ഒരു മകൻ കൂടിയുണ്ടായിരുന്നു, അല്ലു അർജുന്റെ ചേട്ടന് സംഭവിച്ചത്; താര കുടുംബത്തെ ദുഖത്തിലാഴ്ത്തിയ നാളുകൾ
സൂപ്പർ താര പദവിയിരിക്കുന്ന നടൻ അല്ലു അർജുൻ ഇന്ന് തെലുങ്ക് സിനിമാ ലോകത്തിന്റെ ഐക്കൺ ആണ്. പുഷ്പ 2 ദ റൂളിന്റെ വിജയം അല്ലു അർജുന്റെ താരമൂല്യം ഉയർത്തി. തെലുങ്ക് സിനിമാ രംഗത്ത് അല്ലു അർജുൻ, രാം ചരൺ, പ്രഭാസ്, ജൂനിയർ എൻടിആർ എന്നിവരാണ് ബോക്സ് ഓഫീസ് അടക്കി വാഴുന്നവർ. അല്ലു അർജുന്റെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരിൽ ഒരാൾ നടന്റെ പിതാവ് അല്ലു അരവിന്ദാണ്. നിർമാതാവാണ് അല്ലു അരവിന്ദ്. അല്ലു അരവിന്ദിന്റെ സഹോദരിയെയാണ് മെഗാ സ്റ്റാർ ചിരഞ്ജീവി വിവാഹം ചെയ്തത്.
ചിരഞ്ജീവിയുടെ താരത്തിളക്കത്തിന്റെ നിഴലിലാണ് അല്ലു അർജുൻ വളർന്നതും നിലനിൽക്കുന്നതുമെന്ന് ടോളിവുഡിൽ മുമ്പ് സംസാരമുണ്ടായിരുന്നു. എന്നാൽ ഇനിയങ്ങനെ പറയാൻ സാധിക്കില്ല. ചിരഞ്ജീവിക്കുള്ള ജനപ്രീതിയേക്കാൾ മുകളിൽ അല്ലു അർജുനെത്തിയെന്നാണ് ആരാധകർ പറയുന്നത്.

അല്ലു അർജുന്റെ അനുജനാണ് അല്ലു സിരിഷ്. ചേട്ടന്റെയത്ര താരമൂല്യമില്ലെങ്കിലും അല്ലു സിരിഷും സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. അല്ലു വെങ്കടേഷ് എന്ന അല്ലു അർജുന്റെ ചേട്ടന്റെ പേര്. ബിസിനസുകാരനാണ് അല്ലു വെങ്കടേഷ്. അല്ലു അരവിന്ദിന് അർജുൻ, സിരിഷ്, വെങ്കടേഷ് എന്നീ മൂന്ന് ആൺമക്കളാണുള്ളതെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ സത്യമതല്ല. അല്ലു അർജുന് ഒരു ചേട്ടൻ കൂടിയുണ്ടായിരുന്നു.
അല്ലു രാജേഷ് എന്നായിരുന്നു പേര്. മൂത്ത മകൻ അല്ലു വെങ്കടേശിന് ശേഷം ജനിച്ച മകൻ. എന്നാൽ അഞ്ചാം വയസിൽ റോഡപകടത്തിൽ അല്ലു രാജേഷ് മരിച്ചു. കുടുംബത്തെ സങ്കടത്തിലാഴ്ത്തിയ നാളുകളായിരുന്നു ഇത്. എന്നാൽ മരിച്ച് പോയ മകനെക്കുറിച്ച് പൊതുവേദികളിൽ അല്ലു അരവിന്ദ് സംസാരിച്ചിട്ടില്ല. ഇളയ മകൻ അല്ലു സിരിഷ് ഒരിക്കൽ ചേട്ടനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അച്ഛന് നാല് മക്കളുണ്ടായിരുന്നു. ഞാൻ ജനിക്കുന്നതിന് മുമ്പാണ് ചേട്ടൻ മരിച്ചതെന്നും അല്ലു സിരിഷ് പറഞ്ഞു.

പുഷ്പ 2 വലിയ വിജയമായെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുമുണ്ടായിരുന്നു. ഹെെെദരാബാദിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലായിരുന്നു. അധികൃതരെ അറിയിക്കാതെ തിയറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ആളുകൾ തടിച്ച് കൂടി. തിയറ്ററിനുള്ളിലെ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ചു. സംഭവത്തിന് അല്ലു അർജുന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനവും കാരണമാണെന്ന് തെലങ്കാന പൊലീസ് വാദിച്ചു. തിരക്ക് കൂടിയതോടെ അല്ലു അർജുനോട് സ്ഥലത്ത് നിന്നും മാറാൻ ആവശ്യപ്പെട്ടതാണ്.
എന്നാൽ സിനിമ കഴിഞ്ഞിട്ടേ പോകുന്നുള്ളൂയെന്ന് അല്ലു അർജുൻ പറഞ്ഞെന്ന് പൊലീസ് വെളിപ്പെടുത്തി. തെലങ്കാന സർക്കാർ ഒന്നടങ്കം അല്ലു അർജുനെതിരെ രംഗത്ത് വന്നിരുന്നു. തിയറ്ററിനുള്ളിലെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചെന്നും അവരുടെ മകന് പരിക്കേറ്റെന്നും അറിഞ്ഞിട്ടും അല്ലു അർജുൻ പോകാൻ തയ്യാറായില്ല. ചിരിച്ച് കൊണ്ട് ഈ സിനിമ ഹിറ്റാകുമെന്നാണ് അല്ലു അർജുൻ അപ്പോൾ പറഞ്ഞത്. പൊലീസുകാർ ഒരുപാട് പറഞ്ഞ ശേഷമാണ് നടൻ പോകാൻ തയ്യാറായതെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ആരോപിച്ചു. എന്നാൽ ആരോപണം അല്ലു അർജുൻ നിഷേധിക്കുകയാണുണ്ടായത്.


Click it and Unblock the Notifications











