'ഭാര്യയേയും കുഞ്ഞിനേയും പരിപാലിക്കണം, ഇനിയുള്ള കുറച്ച് മാസം അവർക്ക് വേണ്ടി'; പുതിയ തീരുമാനവുമായി രാം ചരൺ തേജ?
ചിരഞ്ജീവിയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വൈകാതെ എത്തും. നടൻ രാം ചരൺ തേജയ്ക്കും ഭാര്യ ഉപാസനയ്ക്കും കുറച്ച് ദിവസങ്ങൾക്കകം കുഞ്ഞ് പിറക്കും. ചിരഞ്ജീവി കുടുംബത്തിന്റെ അനന്തരാവകാശിയെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും.
ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിലാണ് രാം ചരൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രത്തിന്റെ ഷൂട്ടിങിൽ നിന്ന് രാം ചരൺ ഇടവേള എടുത്തിരിക്കുകയാണ്.
കുറച്ച് ദിവസത്തേക്ക് കൂടി താരം സിനിമാ ഷൂട്ടിങ് അടക്കമുള്ള തിരക്കുകളിൽ നിന്നും വിട്ടുനിൽക്കാനാണ് സാധ്യത. ആഗസ്റ്റ് മാസം വരെ രാം ചരൺ ഷൂട്ടിങുകളിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് ഉപാസനയ്ക്കും രാം ചരണിനും കുഞ്ഞ് പിറക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ തന്റെ ഇനിയുള്ള മുഴുവൻ സമയവും ഭാര്യയ്ക്കും പിറക്കാൻ പോകുന്ന കുഞ്ഞിനും വേണ്ടി മാറ്റിവെക്കാൻ നടൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

ഉപാസനയ്ക്ക് ഇത് എട്ടാം മാസമാണ്. ജൂലൈയിലായിരിക്കും പ്രസവം. ഇനിയുള്ള ഓരോ സമയവും ഭാര്യയ്ക്കൊപ്പം ഉണ്ടായിരിക്കണമെന്ന് നടന് ആഗ്രഹമുള്ളതായും തെലുങ്ക് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രീകരണം ഏറെക്കുറെ പൂർത്തിയായ ഗെയിം ചെയ്ഞ്ചറിന്റെ അവശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിങ് ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കിയാര അധ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആർസി 15 എന്നായിരുന്നു ഈ ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരുന്നത്. ശേഷം അടുത്തിടെയാണ് ഗെയിം ചെയ്ഞ്ചർ എന്ന പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ആയിരിക്കും ഗെയിം ചെയ്ഞ്ചർ എന്നാണ് സൂചന.
അതേസമയം കഴിഞ്ഞ ദിവസമാണ് രാംചരണും ഉപാസനയും പതിനൊന്നാം വിവാഹവാർഷികം ആഘോഷിച്ചത്. 'നിങ്ങള്‍ രണ്ടുപേരും ഒരു ദശാബ്ദക്കാലം പഠിച്ചു.... ചിരിച്ചു.... സ്‌നേഹിച്ചു.... ചിലപ്പോള്‍ വഴക്കിട്ടു... സമന്വയം നേടുകയും ഒരുമിച്ച് വളരുകയും ചെയ്തു. നിങ്ങളുടെ യാത്ര കൂടുതല്‍ ഗംഭീരമാകട്ടെയെന്ന് ആശംസിക്കുന്നു. എന്റെ പ്രിയപ്പെട്ടവർക്ക് ആശംസകള്‍....', എന്നാണ് വിവാഹ വാർഷിക ദിനത്തിൽ ഇരുവർക്കും ആശംസകൾ നേർന്ന് ഉപാസനയുടെ അമ്മ സോഷ്യൽമീഡിയയിൽ കുറിച്ചത്.
2012 ജൂണ്‍ 14 നായിരുന്നു രാംചരണും ഉപാസനയും വിവാഹിതരായത്. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ് സംരംഭക കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മനോഹരമായൊരു പ്രണയ ചിത്രം വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ചിരുന്നു.

കുഞ്ഞുങ്ങളുണ്ടാകാത്തതിന്റെ പേരിൽ വളരെ അധികം പരിഹാസങ്ങൾ കേൾക്കേണ്ടി വന്ന ദമ്പതികൾ കൂടിയാണ് ഇരുവരും. എന്നാല്‍ ഇരുവരും വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അണ്ഡം ശീതീകരിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉപാസന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് താനും രാം ചരണും തീരുമാനിച്ചിരുന്നതായും ഉപാസന പറഞ്ഞിരുന്നു.
'ഞാനും റാമും അണ്ഡം ശീതീകരിക്കുക എന്ന തീരുമാനം നേരത്തെ തന്നെ എടുത്തതാണ്. വിവാഹത്തിന്റെ തുടക്കത്തില്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ഇരുവരും ശ്രമിച്ചത്. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങള്‍ സുരക്ഷിതരാണ്. ഒരു കുട്ടിയെ പരിപാലിക്കാനും ആ കുഞ്ഞിന് സുരക്ഷിതമായ ഭാവി നല്‍കാനും ഞങ്ങള്‍ പ്രാപ്തരാണ്', എന്നാണ് കുഞ്ഞുണ്ടാകാൻ വൈകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉപാസന പറഞ്ഞത് ഇങ്ങനെയാണ്. കോളേജ് കാലം മുതലുള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി ഇരുവരുടെയും വിവാഹത്തിൽ കലാശിച്ചത്.


Click it and Unblock the Notifications











