കുടുംബ വിഷയങ്ങൾ സംസാരിച്ച് ജ്യോതികയുടെ ചേച്ചി നഗ്മ; സൂര്യയുടെ പിതാവിന് ഇഷ്ടപ്പെട്ടില്ല; അന്ന് നടന്നത്
തമിഴ് സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളായാണ് ഇരുവരെയും ആരാധകർ കാണുന്നത്. സൂര്യ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ജ്യോതിക സംസാരിച്ചിട്ടുണ്ട്. വിവാഹശേഷം കരിയറിനപ്പുറം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. 2006 ലാണ് ജ്യോതികയും സൂര്യയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജ്യോതിക വിവാഹിതയാകുന്നതും അഭിനയ രംഗം വിടുന്നതും.
രണ്ട് സാസ്കാരങ്ങളിൽ വളർന്നവരാണ് സൂര്യയും ജ്യോതികയും. ജ്യോതിക മുംബൈക്കാരിയാണ്. സൂര്യ തമിഴ്നാട്ടുകാരനും. സൂര്യയുടെ കൂട്ടുകുടുംബ അന്തരീക്ഷത്തിലേക്കാണ് വിവാഹശേഷം ജ്യോതിക കടന്ന് ചെന്നത്. സിനിമയിലെ താരറാണി സൂര്യയുടെ വീട്ടിൽ വീട്ടമ്മയായി ഒതുങ്ങുമോ എന്ന് പലരും ചോദിച്ചു. എന്നാൽ സൂര്യയുടെ തമിഴ് കുടുംബവുമായി പെട്ടെന്ന് ഇഴുകി ചേരാൻ ജ്യോതികയ്ക്ക് കഴിഞ്ഞു. തമിഴ് പോലും സംസാരിക്കാനറിയാത്ത കാലത്താണ് ജ്യോതിക സൂര്യയുടെ വീട്ടിലെത്തുന്നതും.

ഭർത്താവിന്റെ വീട്ടുകാർ കുടുംബ ബന്ധങ്ങൾക്കും പാരമ്പര്യ മൂല്യങ്ങൾക്കും നൽകുന്ന പ്രാധാന്യം തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. ഇപ്പോഴിതാ ജ്യോതികയെയും സൂര്യയെയും കുറിച്ച് വിവാഹത്തിന് മുമ്പ് വന്ന ചില ഗോസിപ്പുകളാണ് ശ്രദ്ധ നേടുന്നത്. ജ്യോതികയുടെ സഹോദരിയാണ് നഗ്മ. ജ്യോതികയുടെ അമ്മ ഷമ കാസിയുടെ ആദ്യ ഭർത്താവ് അരവിന്ദ് മൊറാർജിയുടെ മകൾ. വ്യവസായിരുന്നു ഇദ്ദേഹം.
നഗ്മ ജനിച്ചതിന് ശേഷം ഷമ കാസിയും അരവിന്ദ് മൊറാർജിയും അകന്നു. ഈ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് സിനിമാ നിർമാതാവായ ചന്ദർ സദ്ന ഷമയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഈ വിവാഹബന്ധത്തിൽ പിറന്ന മകളാണ് ജ്യോതിക. തന്റെ അച്ഛനെക്കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുമെല്ലാം നഗ്മ അഭിമുഖങ്ങളിൽ സംസാരിക്കുകയുണ്ടായി.

അന്ന് നഗ്മയുടെ താരത്തളക്കം കുറയുകയും ജ്യോതിക താരമായി മാറുകയും ചെയ്ത സമയമാണ്. ഇരുവരുടെയും കുടുംബ രഹസ്യങ്ങളെന്ന പേരിൽ നഗ്മയുടെ അഭിമുഖങ്ങൾ വാർത്താ പ്രാധാന്യം നേടി. അക്കാലത്ത് ജ്യോതികയും സൂര്യയും പ്രണയത്തിലാണ്. ഇവരുടെ ബന്ധത്തിന് സൂര്യയുടെ പിതാവ് ശിവകുമാർ പൂർണ സമ്മതമല്ലാത്ത സമയം. ജ്യോതികയുടെ കുടുംബ വിഷയം വാർത്തയായതിൽ ശിവകുമാറിന് അതൃപ്തി തോന്നി.
ജ്യോതികയുമായുള്ള വിവാഹത്തിൽ പിതാവ് എതിർപ്പ് പറഞ്ഞു. എന്നാൽ ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനത്തിൽ സൂര്യ ഉറച്ച് നിന്നെന്നാണ് അന്ന പുറത്ത് വന്ന റിപ്പോർട്ടുകൾ. അതേസമയം ഇക്കാര്യം ജ്യോതികയുമായി സൂര്യ സംസാരിച്ചെന്നും നഗ്മ എന്തിനാണ് ഇങ്ങനെയൊരു അഭിമുഖം നൽകിയതെന്ന് ചോദിച്ചെന്നും അന്ന് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗോസിപ്പുകളെക്കുറിച്ചൊന്നും താര ദമ്പതികൾ അന്ന് പ്രതികരിച്ചില്ല. അർധസഹോദരിമാരാണെങ്കിലും നഗ്മയും ജ്യോതികയും തമ്മിൽ വലിയ ആത്മബന്ധമുണ്ട്. അടുത്ത കാലത്തും സൂര്യയെയും ജ്യോതികയെയും കുറിച്ച് ഗോസിപ്പുകൾ വന്നു. താര ദമ്പതികൾ മുംബൈയിലേക്ക് താമസം മാറിയതിന് കാരണം സൂര്യയുടെ കുടുംബവുമായുള്ള പ്രശ്നമാണെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ജ്യോതിക ഇക്കാര്യം നിഷേധിച്ചു. തന്റെ മാതാപിതാക്കൾക്ക് പ്രായമായി. അവരോടൊപ്പം സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് താൽക്കാലികമായി മുംബൈയിലേക്ക് താമസം മാറിയതെന്ന് ജ്യോതിക വ്യക്തമാക്കി.


Click it and Unblock the Notifications











