാണസംരംഭം. പിന്നീട് തമിഴിലെ പേട്ട, ബിഗില്‍ തുടങ്ങിയ സിനിമകള്‍ വിതരണത്തിന് എത്തിച്ചും മലയാളത്തില്‍ നിരവധി സിനിമകള്‍ നിര്‍മ്മിച്ചും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഉയരങ്ങളിലേക്ക് എത്തി. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ സുപ്രിയയും പൃഥ്വിയും നിര്‍മ്മിച്ച സിനിമ.
2011 ലാണ് പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരാവുന്നത്. ആ സമയത്ത് ബിബിസിയിലെ മുതിർന്ന മാധ്യമപ്രവർത്തകയായി സുപ്രിയ ജോലി ചെയ്യുകയായിരുന്നു. പൃഥ്വി സിനിമയുമായി ബന്ധപ്പെട്ട് തിരക്കുകളിലായതോടെ ഒരുമിച്ച് നിൽക്കാനുള്ള സാഹചര്യം ഇല്ലാതെയായി. ഇതോടെയാണ് സുപ്രിയ ജോലി അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്. പിന്നീട് മകൾ അലംകൃതയ്ക്ക് ജന്മം കൊടുത്തതോടെ കരിയറിൽ നിന്നും പൂർണമായി മാറി നിൽക്കാൻ തീരുമാനിച്ചു.


Click it and Unblock the Notifications











