രജിനികാന്തിനെ കാണിക്കാനെടുത്ത ബംഗ്ലാവ്; പക്ഷെ കുടുങ്ങിയത് നിർമാതാവ്; ധനുഷിനെതിരെ ആരോപണം
തമിഴ് സിനിമയിൽ ഇന്ന് പകരം വെക്കാനില്ലാത്ത താരമാണ് ധനുഷ്. താരമൂല്യത്തിനൊപ്പം അഭിനയ മികവും നടനെ കരിയറിൽ തുണയ്ക്കുന്നു. ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കാൻ ധനുഷിന് കഴിഞ്ഞു. സിനിമാ കുടുംബത്തിൽ ജനിച്ച ധനുഷിന് തുടക്കം മുതലേ നല്ല അവസരങ്ങൾ ലഭിച്ചു. അതേസമയം സൂപ്പർതാരമായി ധനുഷിനെ സിനിമാ ലോകം സ്വീകരിക്കാൻ കുറച്ച് നാൾ വേണ്ടി വന്നു.
അടുത്തിടെയാണ് പോയസ് ഗാർഡനിൽ ധനുഷ് പടുകൂറ്റൻ ബംഗ്ലാവ് നിർമ്മിച്ചത്. ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് പുതിയ ബംഗ്ലാവുയർന്നത്. 150 കോടി വിലമതിക്കുന്ന ഭവനം മാതാപിതാക്കൾക്ക് സമ്മാനിക്കുകയായിരുന്നു നടൻ. ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി.
ഭാര്യാ പിതാവായിരുന്ന രജിനികാന്തിന്റെ വീടിന് ഏകദേശം അടുത്ത് തന്നെയാണ് ധനുഷിന്റെ പുതിയ വീടെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ ധനുഷിനെക്കുറിച്ച് ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു.

അടുത്തിടെ ധനുഷിനെതിരെ തമിഴകത്തെ നിർമാതാക്കളുടെ സംഘടന പരാതി ഉന്നയിച്ചിരുന്നു. തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം അഡ്വാൻസ് വാങ്ങിയിട്ടും സിനിമ ചെയ്യാൻ തയ്യാറാകുന്നില്ലെന്നാണ് ധനുഷിനെതിരെ വന്ന പരാതി. മറ്റ് താരങ്ങൾക്കെതിരെയും പരാതി വന്നു. ധനുഷിനെതിരെ വന്ന പരാതിയുടെ വിശദവിവരങ്ങളാണ് ചെയ്യാറു ബാലു പങ്കുവെച്ചിരിക്കുന്നത്. അരംനാട് എന്ന തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
പോയസ് ഗാർഡനിൽ വലിയ ബംഗ്ലാവ് ധനുഷ് പണിതിട്ടുണ്ട്. ആ ബംഗ്ലാവിന്റെ പണി നടക്കുന്ന ഘട്ടത്തിൽ പണം ആവശ്യമായി വന്നു. അപ്പോൾ ഒരു നിർമാതാവിനെ സമീപിച്ച ധനുഷ് ഒരു ഓഫർ മുന്നോട്ട് വെച്ചു. നിങ്ങളുടെ കമ്പനിക്ക് വേണ്ടി തുടർച്ചയായി മൂന്ന് സിനിമകൾ ചെയ്യാം. മൂന്ന് സിനിമകൾക്ക് നിശ്ചിത തുക ശമ്പളമായി തരണമെന്നാണ് ധനുഷ് ആവശ്യപ്പെട്ടത്. നിർമാതാവിന് സന്തോഷമായി.

20 കോടി രൂപ അഡ്വാൻസായി വേണമെന്നും ധനുഷ് പറഞ്ഞു. ആ തുക നൽകി. എന്നാൽ ധനുഷ് ഇദ്ദേഹത്തിന്റെ സിനിമകൾക്ക് പകരം മറ്റ് സിനിമകളുടെ തിരക്കിലേക്ക് നീങ്ങി. ചോദിച്ചപ്പോൾ മൂന്ന് വർഷം കഴിഞ്ഞ് നിങ്ങളുടെ സിനിമകൾ ചെയ്യാമെന്നാണ് നടൻ പറഞ്ഞത്. സിനിമ ചെയ്യേണ്ട, 20 കോടി തിരിച്ച് തരണം എന്ന് ആ നിർമാതാവ് ആവശ്യപ്പെട്ടെന്നും ചെയ്യാറു ബാലു പറയുന്നു. നിർമാതാവിന്റെ പേര് വെളിപ്പെടുത്താൻ ഇദ്ദേഹം തയ്യാറായില്ല.
രജിനികാന്തിന് മുന്നിൽ കാണിക്കാൻ വേണ്ടിയാണ് ഈ ബംഗ്ലാവ് വെച്ചത്. അമ്മായിച്ചനായിരുന്ന രജിനികാന്തിന്റെ വീടുള്ള അതേസ്ഥലത്ത് അവരെക്കാളും വലിയ വീട് വെക്കണമെന്ന ആഗ്രഹമായിരുന്നു ധനുഷിന്. അതൊന്നും കുഴപ്പമില്ല. പക്ഷെ അഡ്വാൻസ് വാങ്ങിയിട്ട് സിനിമകളിൽ അഭിനയിക്കാതിരിക്കുന്നത് മോശമാണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
യോഗി ബാബു, അഥർവ, ഗൗതം കാർത്തിക് തുടങ്ങിയ നടൻമാരെക്കുറിച്ചും നിർമാതാക്കൾക്ക് പരാതിയുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. തമിഴിലെ ഒരു യുവനടൻ ലോക്ഡൗണിന് മുമ്പ് ഒരു സിനിമ കമ്മിറ്റ് ചെയ്തു. കൊവിഡ് കാലത്തിന് ശേഷം നടൻ വണ്ണം വെച്ചു. കുറച്ച് വണ്ണം കുറയ്ക്കണമെന്ന് സംവിധായകൻ നിർദ്ദേശിച്ചത് ഗൗതമിന് ഇഷ്ടമായില്ല.
ആ സംവിധായകനെക്കൊണ്ട് മാപ്പ് പറയിച്ചെന്നും ചെയ്യാറു ബാലു ആരോപിച്ചു. ജൂൺ 18 ന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ യോഗത്തിലാണ് ധനുഷ് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ പരാതി ഉയർന്നത്. നിർമാതാക്കളുമായി സഹകരിക്കാത്ത നിരവധി താരങ്ങളുണ്ടെന്ന് യോഗത്തിൽ ആരോപണം വന്നിരുന്നു.


Click it and Unblock the Notifications