ഞാൻ തിരിച്ച് വരുമ്പോഴേക്കേ ശോഭിത ഉണരൂ, ഒരുമിച്ച് ലഭിക്കുന്ന സമയങ്ങൾ; വിവാഹ ജീവിതത്തെക്കുറിച്ച് നാഗ ചെെതന്യ
സോഷ്യൽ മീഡിയയിലെ മുൻവിധികൾക്ക് ഇരയാകേണ്ടി വന്ന താര ദമ്പതികളാണ് നാഗ ചെെതന്യയും ശോഭിത ധുലിപാലയും. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് ശോഭിതയും നാഗ ചെെതന്യയും വിവാഹിതരായത്. നാഗ ചെെെതന്യയുടെ മുൻ ഭാര്യ നടി സമാന്തയുടെ ആരാധകർ വ്യാപക വിമർശനമാണ് ഇവർക്കെതിരെ ഉന്നയിച്ചത്. സമാന്തയെ നാഗ ചെെതന്യ ചതിച്ചതാണെന്നും ശോഭിത ധുലിപാലയാണ് സമാന്തയുടെ വിവാഹ ജീവിതം തകർത്തതെന്നും ആരോപണം വന്നു. എന്നാൽ സമാന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ശോഭിത തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് നാഗ ചെെതന്യ വ്യക്തമാക്കി. എന്നിട്ടും കുറ്റപ്പെടുത്തലുകൾ അവസാനിച്ചില്ല.
എന്നാൽ സോഷ്യൽ മീഡിയ ആക്രമണത്തോട് ഇതുവരെയും ശോഭിത ധുലിപാല പ്രതികരിച്ചിട്ടില്ല. നാഗ ചെെതന്യക്കൊപ്പമുള്ള ജീവിതത്തിലേക്കാണ് ശോഭിത ശ്രദ്ധ നൽകുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് വോഗിന് നൽകിയ അഭിമുഖത്തിൽ താര ദമ്പതികൾ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ തിരക്കുകൾക്കിടയിലും പരസ്പരം സമയം കണ്ടെത്താറുണ്ടെന്ന് താര ദമ്പതികൾ പറയുന്നു. സൂം കോളിലൂടെ സംസാരിക്കും. വീക്കെൻഡുകൾ ഒരുമിച്ച് ചെലവഴിക്കുമെന്ന് ശോഭിത വ്യക്തമാക്കി. വിവാഹത്തിന് ശേഷം തന്റെ മുൻഗണനകൾ മാറി. വീടിനും കുടുംബത്തിനും മുകളിൽ ഒന്നും തനിക്കിപ്പോൾ പ്രധാനമല്ലെന്ന് നാഗ ചെെതന്യ പറയുന്നു. കരിയറിൽ മറ്റൊരു അധ്യായത്തിലാണ് താനിപ്പോൾ. ഈ അധ്യായത്തിൽ ഹാങ് ഓവറുകൾ കുറവാണ്. ഒരു കഥാപാത്രം ചെയ്യുമ്പോൾ പൂർണമായും അതിലാണ്.
പൂർണമായും അതിൽ മുഴുകി പോകുന്നു. ഷൂട്ട് കഴിഞ്ഞാൽ കഥാപാത്രത്തിൽ നിന്നും പൂർണമായും പുറത്ത് കടക്കണമെന്നാണ് തനിക്കെന്നും ശോഭിത ധുലിപാല പറയുന്നു. എന്നാൽ താൻ അങ്ങനെയല്ലെന്ന് നാഗ ചെെതന്യ പറയുന്നുണ്ട്. വർക്ക് വീട്ടിലേക്ക് കൊണ്ട് വരുന്ന ആളോ കഥാപാത്രത്തിൽ കഴിയുന്ന ആളോ അല്ല ഞാൻ. പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യാൻ തനിക്ക് പറ്റാറുണ്ടെന്ന് നാഗ ചെെതന്യ പറയുന്നു.

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടവെ ഒന്നിച്ചുള്ള ജീവിതത്തിൽ ചില ശീലങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും താര ദമ്പതികൾ പറയുന്നു. വർക്കിന് പോകും മുമ്പ് ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. ഡിന്നറും ഒരുമിച്ച്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ജിമ്മിൽ പോകും. ഞാൻ തിരിച്ച് വരുമ്പോൾ ശോഭിത എഴുന്നേൽക്കുന്നുണ്ടേയുണ്ടാകൂയെന്നും നാഗ ചെെതന്യ പറഞ്ഞു. ഞങ്ങളുടെ ഓഫ് ഡേയ്സ് ഒന്നിപ്പിക്കാൻ നോക്കും. ഷെഡ്യുളുകൾ നോക്കി ഡേറ്റ് തീരുമാനിച്ച് ഒരുമിച്ച് യാത്രകൾക്ക് പോകാറുണ്ടെന്നും നാഗ ചെെതന്യ പറയുന്നു.
2021 ലാണ് സമാന്തയുമായുള്ള നാഗ ചെെതന്യയുടെ വിവാഹ മോചനം. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ പിരിയാമെന്ന് രണ്ട് പേരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു എന്നാണ് നാഗ ചെെതന്യ പറയുന്നത്. തന്റെ മുൻകാല ജീവിതവുമായി ശോഭിതയ്ക്ക് യാതൊരു ബന്ധവുമില്ല. വളരെ സ്വാഭാവികമായി തന്റെ ജീവിതത്തിലേക്ക് വന്നയാളാണ് ശോഭിതയെന്നും നാഗ ചെെതന്യ വ്യക്തമാക്കി.
വിവാഹ മോചനം സമാന്തയെയും ചെെതന്യയെയും മാനസികമായി ബാധിച്ചിരുന്നു. വേർപിരിയലിന് ശേഷം മകൻ നിരാശനായിരുന്നു എന്നാണ് നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന ഒരിക്കൽ പറഞ്ഞത്. നാഗാർജുനയ്ക്കും മുൻ ഭാര്യ ലക്ഷ്മി ദഗുബതിക്കും പിറന്ന മകനാണ് നാഗ ചെെതന്യ. നാഗാർജുനയും ലക്ഷ്മി ദഗുബതിയും പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടന്നു. നടി അമല അക്കിനേനിയെയാണ് നാഗാർജുന വിവാഹം ചെയ്തത്. ഇരുവർക്കും പിറന്ന മകനാണ് അഖിൽ അക്കിനേനി. ലക്ഷ്മി ദഗുബതിയും രണ്ടാമത് വിവാഹം ചെയ്തു.


Click it and Unblock the Notifications











