എന്റെ മകൾക്ക് പ്രഭാസിനെ പോലൊരാളെ ലഭിക്കണമെന്നുണ്ട്, പക്ഷെ...; അനുഷ്ക ഷെട്ടിയുടെ അമ്മ പറഞ്ഞത്
തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡി ആണ് നടൻ പ്രഭാസും അനുഷ്ക ഷെട്ടിയും. ബാഹുബലി എന്ന സിനിമയിലൂടെയാണ് ഈ ജോഡി ഇത്രയും പ്രേക്ഷക പ്രീതി നേടിയത്. അതേസമയം ഇരുവരും ബാഹുബലിക്ക് മുന്നേ മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിൽ നായകനും നായികയും ആയി അഭിനയിച്ചിട്ടുണ്ട്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ അനുഷ്കയും പ്രഭാസും വൻ പ്രശസ്തി നേടി.
ഇതിനിടെ ആണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നത്. ഓൺസ്ക്രീനിന് പുറത്ത് ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള ചേർച്ചയും കെമിസ്ട്രിയും ഇതിന് ആക്കം കൂട്ടി. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലുമായി.

ബാഹുബലി ദ കൺ ക്ലൂഷന് ശേഷം അനുഷ്കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ പ്രണയ ഗോസിപ്പ് അതുപോലെ തുടർന്നു. തങ്ങൾ സുപഹൃത്തുക്കൾ മാത്രമാണെന്നും പ്രണയമില്ലെന്നും രണ്ട് പേരും പല തവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണ്. പക്ഷെ ഞങ്ങൾ വിവാഹം കഴിക്കാൻ പോവുന്നില്ല.ഓൺ സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലുണ്ടാവുമെന്ന് കരുതരുതെന്നായിരുന്നു അനുഷ്ക ഷെട്ടി വ്യക്തമാക്കിയത്.
ബാഹുബലിയുടെ വിജയാഘോഷങ്ങൾക്കപ്പുറം വളരെ സ്വകാര്യമായ ജീവിതമാണ് അനുഷ്ക ഷെട്ടി ഇപ്പോൾ നയിക്കുന്നത്. ചെയ്യുന്ന സിനിമകളും കുറവാണ്. അതേസമയം പ്രഭാസ് കരിയറിന്റെ തിരക്കുകളിൽ ആണ്. ബാഹുബലിക്ക് ശേഷം സാഹോ, രാധേ ശ്യം തുടങ്ങിയ സിനിമകൾ നടന്റേതായി പുറത്തിറങ്ങി. ആദിപുരുഷ് എന്ന സിനിമയും റിലീസ് ചെയ്യാനിരിക്കുന്നു.

മുമ്പൊരിക്കൽ പ്രഭാസിനെ പറ്റി അനുഷ്ക ഷെട്ടിയുടെ അമ്മ പ്രഫുല്ല ഷെട്ടിയും സംസാരിച്ചിരുന്നു. അനുഷ്കയ്ക്ക് പ്രഭാസിനെ പോലൊരു ഭർത്താവിനെ കിട്ടാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അമ്മ പറഞ്ഞത്. 'അവർ രണ്ട് പേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനുഷ്കയ്ക്ക് പ്രഭാസിനെ പോലെ ഒരു മിസ്റ്റർ പെർഫെക്ടിനെ ലഭിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ അവർ സുഹൃത്തുക്കൾ മാത്രമാണ്. അതിനാൽ അവരുടെ വിവാഹത്തെ പറ്റി ഗോസിപ്പുകൾ പ്രചരിപ്പിക്കാതിരിക്കുക,' അനുഷ്ക ഷെട്ടിയുടെ അമ്മ പറഞ്ഞതിങ്ങനെ.

അനുഷ്കയ്ക്ക് ശേഷം പ്രഭാസിനോടൊപ്പം ഉയർന്ന് കേട്ട പേരാണ് നടി കൃതി സനോനിന്റേത്. ഇരുവരും ഒന്നിച്ച് ആദിപുഷ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത് വെറും അഭ്യൂഹം മാത്രമാണെന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. ഓം റൗത്ത് സംവിധാനം ചെയ്ത സിനിമയാണ് ആദിപുരുഷ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസർ വലിയ തോതിൽ ട്രോളുകൾക്കിരയായിരുന്നു.

പ്രഭാസിന്റെ 43ാം പിറന്നാൾ ആണിന്ന്. സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. പിറന്നാൾ പ്രമാണിച്ച് നടന്റെ പഴയ സിനിമകളുടെ സ്പെഷ്യൽ ഷോകളും ആന്ധ്രയിലും തെലങ്കാനയിലും നടക്കുന്നുണ്ട്. ബാഹുബലിക്ക് ശേഷം വലിയാെരു ഹിറ്റ് അവകാശപ്പെടാനില്ലാത്ത പ്രഭാസിന്റെ വരും സിനിമകൾ സൂപ്പർ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രൊജക്ട് കെ, സലാർ എന്നിവയാണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് സിനിമകൾ.


Click it and Unblock the Notifications