സിനിമകൾ ഉപേക്ഷിച്ച് മഹേഷിന്റെ ഭാര്യയായി; തൃഷയുടെ കടന്ന് വരവോടെ പ്രശ്നങ്ങൾ; അന്ന് നടന്നത്
തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്ക്കറും. 2005 ൽ വിവാഹിതരായ ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. അടുത്തിടെയാണ് താരദമ്പതികളുടെ മൂത്ത മകൾ സിത്താര വാർത്തകളിൽ ഇടം പിടിച്ചത്. ഒരു ജ്വല്ലറി പരസ്യത്തിൽ അഭിനയിച്ച സിത്താര പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. താരപുത്രിയുടെ മാതൃകാപരമായ പ്രവൃത്തിയെ ഏവരും അഭിനന്ദിച്ചു.
തെലുങ്കിലെ തിരക്കുള്ള സൂപ്പർതാരമാണെങ്കിലും കുടുംബ ജീവിതത്തിന് മഹേഷ് ബാബു പ്രാധാന്യം നൽകുന്നു. അറിയപ്പെടുന്ന നടിയായിരുന്ന നമ്രത മഹേഷ് ബാബുവുമായുള്ള വിവാഹശേഷമാണ് അഭിനയ രംഗം വിട്ടത്. വിവാഹശേഷം നമ്രത അഭിനയം തുടരരുതെന്ന് മഹേഷ് ബാബുവിന് നിർബന്ധം ഉണ്ടായിരുന്നു. നമ്രത തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ജോലിക്ക് പോകാത്ത ഭാര്യയെയാണ് തനിക്കാവശ്യം എന്ന് മഹേഷ് ബാബു തീരുമാനിച്ചിരുന്നു.

സിനിമാ അഭിനയം നിർത്താൻ തനിക്കും മടി തോന്നിയില്ല. അങ്ങനെയാണ് കുടുംബ ജീവിതത്തിലേക്ക് പൂർണ ശ്രദ്ധ നൽകുന്നതെന്നും നമ്രത തുറന്ന് പറഞ്ഞു. വിവാഹശേഷം താരദമ്പതികളെക്കുറിച്ച് വന്ന ചില അഭ്യൂഹങ്ങളാണ് തെലുങ്ക് മാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2005 ൽ വിവാഹം നടക്കുന്നതിന് തൊട്ട് മുമ്പ് നടി തൃഷയും മഹേഷ് ബാബുവും അതഡു എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സൈനികുടു എന്ന സിനിമയിലും മഹേഷ് ബാബുവിന്റെ നായികയായി തൃഷയെത്തി. ഇതോടെ ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾ തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. തൃഷയും തന്റെ ഭർത്താവും പ്രണയത്തിലാകുമെന്ന് നമ്രത ഭയന്നു. സൈനികുടു എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വീട്ടിൽ മഹേഷ് ബാബവും നമ്രതയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായെന്ന് അന്ന് വാർത്തകൾ പ്രചരിച്ചു.

ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങളും അക്കാലത്ത് പരന്നു. അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാൻ താരദമ്പതികൾ തയ്യാറായില്ല. ഗോസിപ്പുകളെ അവഗണിച്ച് ഇരുവരും കുടുംബ ജീവിതത്തിൽ ശ്രദ്ധ നൽകി. അന്ന് ഉയർന്ന് വന്ന അഭ്യൂഹങ്ങൾ സത്യമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ച് നമ്രത സംസാരിച്ചിരുന്നു. ഞങ്ങൾ പരസ്പരം അന്ധമായി വിശ്വസിക്കുന്നവരാണ്.
ഇടയ്ക്കിടെ വിളിച്ച് എവിടെയാണ്, ആരുടെ കൂടെയാണ് എന്നൊന്നും ഞങ്ങൾ ചോദിക്കാറില്ല. ഞങ്ങൾ വിവാഹത്തിന് മുമ്പേ സുഹൃത്തുക്കളായിരുന്നു. മഹേഷ് എന്നിൽ നിന്നോ ഞാൻ മഹേഷിൽ നിന്നോ ഒന്നും ഒളിക്കുന്നില്ലെന്നും അന്ന് നമ്രത ശിരോദ്ക്കർ വ്യക്തമാക്കി. മക്കളുടെ കാര്യത്തിലാണ് ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാറ്. എന്തെങ്കിലും കാര്യം നേടാൻ കുട്ടികൾ അദ്ദേഹത്തെ സമീപിക്കും. ഞാൻ എതിർക്കും. മഹേഷ് ബാബു നല്ല അച്ഛനാണെന്നും നമ്രത അന്ന് വ്യക്തമാക്കി.
മഹേഷ് ബാബുവിനെയും തൃഷയെയും ഒപ്പം ചേർത്തുള്ള ഗോസിപ്പുകൾ കുറച്ച് നാൾ കൊണ്ട് അവസാനിച്ചു. പിന്നീട് തെലുങ്ക് നടൻ റാണ ദഗുബതിക്കൊപ്പം ചേർത്തും തൃഷയുടെ പേര് ഉയർന്ന് വന്നിരുന്നു. അതേസമയം ഇത് വെറും അഭ്യൂഹം മാത്രമായിരുന്നില്ല. തങ്ങൾ പ്രണയത്തിലാണെന്ന് തൃഷയും റാണയും തുറന്ന് പറഞ്ഞിട്ടുണ്ട്. കുറച്ച് കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും പിരിഞ്ഞു.
തെലുങ്കിൽ ഇപ്പോൾ മുമ്പത്തെ പോലെ സജീവമല്ല തൃഷ. നടിയുടെ ഒരു തെലുങ്ക് ചിത്രം പുറത്തിറങ്ങിയിട്ട് നാളുകളായി. അതേസമയം നടൻ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിൽ തൃഷ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. 17 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.


Click it and Unblock the Notifications