'അവന്റെ മുഖം നോക്ക്! വിജയ്ക്ക് കേട്ട പരിഹാസം; അച്ഛൻ കഥ കേൾക്കേണ്ടെന്ന് വിജയ് തീരുമാനിച്ചു'
തെന്നിന്ത്യൻ സിനിമാ ലോകത്ത് രജിനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് നടൻ വിജയ് ആണ്. ഇളയ ദളപതി എന്ന് ആരാധകർ വാഴ്ത്തുന്ന വിജയ് തമിഴ്നാട്ടിലേത് പോലെ തന്നെ കേരളത്തിലും ഒരു കാലത്ത് തരംഗമായിരുന്നു. 2000 ങ്ങളുടെ തുടക്ക വർഷങ്ങളിൽ വിജയ് സിനിമകൾ കേരളത്തിൽ വൻ ആരാധക വൃന്ദം സഷ്ടിച്ചു. എന്നാൽ കാലക്രമേണ വിജയ്ക്കുള്ള ജനപ്രീതി കേരളത്തിൽ കുറഞ്ഞു. കണ്ട് പഴകിയ രക്ഷകൻ പരിവേഷത്തിൽ തുടരെ എത്തിയതോടെയാണ് മലയാളികൾക്ക് വിജയ് എന്ന നടനിൽ മടുപ്പ് തോന്നിത്തുടങ്ങിയത്.
അതേസമയം തമിഴ്നാട്ടിൽ ഇന്നും വിജയ് ആഘോഷിക്കപ്പെടുന്നു. സിനിമാ കരിയറിനപ്പുറം ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനായെന്ന് 48 കാരനായ വിജയ് ഇന്ന് മനസ്സിലാക്കുന്നു. രാഷ്ട്രീയ പ്രവേശനത്തിലേക്കാണ് വിജയ് ലക്ഷ്യം വെക്കുന്നത്. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് കാലങ്ങളായി കണ്ട് വരുന്ന രീതിയാണ് സൂപ്പർസ്റ്റാറുകൾ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

ഈ പാതയിലേക്കാണ് വിജയുടെയും വരവ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ അനുമോദിച്ച പൊതുപരിപാടിയിൽ സംസാരിച്ചപ്പോഴും രാഷ്ട്രീയ താൽപര്യങ്ങളുടെ സൂചനകൾ വിജയ് നൽകി. തമിഴ് സിനിമാലോകം കൊണ്ടാടിയ വിജയ്ക്ക് ആരാധകരുടെ പിന്തുണ രാഷ്ട്രീയത്തിൽ ലഭിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിജയെക്കുറിച്ച് വിവാദ താരം ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയും പിതാവ് എസ്എ ചന്ദ്രശേഖറും തമ്മിലുള്ള അകൽച്ചയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.
വിജയ്നെ ഡോക്ടറാക്കാനാണ് എസ്എ ചന്ദ്രശേഖർ ആഗ്രഹിച്ചത്. എന്നാൽ വിജയ്ക്ക് അഭിനയ മോഹമായിരുന്നു. അച്ഛനോട് ഈ ആഗ്രഹം പറയാൻ മടിച്ച വിജയ് പകരം അമ്മയോട് പറഞ്ഞു. അമ്മ വിജയുടെ പിതാവിനോട് സംസാരിച്ചു. നടനാവാനുള്ള കഴിവ് അവനില്ലെന്നാണ് അച്ഛൻ പറഞ്ഞത്. പിന്നീട് വിജയ്നെ വെച്ച് സിനിമ ചെയ്യാൻ പിതാവ് തീരുമാനിച്ചു. പടം ചെയ്യാനായി എസ്എ ചന്ദ്രശേഖർ നിർമാതാക്കളെ സമീപിക്കുമ്പോൾ അവന്റെ മുഖം നോക്ക് എന്നാണ് പരിഹസിച്ചത്. ഇക്കാര്യം വിജയ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ബയിൽവൻ രംഗനാഥൻ ഓർക്കുന്നു.

കാതലുക്ക് മര്യാദെയാണ് വിജയ്ക്ക് കരിയറിൽ ശ്രദ്ധ നൽകിയ സിനിമ. അക്കാലത്ത് വിജയ്ക്ക് വരുന്ന സിനിമകളുടെ കഥ കേട്ടിരുന്നത് എസ്എ ചന്ദ്രശേഖറാണ്. അച്ഛൻ തെരഞ്ഞെടുക്കുന്ന സിനിമകൾ പഴയ തലമുറയ്ക്ക് പറ്റിയതാണെന്ന് വിജയ് മനസ്സിലാക്കി. സിനിമകൾ ഞാൻ തന്നെ തെരഞ്ഞെടുക്കാമെന്ന് വിജയ് പറഞ്ഞു.പിതാവ് സമ്മതിച്ചു. അതിന് ശേഷം വിജയ് പടി പടിയായി വളർന്നു.
വിജയ് ആരാധകർ പോലും എസ്എ ചന്ദ്രശേഖറെ സ്വന്തം പിതാവിനെപോലെയാണ് കണ്ടത്. ഒരു ഘട്ടത്തിൽ വിജയ്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ പിതാവ് ശ്രമിച്ചു. ഇതോടെ ഇവർക്കിടയിൽ പ്രശ്നമായി. അതേസമയം ഇന്ന് വിജയ്ക്ക് രാഷ്ട്രീയത്തിൽ വരാൻ താൽപര്യമുണ്ടെന്നും ബയിൽവൻ രംഗനാഥൻ പറഞ്ഞു.
പിതാവ് എസ് ചന്ദ്രശേഖറുമായി വിജയ് അകൽച്ചയിലാണെന്ന് നാളുകളായി തുടരുന്ന അഭ്യൂഹമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടൻ പിതാവിനെതിരെ കേസ് കൊടുത്ത സംഭവവും ഉണ്ടായി. തന്റെ സമ്മതമില്ലാതെ രാഷ്ട്രീയ പാർട്ടി തുടങ്ങിയെന്നായിരുന്നു വിജയുടെ പരാതി. പിതാവിനൊപ്പം വിജയ്നെ കണ്ടിട്ട് നാളുകളായെന്ന് ആരാധകർ പറയുന്നു.
അടുത്തിടെ വരിസ് എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ വിജയ് പിതാവിനെ അവഗണിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ വിജയും പിതാവും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് നടന്റെ അമ്മ ശോഭ ചന്ദ്രശേഖർ പറയുന്നത്. മകന് കുടുംബത്തോടുള്ള അടുപ്പത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ശോഭ ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications