സംവിധായകനെ അനുഷ്ക അന്ന് വിശ്വസിച്ചു; അബദ്ധമാകുമെന്ന് മുൻകൂട്ടി കണ്ട കീർത്തിയും; സംഭവമിങ്ങനെ
തെന്നിന്ത്യൻ സിനിമാ രംഗത്ത് അനുഷ്ക ഷെട്ടിയുടെ താരോദയം വലിയ തോതിൽ ജനശ്രദ്ധ നേടിയതാണ്. തെലുങ്ക് സിനിമാ രംഗത്ത് തരംഗമായിക്കൊണ്ടിരിക്കെയാണ് നടി തമിഴ് സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്. സൂപ്പർസ്റ്റാറുകളുടെ നായികയായി അനുഷ്കയ്ക്ക് തുടരെ അവസരങ്ങൾ ലഭിച്ചു. രാജകീയ വേഷങ്ങളിൽ മറ്റേത് നായികയേക്കാളും തിളങ്ങുന്ന നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി, ബാഹുബലി, ബാഗ്മതി എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. മാസ് സ്ക്രീൻ പ്രസൻസുള്ള അനുഷ്ക ഇന്ന് സിനിമാ രംഗത്ത് പഴയത് പോലെ സജീവമല്ല.
അനുഷ്കയുടെ കരിയറിൽ സംഭവിച്ചതെന്തെന്ന് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. തുടരെ സിനിമകൾ ചെയ്തിരുന്ന അനുഷ്ക പിന്നീട് അഭിനയ രംഗത്ത് നിന്നും കുറച്ച് നാൾ മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് മറ്റ് ചില കാരണങ്ങളും ഉണ്ടെന്നാണ് സിനിമാ ലോകത്ത് വന്ന സംസാരം. 2015 ൽ പുറത്തിറങ്ങിയ സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി നടി വലിയ തോതിൽ വണ്ണം കൂട്ടിയിരുന്നു. പിന്നീട് പഴയ രൂപ ഭംഗിയിലേക്ക് തിരച്ചെത്താൻ അനുഷ്കക്ക് കഴിഞ്ഞില്ലെന്നാണ് അടക്കം പറച്ചിലുകൾ.

ഇതേക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകന് മേലുള്ള വിശ്വാസത്തിന്റെ പുറത്താണ് വണ്ണം കൂട്ടുന്നത്. വണ്ണം പിന്നീട് കുറയ്ക്കാൻ പറ്റിയില്ല. യോഗ ടീച്ചറായിരുന്നു അനുഷ്ക. എന്നിട്ടും താരത്തിന് വണ്ണം കുറയ്ക്കാൻ പറ്റിയില്ലല്ലോ എന്നായിരുന്നു പലരുടെയും ആശ്ചര്യം. വണ്ണം കൂടിയ സമയത്ത് അനുഷ്കയ്ക്ക് സിനിമകളേ ഇല്ലാതായി. വന്ന സിനിമകളൊന്നും നടി കമ്മിറ്റ് ചെയ്തതുമില്ല. മനോവിഷമം അനുഷ്കയ്ക്കുണ്ടായിരുന്നു. വണ്ണം കൂടിയതിനെക്കുറിച്ച് പല കഥകളും പ്രചരിച്ചു. ഇതോടെ വീട്ടിൽ നിന്നും അനുഷ്ക പുറത്തിറങ്ങാത്ത സാഹചര്യം വരെയുണ്ടായെന്നും ചെയ്യാറു ബാലു പറയുന്നു.
യോഗ ടീച്ചറായിരുന്ന അനുഷ്കയ്ക്ക് സിനിമകളോട് താൽപര്യമില്ലായിരുന്നു. പൊതുവെ താൽപര്യമില്ലാതെ കടന്ന് വരുന്നവരെ സിനിമ വിടില്ല. വല്ലാതെ ആഗ്രഹിച്ച് വരുന്നവരെ മൂലയ്ക്കിരുത്തും. എഴുതപ്പെടാത്ത വിധിയാണതെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

അനുഷ്ക ഷെട്ടി വണ്ണം കൂട്ടിയത് സിനിമാ ലോകത്ത് അന്ന് വലിയ ചർച്ചയായിരുന്നു. പ്രത്യേകിച്ചും നായിക നടിമാർക്കിടയിൽ. അനുഷ്കയ്ക്ക് പറ്റിയ പിഴവ് വരാകിരിക്കാൻ ശ്രദ്ധിച്ച നടിയാണ് കീർത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സിനിമയുടെ അവസാന രംഗങ്ങൾക്കായി വണ്ണം കൂട്ടാൻ കീർത്തിയോട് സംവിധായകൻ ആവശ്യപ്പെട്ടിരുന്നു.
പഴയ കാല നടി സാവിത്രിയുടെ ബയോപിക്കാണ് മഹാനടി. അവസാന കാലത്ത് സാവിത്രി വല്ലാതെ വണ്ണം വെച്ചിരുന്നു. ഇതിനാലാണ് കീർത്തിയോട് വണ്ണം കൂട്ടാൻ സംവിധായകൻ ആവശ്യപ്പെട്ടത്. എന്നാൽ അമിതമായി വണ്ണം വെക്കാൻ കീർത്തി തയ്യാറായില്ല. പിന്നീട് വണ്ണം കുറയ്ക്കാനുണ്ടാകുന്ന ബുദ്ധിമുട്ടും മറ്റ് സിനിമകളിലെ അവസരം ഇല്ലാതാകുന്നതുമാണ് കീർത്തിയെ പിന്നോട്ട് വലിച്ചത്. അനുഷ്കയുടെ വണ്ണം കൂടിയത് സിനിമാ ലോകത്ത് ചർച്ചയായിരിക്കെയാണ് കീർത്തി ഇങ്ങനെയൊരു തീരുമാനം എടുത്തത്.
വണ്ണം കൂട്ടിയില്ലെങ്കിലും മഹാനടിയിൽ അവിസ്മരണീയ പ്രകടനം കീർത്തി കാഴ്ച വെച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് മഹാനടിയിലൂടെ ലഭിച്ചു. മറുവശത്ത് അനുഷ്ക ഷെട്ടിഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അനുഷ്ക തിരിച്ചെത്തിയത്.


Click it and Unblock the Notifications