പ്രഭുദേവയ്ക്ക് വേണ്ടി സിനിമാഭിനയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച നയൻതാര; പക്ഷെ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് നടി നയൻതാര. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക, ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരിലാെരാൾ തുടങ്ങിയ വിശേഷണങ്ങളാണ് ഇന്ന് നയൻതാരക്കുള്ളത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ജവാനിലും നയൻതാര എത്തുന്നുണ്ട്.
അടുത്തിടെ സംവിധായകനായ വിഘ്നേശ് ശിവനുമായുള്ള നടിയുടെ വിവാഹവും കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും സിനിമാ അഭിനയം തുടരാനാണ് നടിയുടെ തീരുമാനം. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും കരിയറിനെ മുറുകെ പിടിച്ച നയൻതാരയ്ക്ക് മികച്ച പ്രൊഫഷണൽ എന്ന പേരു കൂടിയുണ്ട്.

അതേസമയം ഒരു ഘട്ടത്തിൽ നയൻതാര സിനിമാ മേഖല പൂർണമായും വിടാൻ തീരുമാനിച്ചിരുന്നു. 2011 ലായിരുന്നു നടി ഇത്തരമാെരു പ്രഖ്യാപനം നടത്തിയത്. ആ കാലഘട്ടത്തിൽ നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു നയൻതാര. കോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു ഇത്. വിവാഹിതനും പിതാവുമായ പ്രഭുദേവ സിനിമ ചിത്രീകരണങ്ങൾക്കിടെ നയൻതാരയുമായി അടുക്കുകയായിരുന്നു.

പ്രഭുദേവയുമായി കടുത്ത പ്രണയത്തിലായ നയൻ അദ്ദേഹത്തിന്റെ പേര് കൈയിൽ പച്ചകുത്തുകയും ചെയ്തിരുന്നു. നയൻ-പ്രഭുദേവ പ്രണയ കഥ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. ഇതിനിടെ ഭാര്യ റംലത്തും പ്രഭുദേവയും തമ്മിലുള്ള ബന്ധം അകന്നു. റംലത്ത് പരസ്യമായി നയൻതാരയ്ക്കെതിരെ രംഗത്ത് വരികയുമുണ്ടായി. തന്റെ ഭർത്താവിനെ നടി തട്ടിയെടുക്കുകയാണെന്നായിരുന്നു റംലത്തിന്റെ ആരോപണം. വൈകാതെ റംലത്തിൽ നിന്നും പ്രഭുദേവ വിവാഹമോചനം നേടുകയും ചെയ്തു.

ഇതോടെ പ്രഭുദേവയെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കാൻ നയൻതാര ഒരുങ്ങി. അഭിനയം വിടുകയാണെന്ന് പറഞ്ഞ നടി ആ വർഷം ഇറങ്ങിയ തെലുങ്ക് ചിത്രം ശ്രീ രാമ രാജ്യമാണ് തന്റെ അവസാന സിനിമയെന്നും പ്രഖ്യാപിച്ചു. ഇതിനിടെ നയൻസ് മതം മാറുകയും ചെയ്തിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു ഈ തീരുമാനമെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നു. പ്രഭുദേവയും നയൻതാരയും തമ്മിൽ അകലാൻ തുടങ്ങി. ഇരുവരും ബന്ധം അവസാനിപ്പിച്ചു.

നടിയെ അപ്പാടെ തകർത്തു കളഞ്ഞ സംഭവമായിരുന്നു ഇതെന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലൈം ലൈറ്റിൽ നിന്നും പൂർണമായും വിട്ടു നിൽക്കാൻ ആഗ്രഹിച്ച നടി കേരളത്തിൽ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി. രണ്ട് വർഷം നടി സിനിമകളേ ചെയ്തില്ല. 11 മാസം വീടിനുള്ളിൽ തന്നെ ഇരുന്ന നടി ടിവിയിൽ താനഭിനയച്ച സിനിമകളോ ഗാനരംഗങ്ങളോ പോലും കാണാനാഗ്രഹിച്ചില്ല. ഒടുവിൽ 2013 ൽ സംവിധായകൻ അറ്റ്ലീയാണ് നയൻതാരയെ വീണ്ടും സിനിമയിലെത്തിച്ചത്.
Recommended Video

അറ്റ്ലിയുടെ ആദ്യ ചിത്രമായിരുന്ന രാജ റാണിയിലെ വേഷം ചെയ്യാൻ ഇദ്ദേഹം നയൻതാരയെ സമീപിച്ചു. ഒടുവിൽ ഈ ചിത്രത്തിലൂടെ തിരിച്ചു വരാൻ നയൻസ് തീരുമാനിക്കുകയായിരുന്നു. രാജ റാണി റിലീസായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തിയ്യറ്ററിൽ ചിത്രം നൂറ് ദിവസം ഓടി. നയൻതാരയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നസ്രിയ, ആര്യ, ജയ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തകർപ്പൻ ഹിറ്റായതോടെ നയൻതാരയെ തേടി കൂടുതൽ വേഷങ്ങളെത്തി. പിന്നീട് 2015 ലെത്തുമ്പോഴേക്കും നയൻസിന് തുടരെ ഹിറ്റ് ചിത്രങ്ങൾ ലഭിച്ച് തുടങ്ങി. മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി 2015-16 വർഷങ്ങളിലിറങ്ങിയ നടിയുടെ സിനിമകൾ വമ്പൻ ഹിറ്റായി. ഇതോടെ ബോക്സ് ഓഫീസ് മൂല്യമുള്ള നടിയായി നയൻതാര വളർന്നു.


Click it and Unblock the Notifications











