ശ്രീദേവിയെ പോലെ എല്ലാം രഹസ്യമായി?; നയൻതാരയ്ക്ക് ഇടയ്ക്കിടെ മുഖത്ത് മാറ്റം; പ്ലാസ്റ്റിക് സർജറി ചർച്ചയിൽ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് നയൻതാര. തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച കരിയർ ഗ്രാഫാണ് നയൻതാരയ്ക്ക് സ്വന്തമായി അവകാശപ്പെടാനുള്ളത്. 20 വർഷം മുൻ നിരയിൽ തുടരുന്ന നടിക്ക് പിന്തുണയുമായി വൻ ആരാധക വൃന്ദവുമുണ്ട്. പുതിയ ചിത്രം ജവാനിൽ 11 കോടി രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങിയത്. തെന്നിന്ത്യയിലെ മറ്റൊരു നടിക്കും ഇത്രയും വലിയ തുക ഇതുവരെയും പ്രതിഫലമായി ലഭിച്ചിട്ടില്ല.
സൂപ്പർസ്റ്റാർ സിനിമകളും സ്ത്രീ കേന്ദ്രീകൃത സിനിമകളും ഒരുപോലെ നയൻതാരയെ തേടിയെത്തുന്നു. ഇന്നത്തെ നിലയിലേക്ക് ഉയരാൻ നയൻതാരയെടുത്ത പ്രയത്നങ്ങൾ ചെറുതല്ല. 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഇന്നത്തെ പ്രശസ്തിയിലേക്ക് നയൻതാര ഉയരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

ഇക്കാലയളവിനിടെ നയൻതാരയുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ചെറുതല്ല. ഒന്നിലേറെ തവണ വൻ മേക്കോവർ നടിക്ക് വന്നിട്ടുണ്ട്. മനസിനക്കരെയിലെ നയൻതാരയെ അല്ല വല്ലവൻ എന്ന തമിഴ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. അക്കാലത്ത് വീണ്ടും നടിയുടെ ലുക്കിൽ വലിയ മാറ്റങ്ങൾ വന്നു. രാജ റാണി, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ സിനിമകളിലെല്ലാം നയൻതാരയുടെ ഭംഗിയിൽ വ്യത്യാസമുണ്ട്.
പുതിയ ചിത്രം ജവാൻ വാർത്താ പ്രാധാന്യം നേടിയിരിക്കെ നയൻതാരയുടെ പഴയ ചിത്രങ്ങൾ ബി ടൗൺ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടിക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ബോളിവുഡ് പ്രേക്ഷകരും പറയുന്നു. നിരവധി കമന്റുകളാണ് ഈ മാറ്റത്തെക്കുറിച്ച് വരുന്നത്. നടിയെ പ്ലാസ്റ്റിക് സർജറി ചെയ്തയാൾ അവാർഡ് അർഹിക്കുന്നു എന്നാണ് ഒരു കമന്റ്. പഴയ നയൻതാരയാണ് കാണാൻ കൂടുതൽ സുന്ദരിയെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഇതിനോട് വിയോജിച്ചു.

നയൻതാര പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ നാളുകളായി അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും താരം ഇതിനോട് പ്രതികരിക്കാറില്ല. നേരത്തെ നടി ശ്രീദേവിയും പ്ലാസ്റ്റിക് സർജറിയുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒന്നിലേറെ തവണ നടി കോസ്മെറ്റിത് സർജറികൾ ചെയ്തിട്ടുണ്ട്. ലണ്ടനിൽ വെച്ചാണ് നടി സർജറികൾ ചെയ്തിരുന്നതെന്നും അധികമാരും ഇക്കാര്യം അറിഞ്ഞില്ലെന്നും നേരത്തെ അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്.
ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി പുറത്ത് വന്നത്. നയൻതാരയും രഹസ്യമായി പ്ലാസ്റ്റിക് സർജറികൾ ചെയ്തെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. അതേസമയം ഇതിൽ നടിയെ പിന്തുണയ്ക്കുന്നവരാണ് ഭൂരിഭാഗവും. ജവാന് ശേഷം ഇരവൈനാണ് നടിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. ഇതേ കോംബോയിൽ തനി ഒരുവൻ സിനിമയുടെ രണ്ടാം ഭാഗവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഗോൾഡ് ആണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. പൃഥിരാജ് നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് അൽഫോൻസ് പുത്രനാണ്. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന സിനിമ പക്ഷെ ആരാധകരെ നിരാശപ്പെടുത്തി. പിന്നീട് നയൻതാരയുടെ പുതിയ മലയാള സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications











