അമ്മയ്ക്ക് നാല് വീടുണ്ട്, അച്ഛന്റെ ബന്ധങ്ങൾ അറിഞ്ഞിട്ടും പോയില്ല; അവരുടെ അറേഞ്ച്മെന്റ്: സൂരജ് പഞ്ചോളി
സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സറീന വഹാബ്. നടൻ ആദിത്യ പഞ്ചോളിയാണ് സറീനയുടെ ഭർത്താവ്. വിവാഹ ജീവിതത്തിൽ പല വിട്ടുവീഴ്ചകളും സറീന വഹാബിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദിത്യ പഞ്ചോളിയുടെ വിവാഹേതര ബന്ധങ്ങൾ ബോളിവുഡിൽ പരസ്യമായ രഹസ്യം പോലെയാണ്. സറീന വഹാബിനും ഇതേക്കുറിച്ച് അറിയാം. എന്നാൽ ഭർത്താവിനെ വിട്ട് പോകാതെ വിവാഹ ബന്ധത്തിൽ സറീന തുടർന്നു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാനും സറീന മടിച്ചിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായി.
ഭർത്താവിന്റെ മറ്റ് ബന്ധങ്ങൾ അറിഞ്ഞിട്ടും വിവാഹ ജീവിതത്തിൽ തുടർന്നതിനെക്കുറിച്ചാണ് സറീന വഹാബ് സംസാരിച്ചത്. ആദിത്യ പഞ്ചോളി വീടിന് പുറത്ത് എന്താണ് ചെയ്യുന്നതെന്ന് താൻ കാര്യമാക്കുന്നില്ലെന്നായിരുന്നു സറീനയുടെ പരാമർശം. അഭ്യൂഹങ്ങൾ വായിച്ചപ്പോൾ എനിക്കാദ്യം വിഷമം തോന്നുമായിരുന്നു. എന്നാൽ പിന്നീട് ഞാൻ ചിരിച്ചു. വീടിന് പുറത്ത് അദ്ദേഹം എന്ത് ചെയ്യുന്നെന്ന് ഞാൻ കാര്യമാക്കുന്നില്ല. വീട്ടിലേക്ക് കടന്ന് വരുമ്പോൾ അദ്ദേഹം നല്ല അച്ഛനും ഭർത്താവുമാണ്.

അത് മാത്രമാണ് എന്നെ ബാധിക്കുന്ന കാര്യം. വീട്ടിലേക്ക് അദ്ദേഹം ബന്ധം കൊണ്ട് വന്നിരുന്നെങ്കിൽ എനിക്ക് വിഷമം തോന്നുമായിരുന്നു. ആ കാര്യങ്ങളെല്ലാം ഗൗരവമായെടുത്ത് വഴക്കിട്ടിരുന്നെങ്കിൽ ഞാൻ വിഷമിക്കും. അത് തനിക്ക് വേണ്ടായിരുന്നെന്ന് സറീന വഹാബ് വ്യക്തമാക്കി. താൻ ദുഖിതയാണെന്ന് പലരും അനുമാനിച്ചെന്നും അത് തെറ്റാണെന്നും സറീന പറഞ്ഞു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പലരും സറീന വഹാബിനെ പരിഹസിച്ചു.
മറ്റൊരു വഴിയുമില്ലാത്തത് കൊണ്ട് വിവാഹബന്ധത്തിൽ തുടർന്നു എന്നായിരുന്നു പരിഹാസ കമന്റുകൾ. ഇപ്പോഴിതാ ഈ വാദത്തിനെതിരെ പ്രതികരിക്കുകയാണ് സറീന വഹാബിന്റെയും ആദിത്യ പഞ്ചോളിയുടെയും മകൻ സൂരജ് പഞ്ചോളി. അമ്മ അച്ഛനെ ആശ്രയിച്ച് കഴിയുന്ന ആളല്ലെന്നും എപ്പോൾ വേണമെങ്കിലും അമ്മയ്ക്ക് ബന്ധം ഉപേക്ഷിച്ച് പോകാമായിരുന്നു എന്നും സൂരജ് പഞ്ചോളി പുതിയ അഭിമുഖത്തിൽ പറയുന്നു.

അമ്മയാണ് കുടുംബത്തെ ഒന്നിപ്പിച്ച് നിർത്തുന്നത്. ഞങ്ങൾ കാരണം അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അമ്മയ്ക്ക് സ്വന്തമായി വരുമാനമുണ്ട്. അച്ഛനിൽ നിന്നും ഒരു രൂപ പോലും അമ്മ ഒരിക്കലും എടുത്തിട്ടില്ല. 16 വയസ് മുതൽ അഭിനയിക്കുന്നയാളാണ് അമ്മ. ഇപ്പോൾ 65 വയസായി. സ്വന്തമായി നാല് വീടുകളുണ്ട്. അമ്മയ്ക്ക് പോകണമായിരുന്നെങ്കിൽ മുമ്പേ ആകാമായിരുന്നു. ബാന്ദ്രയിൽ വീടുണ്ട്.
ബാന്ദ്രയിൽ തന്നെ അവരുടെ അമ്മയുടെ വീടുണ്ട്. നാല് സഹോദരിമാരുണ്ട്. ഒരാൾ അമേരിക്കയിലാണ്. നാല് സഹോദരൻമാരുണ്ട്. എപ്പോൾ വേണമെങ്കിലും പോകാമായിരുന്നു. പക്ഷെ പോകാതെ നിൽക്കുകയെന്നത് അമ്മയുടെ തീരുമാനമായിരുന്നു. മാതാപിതാക്കളുടെ ഈ അറേഞ്ച്മെന്റിനെ തനിക്ക് ജഡ്ജ് ചെയ്യാനാകില്ലെന്നും സൂരജ് പഞ്ചോളി വ്യക്തമാക്കി. അമ്മയുടെ കരിയറിൽ ഇടപെടാത്തതാണ് അച്ഛനിൽ കണ്ട ഏറ്റവും നല്ല ഗുണമെന്നും സൂരജ് പഞ്ചോളി പറഞ്ഞു.
പൂജ ബേഡി, കങ്കണ റണൗത്ത് എന്നിവരുമായുള്ള ആദിത്യ പഞ്ചോളിയുടെ ബന്ധം ഒരു കാലത്ത് ചർച്ചയായിരുന്നു. കങ്കണയുമായുണ്ടായ ബന്ധം പിന്നീട് വിവാദമായി. ആദിത്യ പഞ്ചോളി തന്നെ ഉപദ്രവിച്ചിരുന്നെന്ന് കങ്കണ റണൗത്ത് വെളിപ്പെടുത്തി. എന്നാൽ താനും കങ്കണയും ഭാര്യയെയും ഭർത്താവിനെയും പോലെയായിരുന്നെന്നും കങ്കണയ്ക്കൊപ്പം മൂന്ന് വർഷം ഒരുമിച്ച് താമസിച്ചതാണെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.


Click it and Unblock the Notifications











