വിവാഹമോചനത്തിന് കാരണമായത് സമാന്ത?; അമല പോളിനും തൃഷയ്ക്കും പിന്നാലെ മറ്റൊരു ഗോസിപ്പ്
തമിഴ് സിനിമാ ലോകത്ത് ധനുഷിന്റെ സ്വകാര്യ ജീവിതം ഇപ്പോഴും ചർച്ചയായി തുടരുകയാണ്. ഭാര്യ ഐശ്വര്യയുമായി വേർപിരിഞ്ഞ ശേഷം ധനുഷിനെക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നു. നടന്റെ വിവാഹേതര ബന്ധങ്ങളാണ് വേർപിരിയലിന് കാരണമെന്ന് വരെ ആക്ഷേപം ഉയർന്നു. എന്നാൽ ഇതിനോടൊന്നും ധനുഷോ ഐശ്വര്യയോ പ്രതികരിച്ചില്ല.
18 വർഷം നീണ്ട വിവാഹ ജീവിതമാണ് 2022 ൽ ഇരുവരും അവസാനിപ്പിച്ചത്. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് താരങ്ങൾ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ധനുഷിന്റെ വിവാഹ മോചനത്തെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടി സമാന്തയുമായി ധനുഷ് അടുത്തതോടെയാണ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

തങ്കമകൻ എന്ന സിനിമയിൽ സമാന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെയുണ്ടായ അടുപ്പം വളർന്നു. ഐശ്വര്യക്ക് കുടുംബം മുന്നറിയിപ്പ് നൽകി. ഇതോടെ ധനുഷുമായി ഐശ്വര്യ വേർപിരിഞ്ഞെന്നാണ് ബയിൽവൻ രംഗനാഥന്റെ വാദം. തമിഴകത്തെ മറ്റ് പല പ്രമുഖ താരങ്ങളെക്കുറിച്ചും ബയിൽവൻ രംഗനാഥൻ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
നേരത്തെ അമല പോൾ, തൃഷ എന്നിവരുമായി ചേർത്തും ധനുഷിന്റെ പേരിൽ ഗോസിപ്പ് വന്നിരുന്നു. അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷുമായുള്ള അടുപ്പമാണെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. അമലയുടെ മുൻ ഭർത്താവ് എഎൽ വിജയുടെ പിതാവിന്റെ പരാമർശമാണ് ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയത്. വിവാഹ ശേഷം സിനിമകളിൽ നിന്ന് മാറി നിൽക്കാനായിരുന്നു അമല പോളിന്റെ തീരുമാനം.
എന്നാൽ ധനുഷ് നിർമ്മിക്കുന്ന അമ്മക്കണക്ക് എന്ന സിനിമയുടെ ഓഫർ വന്നപ്പോൾ നടി അഭിനയം തുടരാൻ തീരുമാനിച്ചു. ഇതോടെയാണ് അമല പോളിനും എഎൽ വിജയ്ക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് എഎൽ വിജയുടെ പിതാവ് എഎൽ അഴകപ്പൻ പറഞ്ഞു. പരാമർശം വലിയ തോതിൽ അന്ന് ചർച്ചയായി.

അമല പോളിന് മുമ്പ് നടി തൃഷയുടെ വിവാഹം മുടങ്ങിയപ്പോഴും ധനുഷിന്റെ പേര് ഉയർന്ന് വന്നു. തൃഷയുടെ അടുത്ത സുഹൃത്തായിരുന്നു ധനുഷ്. നടിയുടെ വിവാഹ നിശ്ചയത്തിനെത്തിയ ധനുഷിനെ കണ്ട് വരൻ നീരസം പ്രകടിപ്പിച്ചു. സിനിമാ രംഗത്തെ സുഹൃത്തുക്കളെച്ചൊല്ലി തൃഷയുമായി വരൻ വഴക്കിട്ടെന്നാണ് അന്ന് വന്ന വാർത്തകൾ. എന്നാൽ ഈ അഭ്യൂഹങ്ങളോടൊന്നും പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല. വിവാഹമോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലാണ് ധനുഷ്.
വിവാഹമോചനം ഒഴിവാക്കാൻ ധനുഷിന്റെയും ഐശ്വര്യയുടെയും വീട്ടുകാർ ശ്രമിച്ചിരുന്നു. ഐശ്വര്യയുടെ പിതാവ് രജിനികാന്ത് ഇരുവരുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ തീരുമാനവുമായി രണ്ട് പേരും മുന്നോട്ട് പോയി. യാത്ര രാജ്, ലിംഗ രാജ് എന്നീ രണ്ട് മക്കളാണ് ഐശ്വര്യക്കും ധനുഷിനുമുള്ളത്.
2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ഇരുവരും കുടുംബ സുഹൃത്തുക്കളായിരുന്നു. വിവാഹ ശേഷം ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്തു. സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം പാട്ടുകൾ ഹിറ്റായി.
നേരത്തെ തമിഴകത്തെ ഇളക്കിമറിച്ച 'സുചി ലീക്ക്സ്' വിവാദത്തിൽ ഉൾപ്പെട്ടെ പ്രധാന വ്യക്തി ധനുഷാണ്. നടന്റെ ചില സ്വകാര്യ ചിത്രങ്ങളും അന്ന് പുറത്ത് വന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഒരിക്കലും ധനുഷ് തയ്യാറായിട്ടില്ല. മുമ്പാെരിക്കൽ അഭിമുഖത്തിൽ ഈ ചോദ്യം വന്നപ്പോൾ നടൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയാണുണ്ടായത്.


Click it and Unblock the Notifications