തഗ് ലൈഫ് താരങ്ങളുടെ പ്രതിഫലം: ഏറ്റവും മുകളിൽ സിമ്പുവും തൃഷയും; കമൽ ഹാസന് ലഭിക്കുന്നത്...
കമൽ ഹാസനും മണി രത്‌നവും 38 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ് ലൈഫ്. വളരെ നീണ്ട കാത്തിരിപ്പിന് ശേഷം, ജൂൺ 5ന് തീയറ്ററുകളിൽ എത്തുന്ന ഗ്യാങ്സ്റ്റർ ഡ്രാമയിൽ സിലമ്പരശൻ എന്ന സിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തൃഷ കൃഷ്ണൻ നായികയായി എത്തുന്ന തഗ് ലൈഫിൽ, തമിഴ്, മലയാളം, ബോളിവുഡ് സിനിമകളിൽ നിന്നുള്ള ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വിവാദങ്ങൾ കെട്ടടങ്ങാതെ നിക്കുമ്പോഴും, മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും ചർച്ച ചെയ്യുന്നത്, തഗ് ലൈഫ് അഭിനേതാക്കളുടെ പ്രതിഫലമാണ്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ചിത്രത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് അമരൻ എന്ന കഥാപാത്രമായി എത്തുന്ന സിമ്പുവാണ്. നായിക തൃഷയാകട്ടെ, തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമാണ്, കമൽ ഹാസൻ നായകനാകുന്ന ചിത്രത്തിനായി ഈടാക്കിയിരുന്നത്.
തഗ് ലൈഫ് താരങ്ങളുടെ പ്രതിഫലം: അറിയേണ്ടതെല്ലാം

എ.ബി.പി. നാട് നൽകിയിരിക്കുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച്, മണി രത്നം സംവിധാനം ചെയുന്ന ചിത്രത്തിൽ ഇന്ദ്രാണി എന്ന കഥാപാത്രമായി എത്തുന്ന തൃഷ കൃഷ്ണന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത് 12 കോടി രൂപയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയിൽ അഭിനയിക്കാൻ തൃഷ കൈപ്പറ്റിയത് 4 കോടി രൂപയാണെന്നാണ് അറിയുന്നത്. ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, നടിക്ക് തഗ് ലൈഫിൽ ലഭിക്കുന്നത് മൂന്നിരട്ടി പ്രതിഫലമാണ്.
കമൽ ഹാസൻ ചിത്രത്തിൽ നായകതുല്യ വേഷത്തിലെത്തുന്ന സിലമ്പരശൻ എന്ന സിമ്പുവാണ് തഗ് ലൈഫ് താര നിരയിൽ ഏറ്റവും പ്രതിഫലം ലഭിച്ച നടൻ. എ.ബി.പി. നാട് റിപോർട്ടുകൾ അനുസരിച്ച് പ്രശസ്ത നടൻ ചിത്രത്തിൽ നിന്ന് നേടിയത് 40 കോടി രൂപയാണ്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ സിമ്പുവിന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണ് ഇതെന്നാണ് റിപോർട്ടുകൾ. അശോക് സെൽവൻ, ജോജു ജോർജ് എന്നിവർക്ക് ഒരു കോടി രൂപ വീതവും, അഭിരാമിക്ക് 50 ലക്ഷവും ലഭിച്ചു എന്നും റിപോർട്ടുകൾ പറയുന്നു.
തഗ് ലൈഫിൽ നിന്നും കമൽ ഹാസനും മണി രത്നത്തിനും ലഭിക്കുന്നത്

പ്രേക്ഷകർ അത്യധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്യാങ്സ്റ്റർ സിനിമയുടെ അമരക്കാരായ കമൽ ഹാസനും, സംവിധായകൻ മണി രത്നത്തിനും ചിത്രത്തിൽ പ്രതിഫലമില്ല. അതിന് കാരണം ഇരുവരും തഗ് ലൈഫിന്റെ നിർമാതാക്കൾ കൂടിയാണ് എന്നുള്ളതാണ്. മണി രത്നം സ്ഥാപിച്ച നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസും, കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ചേർന്നാണ് തഗ് ലൈഫ് നിർമിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ, നായകനും സംവിധായകനും ചിത്രത്തിൽ നിന്ന് ലഭിക്കുക ലാഭവിഹിതമാണ്. എന്നാൽ ഇത് തഗ് ലൈഫിന്റെ ബോക്സ് ഓഫീസിൽ പെർഫോമൻസ് അനുസരിച്ച് കൂടുകയും, കുറയുകയും ചെയ്യും.
കമൽ ഹാസൻ രംഗരായ ശക്തിവേൽ നായ്ക്കർ ആയി എത്തുന്ന തഗ് ലൈഫിൽ, അദ്ധേഹത്തിന്റെ വളർത്തു മകനും, പിന്നീട് ശത്രുവുമായിത്തീരുന്ന അമരൻ എന്ന കഥാപ്രത്രത്തെയാണ് സിമ്പു അവതരിപ്പിക്കുന്നത്. ശക്തിവേലിന്റെ കാമുകിയും നടിയുമായ ഇന്ദ്രാണിയായി തൃഷ എത്തുമ്പോൾ, ഭാര്യയായി മലയാളി കൂടിയായ അഭിരാമി വേഷമിടുന്നു. അശോക് സെൽവൻ, നാസ്സർ, ജോജു ജോർജ്, പങ്കജ് ത്രിപാഠി, അലി ഫസൽ, വയ്യാപുരി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











