'തൃഷ ഹൈദരാബാദിൽ കാല് കുത്തരുത്'; റാണയുമായുള്ള ലിവ് ഇൻ റിലേഷൻഷിപ്പ് തകർത്തത് നടന്റെ കുടുംബം'
തെന്നിന്ത്യൻ സിനിമകളിൽ ഇന്നും താരറാണിയാണ് തൃഷ. 40ാം വയസ്സിലും കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്ന അപൂർവം നടിമാരിലൊരാളുമാണ് തൃഷ. പൊന്നിയിൻ സെൽവനാണ് തൃഷയുടെ പുതിയ സിനിമ. കുന്ദവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നടി അവതരിപ്പിച്ചത്. തമിഴ് പൈതൃകം പേറുന്ന ഈ കഥാപാത്രം അവതരിപ്പിക്കാൻ തമിഴകത്ത് നിരവധി പേർ ആഗ്രഹിച്ചതാണ്. എന്നാൽ ആ ഭാഗ്യം ലഭിച്ചത് തൃഷയ്ക്കാണ്. തമിഴ് സിനിമാ ലോകത്ത് ഇത്ര വർഷങ്ങൾ നീണ്ട കരിയർഗ്രാഫുള്ള മറ്റൊരു നടി നയൻതാരയാണ്.
രണ്ട് പേരും ഏകദേശം ഒരേ കാലഘട്ടത്തിലാണ് കരിയർ തുടങ്ങുന്നത്. പൊന്നിയിൻ സെൽവന് പുറമെ 96, കൊടി, വിണ്ണെെത്താണ്ടി വരുവായ തുടങ്ങി ഒരു പിടി സിനിമകളിലും തൃഷ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. തൃഷയെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃഷയുടെ അമ്മയാണ് നടിയുടെ കരിയറിന് തുടക്ക കാലം മുതൽ വലിയ പിന്തുണ നൽകുന്നതെന്ന് ഇദ്ദേഹം പറയുന്നു. തൃഷയുടെ വിവാഹം നടക്കാത്തതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. തൃഷയുടെ വിവാഹം നടക്കാത്തതിന് കാരണം അമ്മയാണ്, മകളെ അഭിനയിപ്പിച്ച് പണമുണ്ടാക്കുന്നു എന്ന് ആക്ഷേപം വാർത്തകളിൽ വന്നു.

ആ ഘട്ടത്തിൽ അമ്മ മാധ്യമങ്ങളെ കണ്ടു. ഞാനും ഒരു ശരാശരി അമ്മയാണ്, എന്റെ മകൾ കോടികൾ സമ്പാദിച്ചാലും അവളും കല്യാണം കഴിക്കണം, കുഞ്ഞുങ്ങളുണ്ടാവണം എന്ന ആഗ്രഹമില്ലാതിരിക്കുമോ. മനസാക്ഷിയില്ലാതെ ഇങ്ങനെ എഴുതുന്നതെന്ന് അമ്മ ചോദിച്ചു. ഈ ഘട്ടത്തിലാണ് വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം നടത്തുന്നതെന്നും എന്നാൽ വിവാഹം നടന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
'പിന്നീട് ഒരു തെലുങ്ക് നടനുമായി തൃഷ പ്രണയത്തിലായെന്നും ഇവർ ലിവിംഗ് ടുഗെദറിലാണെന്ന ഗോസിപ്പ് പരന്നു. ആ തെലുങ്ക് നടന്റെ കുടുംബം പാരമ്പര്യമായി സിനിമാ കുടുംബമാണ്. തെലുങ്ക് ഇൻഡസ്ട്രിയിലെ കുടുംബ രാഷ്ട്രീയമൊന്നും ചെറിയ കാര്യമല്ല. പുറത്ത് നിന്നുള്ളവർക്ക് അതിനുള്ളിലേക്ക് കയറാൻ പറ്റില്ല'
'തൃഷ ഉള്ളിലേക്ക് വന്നതോടെ എല്ലാവരും ചേർന്ന് ഈ ലിവിംഗ് ടുഗെദർ പിരിക്കാൻ ശ്രമിച്ചു. അവസരങ്ങൾ മുടക്കി. തൃഷ ഹൈദരാബാദിൽ കാല് കുത്താൻ പാടില്ലെന്ന തരത്തിൽ ഇത് കടുത്തു' തുടരെ സിനിമകളിൽ അഭിനയിച്ചിരുന്ന നടിക്ക് അവസരങ്ങളേ ഇല്ലാതായി. കന്നഡയിലും അവസരങ്ങളില്ലാതായി. എന്നാൽ തമിഴകത്ത് മുൻനിര നായകൻമാർക്കൊപ്പം ചെയ്ത സിനിമകൾ ഹിറ്റായെന്നും ചെയ്യാറ് ബാലു പറഞ്ഞു.

റാണ ദഗുബതിയാണ് ചെയ്യാറ് ബാലു പരാമർശിച്ച നടൻ. തെലുങ്ക് നടനായ റാണയുമായി പ്രണയത്തിലായിരുന്നെന്ന് തൃഷ തന്നെ മുമ്പൊരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. റാണയും ഇതേപറ്റി സംസാരിച്ചിട്ടുണ്ട്. എന്നാൽ ചെയ്യാറ് ബാലു പറഞ്ഞ കാരണമാണോ ഇവരുടെ ബ്രേക്കപ്പിനിടയാക്കിയതെന്ന് വ്യക്തമല്ല. ആന്ധ്രയിലെ പ്രമുഖരാണ് റാണ ദഗുബതിയുടെ കുടുംബം. അതേസമയം നടൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും തമിഴ്നാട്ടിലാണ്.
തെലുങ്കിലെ പ്രമുഖ പ്രൊഡ്യൂസറായിരുന്നു റാണയുടെ പിതാവ് ഡി സുരേഷ് ബാബു. റാണയുടെ അപ്പൂപ്പൻ ഡി രാമനായ്ഡുവും തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖനായിരുന്നു. തൃഷയ്ക്ക് പുറമെ ബിപാഷ ബസുവുൾപ്പെടെയുള്ള നടിമാരുമായി ചേർത്ത് റാണയുടെ പേര് മുമ്പ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അതേസമയം ഇന്ന് റാണ വിവാഹിതനാണ്. മിഹീക ബജാജാണ് റാണയുടെ ഭാര്യ. 2020 ലായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications











