പതിനഞ്ച് വർഷത്തെ സൗഹൃദം, പന്ത്രണ്ട് വയസ് വ്യത്യാസം, ആര്യയ്ക്കും ഫഹദിനുമാകാമെങ്കിൽ വിശാലിനുമാകാമെന്ന് ആരാധകർ!
അടുത്തിടെയായി നിരന്തരം വാർത്തകളിൽ നിറയുന്ന തെന്നിന്ത്യൻ നടനാണ് വിശാൽ. മദഗദരാജയുടെ ഓഡിയോ ലോഞ്ചിന് കടുത്ത പനിയും വിറയ്ക്കുന്ന ശരീരവുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മുതലാണ് നടന്റെ വ്യക്തി ജീവിതവും സിനിമാ ജീവിതവും വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. അവശനായുള്ള നടന്റെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നപ്പോൾ താരം മാരക രോഗത്തിന് പിടിയാലാണെന്ന് വരെ പ്രചരിച്ചിരുന്നു.
എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് പനി മാറിയശേഷം ആരോഗ്യവാനായി തിരികെ എത്തി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ നടൻ വേദിയിൽ തലചുറ്റി വീണതും വൈറലായിരുന്നു. അമിതമായ ഉഷ്ണം മൂലം നടന് ക്ഷീണം അനുഭവപ്പെട്ടതാണെന്ന് പിന്നീട് താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോഴിതാ തമിഴ് സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലേഴ്സിൽ ഒരാളായ വിശാൽ വിവാഹിതനാകാൻ പോവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഇന്നലെയാണ് തന്റെ വിവാഹ വാർത്ത നടൻ തന്നെ സ്ഥിരീകരിച്ചത്. നടന്മാരും നടിമാരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും ഒരുമിച്ച് കുടുംബമായി ജീവിക്കുന്നതുമൊന്നും സിനിമാ മേഖലയിൽ പുതിയ കാര്യമൊന്നുമല്ല.
അജിത്-ശാലിനി, സൂര്യ-ജ്യോതിക, ആദി പിനിസെട്ടി-നിക്കി ഗൽറാണി, ആര്യ-സയേഷ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ ഒരുമിച്ച് പ്രവർത്തിച്ചശേഷം പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവരാണ്. ഇന്നലെ ചെന്നൈയിൽ നടന്ന ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രണയം വിശാലും ധൻഷികയും സ്ഥിരീകരിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ സായ് ധൻഷിക കഴിഞ്ഞ പതിനെട്ട് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. 2006ൽ മാനത്തോട് മഴൈകാലം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തഞ്ചാവൂരാണ് സ്വദേശം. 2006 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ നിരവധി സിനിമകൾ ചെയ്തുവെങ്കിലും 2009ൽ പുറത്തിറങ്ങിയ പെരാൺമയ് സിനിമയിൽ അഭിനയിച്ചശേഷമാണ് അഭിനേത്രി എന്ന നിലയിൽ നടിയെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്.
എസ്പി ജനനാതൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇതിനുശേഷം സായ് ധൻഷിക അരുൺ വിജയ്‌ക്കൊപ്പം മഞ്ഞവേൽ, വസന്ത ബാലന്റെ അരവാൺ, ബാലയുടെ പരദേശി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് രജിനികാന്തിന്റെ കബാലിയിൽ അഭിനയിച്ച ശേഷമാണ്.

മുടി ബോയ്കട്ട് ചെയ്ത് ബോൾഡ് ലുക്കിലാണ് കബാലിയിൽ ധൻഷിക അഭിനയിച്ചത്. രജിനികാന്തിന്റെ മകളുടെ വേഷമായിരുന്നു. അത് മനോഹരമായി കയ്യടക്കത്തോടെ നടി അവതരിപ്പിക്കുകയും ചെയ്തു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. സോളോയാണ് ധൻഷികയുടെ മലയാള സിനിമ. വിശാലുമായുള്ള നടിയുടെ വിവാഹ വാർത്ത പരന്നതോടെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
വിശാലും സായ് ധൻഷികയും തമ്മിൽ 15 വർഷത്തെ സൗഹൃദമുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം പ്രണയം സ്ഥിരീകരിച്ചയുടൻ ഇരുവരും വിവാഹ തീയതിയും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 ന് വിശാലിന്റെ ജന്മദിനത്തിലാണ് വിവാഹം നടക്കുക. നടികർ സംഘത്തിനായുള്ള ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയായ ശേഷം വിവാഹം കഴിക്കാനാണ് വിശാൽ തീരുമാനിച്ചിരുന്നത്.
അങ്ങനൊരു പ്രതിജ്ഞ രണ്ട് വർഷം മുമ്പ് നടൻ എടുക്കുകയും ചെയ്തിരുന്നു. ആ പ്രതിജ്ഞയൊന്നും താരം തെറ്റിക്കുന്നില്ല. നടികർ സംഘം ഓഫീസിന്റെ ഉദ്ഘാടനമായിരിക്കും ആഗസ്റ്റിൽ ആദ്യം നടക്കുക അത് കഴിഞ്ഞാലുടൻ വിശാലിന്റെ വിവാഹം നടക്കും. വിശാലിന് 47 വയസുണ്ട്. ധൻഷികയ്ക്ക് അദ്ദേഹത്തെക്കാൾ 12 വയസ് കുറവാണ്.
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചർച്ചയായപ്പോൾ ആര്യയ്ക്കും ഫഹദിനുമാകാമെങ്കിൽ വിശാലിനുമാകാമെന്ന് ആരാധകരുടെ കമന്റുകൾ. പങ്കാളികളുമായി പതിനഞ്ച് വയസിന്റെ വ്യത്യാസം ആര്യയ്ക്കും ഫഹദിനുമുണ്ട്. വലിയ പ്രായവ്യത്യാസത്തിൽ വിവാഹിതരായ വേറെയും താരദമ്പതികൾ ഇന്ത്യൻ സിനിമയിലുണ്ട്.


Click it and Unblock the Notifications











