നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില കേട്ട് ഞെട്ടി നിർമാതാവ്; സെറ്റിൽ പ്രശ്നം; നടി ഇറങ്ങിപ്പോയി; അന്ന് നടന്നത്
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് നഗ്മ. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച നഗ്മ അക്കാലത്തെ മാദക താരമായിരുന്നു. മുംബൈക്കാരിയായ നഗ്മയ്ക്ക് തെന്നിന്ത്യൻ സിനിമാ രംഗത്താണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച നഗ്മയ്ക്ക് വളരെ പെട്ടെന്ന് കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചു. ഗോസിപ്പുകൾ വിടാതെ പിന്തുടർന്ന നടിയുമാണ് നഗ്മ.
ശരത് കുമാർ ഉൾപ്പെടെയുള്ള നടൻമാർക്കൊപ്പം നഗ്മയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നു. നഗ്മയ്ക്ക് അധോലോകത്തെ പ്രമുഖനുമായി ബന്ധമുണ്ടെന്ന് വരെ ഒരു ഘട്ടത്തിൽ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാൽ ഗോസിപ്പുകളെയെല്ലാം നേരിട്ട് സധൈര്യം മുന്നോട്ട് പോകാൻ നഗ്മയ്ക്ക് സാധിച്ചു. വിവാദ കലുഷിതമായ കരിയർ തന്റെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാൻ നഗ്മ ശ്രദ്ധിച്ചു.

വർഷങ്ങൾക്ക് മുമ്പ് നഗ്മ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭാരത സിംഹം എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സംവിധായകൻ സാഗർ സംസാരിച്ചത്. നടൻ മഹേഷ് ബാബുവിന്റെ പിതാവായ അന്തരിച്ച സൂപ്പർ താരം കൃഷ്ണയാണ് ചിത്രത്തിൽ നായകനായത്.
സിനിമയിൽ നഗ്മയുടെ കോസ്റ്റ്യും സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായെന്ന് സംവിധായകൻ പറയുന്നു. സിനിമയ്ക്ക് വേണ്ടി നഗ്മ തെരഞ്ഞെടുത്തത് രണ്ട് ഷോർട്സുകളാണ്. എന്നാൽ ഈ കോസ്റ്റ്യൂമിന്റെ വില പ്രൊഡ്യൂസർക്ക് താങ്ങാനായില്ല. അറുപതിനായിരം രൂപയായിരുന്നു നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില. അന്നത്തെ കാലത്ത് ഇത് വലിയ തുകയാണ്. നായികയുടെ കോസ്റ്റ്യൂമിന് ഇത്ര വലിയ തുക മുടക്കാൻ കഴിയില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞു.

ഇത് നഗ്മയ്ക്കും നിർമാതാവിനും ഇടയിൽ പ്രശ്നങ്ങളുണ്ടാക്കി. ഷൂട്ടിംഗ് മുടങ്ങുമെന്ന സാഹചര്യമായപ്പോൾ സംവിധായകൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ നഗ്മ ഇതിന് തയ്യാറായില്ല. താൻ ദേഷ്യപ്പെട്ടപ്പോൾ നഗ്മ സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നും സംവിധായകൻ പറയുന്നു. നഗ്മയെ തിരി കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ സിനിമയുടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു. പിന്നീടൊരിക്കലും താൻ നഗ്മയ്ക്കൊപ്പം സിനിമ ചെയ്തിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
അഭിനയ രംഗത്ത് വർഷങ്ങളായി നഗ്മ സജീവമല്ല. സിനിമാ കരിയറിൽ താരത്തിളക്കം കുറഞ്ഞ ഘട്ടത്തിൽ നടി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് വിവാദങ്ങൾ വന്നെങ്കിലും ഇതെല്ലാം നേരിടാൻ നഗ്മയ്ക്ക് കഴിഞ്ഞു. നടി ജ്യോതികയുടെ അർധ സഹോദരിയാണ് നഗ്മ. അരവിന്ദ് മൊറാർജിയെന്നാണ് നഗ്മയുടെ പിതാവിന്റെ പേര്. ഷമ കാസി എന്നാണ് അമ്മയുടെ പേര്.
നഗ്മയുടെ പിതാവ് അരവിന്ദ് മൊറാർജിയുമായി വേർപിരിഞ്ഞ ശേഷം ഷമ കാസി ചന്ദർ സദന എന്ന നിർമാതാവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ പിറന്ന മകളാണ് ജ്യോതിക. റോഷ്നി എന്ന സഹോദരിയും ജ്യോതികയ്ക്കുണ്ട്. നഗ്മ സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണെങ്കിലും ജ്യോതിക ഇപ്പോഴും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications











