അവസരം തട്ടിയെടുത്തു?, രജിനിക്ക് വേണ്ടി തയ്യാറാക്കിയത് ഇന്ന് വിജയിയുടെ പേരിൽ, വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത്!
വർഷങ്ങളായി തമിഴകത്ത് രജിനികാന്ത് ഫാൻസും വിജയ് ഫാൻസും തമ്മിലുള്ള ഫൈറ്റ് നടക്കുന്നുണ്ട്. മാത്രമല്ല വിജയിയും രജിനികാന്തും തമ്മിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ടെന്ന തരത്തിലും സംസാരങ്ങളുണ്ട്. ഈ വിഷയങ്ങളെല്ലാം അടുത്തിടെ ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിന് രജിനികാന്ത് നടത്തിയ പ്രസംഗത്തോടെ വീണ്ടും ആളിക്കത്തി. കാക്ക-പരുന്ത് പരാമർശം നടത്തിയായിരുന്നു ജയിലർ ഓഡിയോ ലോഞ്ചിൽ രജിനികാന്തിന്റെ പ്രസംഗം. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തുമെന്നും എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കുമെന്നുമായിരുന്നു രജിനികാന്ത് പറഞ്ഞത്.
ഇതിന് പിന്നാലെ തമിഴ് സിനിമയ്ക്കകത്ത് വൻതോതിൽ ചർച്ചകൾ ഉണ്ടായി. രജിനികാന്ത് കാക്ക-പരുന്ത് കഥ പറഞ്ഞത് വിജയിയെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ആരാധകർ പ്രതിഷേധിക്കാൻ തുടങ്ങി. ശേഷം ലിയോ ഓഡിയോ ലോഞ്ചിൽ ഇതിനുള്ള മറുപടി വിജയ് നൽകുമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഓഡിയോ ലോഞ്ച് നടന്നില്ല. ഒടുവിൽ ലിയോ സക്സസ് മീറ്റിൽ രജിനികാന്തിന്റെ കാക്ക-പരുന്ത് കഥ വിജയ് വീണ്ടും എടുത്തിട്ടു. തന്റെ പതിവ് കുട്ടിക്കഥയിലാണ് വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു താരം.
കൂടാതെ ഒരേയൊരു സൂപ്പർസ്റ്റാറെയുള്ളുവെന്നും വിജയ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. രജിനികാന്തിന്റെ സൂപ്പർസ്റ്റാർ പട്ടം വിജയ് ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് രജിനികാന്ത് ആരാധകർ പറയുന്നത്. എന്നാൽ തനിക്ക് എപ്പോഴും ദളപതിയായി നിൽക്കാനാണ് ഇഷ്ടമെന്നാണ് വിജയ് പറയാറുള്ളത്.
രജിനികാന്ത്-വിജയ് ഫാൻ ഫൈറ്റ് വലിയ ചർച്ചയാകുമ്പോൾ ഇരുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് രജിനികാന്തിന് വേണ്ടി എഴുതിയ തിരക്കഥയിൽ വിജയ് അഭിനയിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 2002ൽ ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഭഗവതി യഥാർത്ഥത്തിൽ രജനികാന്തിന് വേണ്ടി എഴുതിയ സിനിമയായിരുന്നു.
എ വെങ്കിടേഷാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയുടെ കഥ രജിനികാന്തിനോട് പറയാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞില്ല. അവസാനം വരെ രജനികാന്തിനെ കാണാൻ കഴിയാത്തതിനാൽ അണിയറപ്രവർത്തകർ ദളപതി വിജയിനോട് കഥ പറഞ്ഞു. കഥ കേട്ടപ്പോൾ വിജയ്ക്ക് അത് ഇഷ്ടപ്പെടുകയും ഉടൻ തന്നെ സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

റീമ സെൻ, വടിവേലു, ജയ്, ആശിഷ് വിദ്യാർത്ഥി, കെ.വിശ്വനാഥ്, യുഗേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ വിജയ്ക്കൊപ്പം മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. വിജയിയുടെ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറവും ഭഗവതി. സിനിമയിലെ പാട്ടുകൾ അടക്കം വലിയ ഹിറ്റായിരുന്നു.
അതേസമയം വിജയിയുടെ ലിയോ കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ ബോക്സോഫീസിൽ നിന്നും കോടികളാണ് വാരിയത്. ആഗോള ബോക്സ് ഓഫീസില്‍ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ ആകെ നേടിയിരിക്കുന്നത് എന്നാണ് അവസാന കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്.
കേരളത്തില്‍ വിജയ്‍യുടെ ലിയോ 60 കോടി രൂപയാണ് നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ലിയോ 41 കോടി രൂപ നേടിയപ്പോള്‍ വടക്കേന്ത്യയിലും ആകെ 41 കോടിയും വിദേശത്ത് 196.6 കോടിയും നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിജയ് നായകനായ ലിയോയ്‍ക്ക് ഒട്ടനവധി കളക്ഷൻ റെക്കോര്‍ഡും നേടാനായി. കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ഇനി ലിയോയ്‍ക്കാണ്.


Click it and Unblock the Notifications