പറ്റില്ലെങ്കില്‍ പണം തിരിച്ചുതന്നേക്കൂ! തൃഷയ്‌ക്കെതിരെ നിര്‍മ്മാതാവ്! പ്രമോഷനോട് മുഖം തിരിച്ച് താരം
തമിഴകത്തിന്റെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് തൃഷ. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളത്. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ സ്വന്തമായ നിലപാടുണ്ട് ഈ താരത്തിന്. തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലെന്ന് മനസ്സിലാക്കിയതിന് ശേഷം അവസരം നിരസിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പുതിയ സിനിമയായ പരമപാഥം വിളയാട്ടിന്റെ നിര്‍മ്മാതാവ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. താരം പ്രമോഷനില്‍ പങ്കെടുക്കാതിരുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തിട്ടുള്ളത്. പ്രമോഷനില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തിരികെ നല്‍കണമെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി 28നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.
റിലീസിന് മുന്നോടിയായി പ്രമോഷന്‍ പരിപാടികള്‍ സജീവമായി നടക്കുകയാണ്. നായികയായ തൃഷ എത്താതിരുന്നതാണ് നിര്‍മ്മാതാവിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് സിനിമയുടെ പ്രീ റിലീസ് നടത്തിയിരുന്നു. ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നില്ല. റിലീസിനിടയിലെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്നും ഒരു വിഹിതം തിരികെ നല്‍കണമെന്നും നിര്‍മ്മാതാവ് പറയുന്നു. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഈ സംഭവം ഒരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറയുന്നു. പ്രമോഷനില്‍ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നയന്‍താരയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

നായകനില്ലാതെ തൃഷയെ കേന്ദ്രകഥാപാത്രമാക്കി സിനിമയൊരുക്കിയത് യുവസംവിധായകനായ തിരുജ്ഞാനത്തോടുള്ള വിശ്വാസം കൊണ്ടാണെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ഇത്തരത്തിലൊരു പരീക്ഷണത്തിന് താന്‍ തയ്യാറായപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ താരം വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. വരുംദിവസങ്ങളിലെ പ്രമോഷനിലും പങ്കെടുക്കുന്നില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തക്കുറിച്ച് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











