സിൽക്ക് സ്മിത മുതൽ അമല വരെ: രജനികാന്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച ഗോസിപ്പുകൾ
തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജിനികാന്തിനെ ഒരു തികഞ്ഞ കുടുംബനാഥനായിട്ടാണ് ഇന്നത്തെ തലമുറ അറിയുന്നത്. ഭാര്യ ലത രംഗാചാരിയ്ക്കും, മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവർക്കുമൊപ്പം സ്വസ്ഥ ജീവിതം നയിക്കുകയാണ് സീനിയർ താരം. കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ഗോസിപ്പ് കോളങ്ങളിൽ നിന്നും, വിവാദങ്ങളിൽ നിന്നും കഴിയുന്നത്ര മാറിയാണ് ലെജൻഡറി നടൻ ജീവിക്കുന്നത്.
എന്നാൽ, ഇങ്ങനെ ആയിരുന്നല്ല 1980കളിലെ രജനികാന്തിന്റെ ജീവിതം. ലതയുമായിട്ടുള്ള വിവാഹത്തിന് മുൻപും, ശേഷവും, സൂപ്പർസ്റ്റാർ പല വട്ടം ഗോസിപ്പുകളുടെ ഇരയായിട്ടുണ്ട്. അതിൽ പ്രധാനം, തെന്നിന്ത്യയിലെ അക്കാലത്തെ ഏറ്റവും വിലപ്പിടിപ്പുള്ള താരം സിൽക് സ്മിതയുമായും, പ്രശസ്ത നടി അമലയുമായും രജിനികാന്തിന് ബന്ധമുണ്ടായിരുന്നു എന്ന തരത്തിൽ വന്ന റിപ്പോർട്ടുകളായിരുന്നു.
രജനികാന്തും സിൽക്ക് സ്മിതയും തമ്മിൽ
കമൽഹാസനൊപ്പം അഭിനയിച്ച മൂന്ട്രാം പിറവി എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടിയാണ് സിൽക്ക് സ്മിത. അന്നത്തെ നായികമാർ അഭിനയിക്കാൻ ഭയന്നിരുന്ന വേഷങ്ങളിലും, ബിക്കിനി ധരിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാനുള്ള തീരുമാനത്തിലൂടെയും, അവർ പേരെടുത്തു. പ്രതാപകാലത്ത്, സിൽക്കിന്റെ ജനപ്രീതി രജനീകാന്ത്, ചിരഞ്ജീവി, കമൽഹാസൻ എന്നിവരെ പോലും മറികടന്നിരുന്നു. രജിനിയ്ക്കൊപ്പം നിരവധി ചിത്രങ്ങളിൽ, ചെറിയ വേഷങ്ങളിലും, നൃത്ത രംഗങ്ങളിലും സിൽക്ക് സ്മിത അഭിനയിച്ചിട്ടുണ്ട്.

ഒരു തികഞ്ഞ കുടുംബനാഥൻ എന്നാണ് രജനികാന്ത് അറിയപ്പെട്ടിരുന്നതെങ്കിലും, സൂപ്പർ താരത്തിന് സിൽക്ക് സ്മിതയുമായി ബന്ധമുണ്ടെന്ന് നിരവധി കിംവദന്തികൾ ആ കാലയളവിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈ റിപ്പോർട്ടുകൾക്കൊന്നും ഇത് വരെ സ്ഥിരീകരണമൊന്നുമില്ല. പക്ഷെ, സിൽക്കിന്റെ ജീവിതം ആസ്പദമാക്കി 2011ൽ പുറത്തിറങ്ങിയ ബ്ളോക്ക്ബസ്റ്റർ ചിത്രമായ ദി ഡെർട്ടി പിക്ചറിൽ, നസീറുദ്ദിൻ ഷാ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് രജനികാന്ത് ആണെന്നാണ് സൂചന.
പിന്നീട് വിദ്യ ബാലൻ നായികയായ ചിത്രത്തിന്റെ നിർമാതാക്കൾ ഈ വാർത്തകൾ നിഷേധിച്ചുവെങ്കിലും, രജനികാന്തും സിൽക്ക് സ്മിതയും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആ സമയത്ത് മാധ്യമങ്ങളും പ്രേക്ഷകരും വീണ്ടും ചർച്ച ചെയ്തു തുടങ്ങി. പക്ഷെ രജനിയും തമിഴ് സിനിമയും മൗനം തുടർന്നു. കൈവിട്ടു പോയ കരിയറും, കുടുംബവും ഒക്കെ ഓർത്ത് വിഷാദാവസ്ഥയിൽ കഴിഞ്ഞിരുന്ന സിൽക്ക് സ്മിത, 1996ൽ തന്റെ ചെന്നൈ അപ്പാർട്മെന്റിൽ വച്ച് ജീവനൊടുക്കി. പക്ഷെ നടിയുടെ മരണ ശേഷം, സിനിമാരംഗത്ത് നിന്നും ആരും അന്തിമോപചാരം അർപ്പിക്കാൻ പോലും എത്തിയില്ല എന്നതാണ് സങ്കടകരം.
രജനികാന്ത് - അമല പ്രണയം; വീട് വിട്ടിറങ്ങിയ ലത
രജിനികാന്തിന് മുപ്പത്തിയാറും, അമലയ്ക്ക് പത്തൊൻപതും വയസ്സ് പ്രായമുള്ളപ്പോഴാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. വേലൈക്കാരൻ, കോടി പറക്കുത്, മാപ്പിളൈ, തുടങ്ങിയ ചിത്രങ്ങൾ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. പക്ഷെ അമലയും രജനീകാന്തുമായുള്ള പ്രൊഫഷണൽ ബന്ധം അടുത്ത സൗഹൃദത്തിലേക്കും, പിന്നീട് പ്രണയത്തിലേക്കും വഴിമാറിയെന്നാണ് റിപോർട്ടുകൾ വന്നത്. അമല ഷൂട്ടിംഗിന് പോകുമ്പോഴെല്ലാം നടിയെ രജനീകാന്ത് പോയി കണ്ടിരുന്നു എന്നാണ് വിവരം.

അമലയോടുള്ള പ്രണയം കലശലായതോടെ രജനികാന്ത് തന്റെ ഭാര്യ ലത രംഗാചാരിയുമായി വേർപിരിയാൻ വരെ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. ഇത് അറിഞ്ഞ് മാനസികമായ തകർന്ന താര പത്നി, മക്കളായ ഐശ്വര്യയെയും സൗന്ദര്യയെയും കൂട്ടി വീട് വിട്ടു പോവുകയും ചെയ്തു. എന്നാൽ, സൂപ്പർസ്റ്റാറിന്റെ സിനിമ ഗുരുവായ പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ ഉടൻ തന്നെ ഈ പ്രശ്നത്തിൽ ഇടപെടുകയും, എന്തൊക്കെ സംഭവിച്ചാലും കുടുംബത്തെ കൈവിട്ടു കളയരുതെന്ന് രജനികാന്തിനെ ഉപദേശിക്കുകയും ചെയ്തു. ഭാര്യയെ ഉപേക്ഷിച്ചാൽ തന്റെ ജീവിതവും, ഫാൻസും കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ രജിനി, ലതയെ മാപ്പ് പറഞ്ഞ് തിരികെ കൊണ്ട് വരികയും, അമലയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications











