'സിമ്രാനൊപ്പം ഡാൻസ് ചെയ്യാൻ വിജയകാന്തിനെ അനുവദിച്ചില്ല'; നടിയെ പ്രഭുദേവയുടെ സഹോദരൻ പ്രണയിച്ചപ്പോൾ!
തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി സിമ്രാൻ. രജനി, കമൽ, വിജയ്, അജിത്, വിക്രം, സൂര്യ തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു. മാത്രമല്ല തമിഴ് സിനിമയ്ക്കപ്പുറം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ടു.
സിമ്രനെ കുറിച്ച് ഓർക്കുമ്പോൾ ആരാധകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് താരത്തിന്റെ ചടുലമായ നൃത്ത ചുവടുകളാണ്. സിമ്രനെ ഇടുപ്പഴകി എന്നാണ് ആരാധകർ വിളിച്ചിരുന്നത്. ചുരുങ്ങിയ കാലയളവിൽ തുള്ളാത മനവും തുള്ളും അടക്കമുള്ള സിനിമകൾ ചെയ്ത് നിരവധി പുരസ്കാരങ്ങളും സിമ്രാന് ലഭിച്ചു.
നായികയായി മാത്രമല്ല സഹനടിയായും വില്ലത്തിയായുമെല്ലാം സിമ്രാൻ ബിഗ്ഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരിയറിന്റെ ടോപ്പിൽ നിൽക്കുമ്പോൾ 2003ലാണ് സിമ്രാൻ ദീപകിനെ വിവാഹം ചെയ്തത്.
വിവാഹം ചെയ്താൽ പിന്നെ നായിക നടിമാരുടെ താരമൂല്യം ഇടിയുന്ന കാലഘട്ടവുമായിരുന്നു അത്. സിമ്രാൻ ഇനി കുടുംബിനിയായി ഒതുങ്ങുമെന്നും സിനിമകൾ ചെയ്യില്ലെന്നുമാണ് ആരാധകർ കരുതിയത്. പക്ഷെ താരം ശക്തമായി തിരിച്ചെത്തി തുടരെ തുടരെ സിനിമകൾ ചെയ്തു.

ദീപക്കിനെ നടി പ്രണയിച്ച് വിവാഹം ചെയ്താണ്. ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്. രണ്ടാം വരവിൽ സിമ്രാൻ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും പങ്കെടുത്തിട്ടുണ്ട്. വിവാഹശേഷം സിമ്രാൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ സൂപ്പർസ്റ്റാർ രജനികാന്തിന്റെ പേട്ടയായിരുന്നു.
പിന്നീടാണ് വിക്രമിന്റെ ധ്രുവ നക്ഷത്രം എന്ന ചിത്രത്തിൽ സിമ്രാൻ അഭിനയിച്ചത്. പ്രായം അമ്പതിനോട് അടുക്കാനായിയെങ്കിലും സിമ്രാന് ഇന്നും ഇരുപതുകളുടെ ചെറുപ്പവും ചുറുചുറുക്കുമുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ഒരു കാലത്ത് സിമ്രാനെ കുറിച്ച് ഏറ്റവും കൂടുതൽ പ്രചരിച്ചിരുന്ന ഒരു ഗോസിപ്പ് നടൻ പ്രഭുദേവയുടെ സഹോദരൻ രാജുസുന്ദരവുമായുള്ള പ്രണയത്തിന്റെ പേരിലായിരുന്നു. രാജുസുന്ദരവും ഒരു കൊറിയോഗ്രാഫറും നടനുമായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്ന സമയങ്ങളിൽ സിമ്രാൻ നായികനായ ചില ചിത്രങ്ങളുടെയെല്ലാം കൊറിയോഗ്രാഫറായി രാജുസുന്ദരമാണ് പ്രവർത്തിച്ചിരുന്നത്.
ഒരിക്കൽ രാജുസുന്ദരവും വിജയകാന്തും തമ്മിൽ സിമ്രാനെ ചൊല്ലി തർക്കിച്ചതായും റിപ്പോർട്ടുകളുണ്ട്. സിമ്രാനൊപ്പം ഒരു സിനിമയിൽ വിജയകാന്ത് ആയിരുന്നു നായകൻ. വിജയകാന്തും സിമ്രാനും ഒന്നിച്ചുള്ള ഡ്യൂയറ്റ് ഗാനം സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുകയായിരുന്നു. എന്നാൽ രാജുസുന്ദരം വിജയകാന്തിനെ ഒരിടത്തും സിമ്രനെ മറ്റൊരിടത്തും നിർത്തി ഡാൻസ് ചെയ്യുന്ന തരത്തിൽ കൊറിയോഗ്രഫി ചെയ്തു.

ഇതൊന്നും ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്ന് മനസിലായി ക്ഷമ നശിച്ച വിജയകാന്ത് രാജുസുന്ദരത്തോട് ദേഷ്യപ്പെടുകയും കൊറിയോഗ്രഫി മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് രാജുസുന്ദരം സിമ്രനെയും വിജയകാന്തിനെയും ഒരുമിച്ച് നിർത്തി നൃത്തം ചെയ്യിപ്പിച്ച് ഡ്യൂയറ്റെടുത്തു. അമ്പത്തിരണ്ടുകാരനായ രാജുസുന്ദരം വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ഇന്ന്.
ജീൻസ്, സൈസ് സീറോ അടക്കമുള്ള സിനിമകളിൽ അഭിനയിക്കുകയും നൂറിൽ അധികം സിനിമകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. രാജുസുന്ദരത്തിന് നൃത്തം രക്തത്തിലുള്ളതാണ്. പ്രഭുദേവയ്ക്കും ഡാൻസിനോട് പ്രിയം വരാൻ കാരണം അച്ഛൻ വഴി ജന്മനാ നൃത്തം ശരീരത്തിൽ ഉള്ളതുകൊണ്ടാണ്.


Click it and Unblock the Notifications