ശങ്കറിന്റെ വാക്കുകൾ കേൾക്കാതെ ഇളയ മകൾ; മൂത്ത മകളെക്കുറിച്ചുള്ള ഗോസിപ്പുകൾക്കിടെ പുതിയ വിവരം
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രമുഖ സംവിധായകനാണ് ശങ്കർ. ബിഗ് ബജറ്റ്, മാസ് സിനിമകളിലൂടെ പേക്ഷക പ്രീതി നേടിയ ശങ്കർ തമിഴ് സിനിമാ രംഗത്തെ പാൻ ഇന്ത്യൻ തലത്തിൽ അറിയച്ചതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ശങ്കറിന്റെ സിനിമകളിൽ എന്നും പ്രേക്ഷകർ വ്യത്യസ്തത പ്രതീക്ഷിക്കുന്നു. യന്തിരൻ, ഐ തുടങ്ങിയ സിനിമകൾ ഇന്നും ശങ്കറിന്റെ കരിയറിൽ സിനിമാ ലോകം എടുത്ത് പറയുന്നു.
1993 ൽ ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെയാണ് ശങ്കർ സംവിധായകനായി അരങ്ങേറുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന സർക്കാർ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. എആർ റഹ്മാന്റെ സംഗീതം ശങ്കറിന്റെ സിനിമകളുടെ മാറ്റ് കൂട്ടുന്നു. ഇരുവരും 11 സിനിമകളിലോളം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മുതൽവൻ, ഇന്ത്യൻ എന്നീ സിനിമകളാണ് ശങ്കറിന്റെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കുന്നത്.

പിന്നീടിങ്ങോട്ട് അന്യൻ, ശിവാജി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. നടൻ വിക്രമിന് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് അന്യൻ എന്ന ചിത്രത്തിലൂടെയാണ്. രജിനികാന്ത് നായകനായ ശിവാജി പുറത്തിറങ്ങുന്നത് 2007 ലാണ്. അക്കാലത്തെ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായി ശിവാജി അറിയപ്പെട്ടു. കരിയറിനപ്പുറത്ത് ശങ്കറിന്റെ കുടുംബം അടുത്തിടെയായി വാർത്തകൾ നിറയുന്നു.
മൂത്ത മകൾ ഐശ്വര്യ ശങ്കർ വിവാഹ മോചനം നേടിയെന്ന അഭ്യൂഹം ശക്തമാണ്. വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥനുൾപ്പെടെയാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്. മധുരൈ പാന്തേഴ്സ് ക്രിക്കറ്റ് ടീമിലെ താരമായ രോഹിത് ദാമോദറാണ് ഐശ്വര്യയുടെ ഭർത്താവ്. 2021 ൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടെയായിരുന്നു ഇവരുടെ വിവാഹം. ബയിൽവൻ രംഗനാഥന്റെ ആരോപണങ്ങളോട് ശങ്കറിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ശങ്കറിന്റെ ഇളയ മകൾ അതിദിയെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ അതിദി ഇപ്പോൾ സിനിമാ രംഗത്ത് സജീവമാണ്. കാർത്തി നായകനായ വിരുമാനിലെയായിരുന്നു അരങ്ങേറ്റം. 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ അതിദിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ശിവകാർത്തികേയൻ നായകനായ മാവീരനായിരുന്നു നടിയുടെ രണ്ടാമത്തെ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. തമിഴിലും തെലുങ്കിലും കൈ നിറയെ അവസരങ്ങൾ അതിദി ശങ്കറിന് വരുന്നുണ്ടെന്നാണ് വിവരം.
അതേസമയം തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം അതിദി സിനിമ കരിയറായി തെരഞ്ഞെടുത്തതിൽ ശങ്കറിന് എതിർപ്പുണ്ട്. പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ശങ്കറിനോട് അതിദി സമ്മതം വാങ്ങിയിട്ടില്ല. എതിർപ്പ് ഗൗനിക്കാതെയാണ് നടി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അഭ്യൂഹങ്ങളോട് അതിദിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. അഭിനയ രംഗത്തേക്ക് കടന്ന് വരുന്ന ഘട്ടത്തിൽ അതിദിയുടെ പേരിൽ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. നെപ്പോട്ടിസം കാരണമാണ് അതിദിക്ക് സിനിമാ രംഗത്തേക്ക് എളുപ്പം കടന്ന് വരാനായതെന്ന് ആത്മിക പരോക്ഷമായി ഉന്നയിച്ചു. ആത്മികയുടെ ട്വീറ്റ് വലിയ തോതിൽ ചർച്ചയായി.
പൊതുവെ ഗോസിപ്പുകളോട് ശങ്കറോ കുടുംബമോ പ്രതികരിക്കാറില്ല. ഇന്ത്യൻ 2 ആണ് ശങ്കർ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. കമൽ ഹാസൻ നായകനാകുന്ന സിനിമ റിലീസിന് മുമ്പേ വലിയ ചർച്ചയായിട്ടുണ്ട്. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കാജൽ അഗർവാളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്ത വർഷം പൊങ്കലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications