രണ്ടാമൂഴത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍? ആകാംക്ഷയേറുന്നു!
Recommended Video

പിറന്നാള്‍ ദിനത്തില്‍ താരങ്ങള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത് സ്ഥിരം സംഭവമാണ്. ആരാധകരുടെ നേതൃത്വത്തില്‍ താരങ്ങളുടെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടാറുണ്ട്. ലൊക്കേഷനില്‍ വെച്ച് താരങ്ങള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവരാറുണ്ട്. ആരാധകരാവട്ടെ ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നറിയാനായി കാത്തിരിക്കാറുമുണ്ട്. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്നൊരു ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനമാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ നടക്കാന്‍ പോവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ഒടിയനായും നീരാളിയായും മാത്രമല്ല ഭീമനായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അതേ നീണ്ട ഇടവേളയ്ക്ക് ശേഷം എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് രണ്ടാമൂഴം. ഒടിയന്‍ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രവുമായി എത്തുന്നത്. 1000 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വ്യവസായ പ്രമുഖനായ ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയന്‍ പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസുകള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിനായി നാളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ആഘോഷത്തിനെക്കുറിച്ചല്ല ഇത്തവണ ചര്‍ച്ച ചെയ്യുന്നത്. മറിച്ച് അന്നത്തെ ദിവസം പുറത്തുവരുന്ന സര്‍പ്രൈസുകളെക്കുറിച്ചാണ്. സംവിധായകരും അണിയറപ്രവര്‍ത്തകരുമെല്ലാം ഈ ദിനത്തിലെ സര്‍പ്രൈസുകള്‍ക്ക് പിന്നാലെയാണ്. മലയാള സിനിമയെ സംബന്ധിച്ച് സുപ്രധാനമായൊരു ദിനമായിരിക്കും ഇതെന്ന് പ്രക്യേകിച്ച് പറയേണ്ടതില്ലല്ലോ?

നീരാളിയുടെ ട്രെയിലര്‍
മോഹന്‍ലാലിന്റെതായി തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുന്ന നീരാളിയുടെ ട്രെയിലര്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടക്കം മുതലെ സസ്‌പെന്‍സ് നിലനിര്‍ത്തി വരുന്ന സംഘം സര്‍പ്രൈസായാണ് മോഷന്‍ പോസ്റ്ററും ടീസറുമൊക്കെ പുറത്തുവിട്ടത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവും മോഹന്‍ലാലും ഈ സിനിമയിലൂടെ ഒരുമിച്ചെത്തുകയാണ്.

രണ്ടാമൂഴത്തിനെക്കുറിച്ച്
വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് രണ്ടാമൂഴം. മലയാളത്തില്‍ രണ്ടാമൂഴമെന്നും അന്യഭാഷകളില്‍ മഹാഭാരതമെന്നും പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം അന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ഇത്തരത്തിലൊരു സംഭവം പ്രചരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിക്കാത്തതും ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

ഔദ്യോഗിക പ്രഖ്യാപനവും ടൈറ്റില്‍ ലോഞ്ചും?
രണ്ടാമൂഴത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ടൈറ്റില്‍ ലോഞ്ചും നടത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നും പ്രചരിക്കുന്നുണ്ട്. എന്തായാലും സിനിമാപ്രേമികളെ ഒന്നടങ്കം ത്രസിപ്പിക്കുന്ന കാര്യമായിരിക്കും ഇതെന്നുറപ്പിക്കാം. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലായിരിക്കും ചിത്രത്തിന്റെ മേക്കിങെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

വന്‍താരനിര അണിനിരക്കും
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 1000 കോടിയാണ് ചിത്രത്തിനായി ചെലവഴിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് സിനിമകളിലെ മുന്‍നിര താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ചിത്രത്തിനായി അണിനിരക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നാഗാര്‍ജ്ജുന, മഹേഷ് ബാബു, അജയ് ദേവ്ഗണ്‍, ജാക്കിച്ചാന്‍ തുടങ്ങിയവരെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്നു
മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ചിത്രമൊരുക്കുന്നുണ്ട്. മഹാഭാരതമെന്ന പേരാണ് അന്യഭാഷകളില്‍ ഉപയോഗിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ചിത്രമൊരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ആധ്യ ഭാഗം റിലീസ് ചെയ്ത് മൂന്നുമാസത്തിന് ശേഷം അടുത്ത ഭാഗമൊരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications











