»   » സത്യന്‍ അന്തിക്കാടിനെ കരയിപ്പിച്ച് ദുല്‍ഖറിന്റെ പ്രകടനം

സത്യന്‍ അന്തിക്കാടിനെ കരയിപ്പിച്ച് ദുല്‍ഖറിന്റെ പ്രകടനം

Posted By: Nihara
Subscribe to Filmibeat Malayalam

ക്യാമറയ്ക്ക് മുന്നിലെ അഭിനേതാക്കളുടെ പ്രകടനം കണ്ട് സംവിധായകര്‍ വികാരഭരിതരാവാറുണ്ട് പലപ്പോഴും. ചിലപ്പോള്‍ കട്ട് പോലും പറയാന്‍ മറന്നുപോവാറുണ്ട്. കഥാപാത്രത്തെ ഉള്ളിലേക്ക് സന്നിവേശിപ്പിച്ച് കഴിവിന്റെ പരമാവധി അഭിനയം പുറത്തെടുക്കുന്ന അഭിനേതാക്കളുടെ പ്രകടനം തിരശ്ശീലയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും ചില നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ടിപി ബാലഗോപാല്‍ എംഎ യുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയം. സത്യന്‍ അന്തിക്കാട് കട്ട് പറയാന്‍ മറന്ന് പോയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സഹോദരിയോടുള്ള വൈകാരിക പ്രതികരണം ചിത്രീകരിക്കുന്നതിനിടെയാണ് സത്യന്‍ അന്തിക്കാട് വികാരഭരിതനായി കട്ട് പറയാന്‍ മറന്നത്. സിനിമാ ചിത്രീകരണത്തിനിടയില്‍ വികാരഭരിതനായി കട്ട് പറയാന്‍ മറന്ന നിരവധി അനുഭവങ്ങള്‍ സത്യന്‍ അന്തിക്കാടിനുണ്ട്. സമീപകാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ജോമോന്റെ സുവിശേഷങ്ങളുടെ ഷൂട്ടിങ്ങിനിടയിലും ഇത്തരമൊരനുഭവം ഉണ്ടായെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

കണ്ണ് നിറയിച്ച് ജോമോന്റെ പ്രകടനം

ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ജോമോനെ സഹോദരന്‍മാര്‍ വിചാരണ ചെയ്യുന്ന രംഗത്തില്‍ ജോമോന്റെ പ്രകടനം കണ്ടപ്പോഴാണ് സംവിധായകന്റെ കണ്ണ് നിറഞ്ഞത്. ചിത്രത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സീനാണ് അത്. ഷൂട്ടിനിടയില്‍ കട്ട് പറയാന്‍ വൈകിയിരുന്നു. ദുല്‍ഖറിന്റെ പ്രകടനം കണ്ട് നിന്നവരുടെ കണ്ണുകള്‍ പോലും നനയിച്ചു. ക്യാമറാമാന്‍ എസ് കുമാറടക്കമുള്ളവരുടെ കണ്ണ് നിറഞ്ഞിരുന്നു.

ദുല്‍ഖറിലെ അഭിനേതാവ്

ചുറ്റുമുള്ളതെല്ലാം മറന്ന് അഭിനേതാവ് കഥാപാത്രത്തോട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവരുടെ കണ്ണ് നനയിക്കും. രാത്രി മുഴുവന്‍ ഇരുന്ന് ഡയലോഗ് കാണാതെ പഠിച്ചാണ് ദുല്‍ഖര്‍ സെറ്റിലെത്തുന്നത്. എല്ലാ ഭാവവും ചേര്‍ത്ത് രാത്രി പറഞ്ഞു പഠിക്കും. സെറ്റില്‍ വരുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ജോമോന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍

ജീവിതത്തിലെ പ്രതിസന്ധികളോട് പടപൊരുതിയാണ് ജോമോന്റെ പിതാവ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത്. വിന്‍സന്റിന്റെ അധ്വാന ഫലമായാണ് കുടുംബം ഉന്നത നിലയിലെത്തിയത്. ജോമോന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടില്‍ ജീവിതം ആഘോഷിച്ച് തീര്‍ക്കുന്ന യുവതലമുറയുടെ പ്രതിനിധിയാണ് ജോമോനും. ജീവിതത്തിന് യാതൊരു വിധ ഗൗരവവും കൊടുക്കാത്ത ജോമോന്റെ ലൈഫില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്.

മനോഹര ഈണങ്ങളുമായി വിദ്യാസാഗര്‍

വിദ്യാസാഗറാണ് ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അഭയ് ജോധ്പുര്‍കര്‍, മെറിന്‍ ഗ്രിഗ്രറി, ബല്‍റാം, സുജാത മോഹന്‍, നജീം അര്‍ഷാദ് എന്നിവരാണ് പാടിയിരിക്കുന്നത്.റഫീഖ് അഹമ്മദാണ് ഗാനരചന.

English summary
Dulquer Salman's acting made my eyes wet said by Sathyan Anthikkad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam