'മുൻ കാമുകൻ കെ.എൽ രാഹുലിനെ അൺഫോളോ ചെയ്തോ'; ചിമ്പുവിന്റെ കാമുകി നിധി അഗർവാൾ പറയുന്നു!
അന്നും ഇന്നും തമിഴ് താരങ്ങൾക്ക് വലിയൊരു വിഭാഗം ആരാധകർ ഇങ്ങ് കേരളത്തിലുണ്ട്. അതിനാൽ തന്നെ തെന്നിന്ത്യൻ താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവരുടെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയാനും കണ്ടെത്താനും ആരാധകർക്ക് ഇഷ്ടമാണ്. അക്കൂട്ടത്തിൽ ഒട്ടനവധി ആരാധകരുള്ള നായക നടനാണ് സിലമ്പരസൻ എന്ന ചിമ്പു. ബാലതാരമായി സിനിമാ അഭിനയം ആരംഭിച്ച ചിമ്പു ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നടനാണ്.
ഒരിടവേളയ്ക്ക് ശേഷം ചിമ്പു വീണ്ടും തമിഴ് സിനിമകളിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. ഏറ്റവും അവസാനം ചിമ്പുവിന്റേതായി പുറത്തിറങ്ങിയ സിനിമ മാനാട് ആയിരുന്നു. ചിത്രത്തിൽ കല്യാണി പ്രിയദർശനായിരുന്നു നായിക. അതിന് മുമ്പ് ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി റിലീസിനെത്തിയത്. 2011ലാണ് ചിമ്പുവിന്റെ കരിയറിലെ ഹിറ്റ് ചിത്രം ഒസ്തി റിലീസ് ആയത്. ഹിന്ദിയിൽ സൽമാൻ ഖാന്റെ ബ്ലോക്ബസ്റ്റർ സിനിമയായ ദബാംഗിന്റെ തമിഴ് റീമേക്കായിരുന്നു സിനിമ. ഇതിന് ശേഷം പുറത്തിറങ്ങിയ അച്ചം യെൻപതു മദമയ്യടാ തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ ചിമ്പുവിന്റെ ശരീര ഭാരം കൂടി. ലുക്കിലും അഭിനയത്തിലും ചിമ്പു ആളാകെ മാറി.

കരിയറിൽ മോശം നടൻ എന്ന ഇമേജും ലഭിച്ചിട്ടുള്ള നടനാണ് ചിമ്പു. നിരവധി വിവാദങ്ങളിൽ അകപ്പെടുകയും തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്ക് വരെ നേരിടേണ്ടി വന്നിട്ടുമുണ്ട്. നാലുവർഷത്തോളം സിമ്പുവിന് സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ കാലമത്രയും വീട്ടിലാണ് ചിമ്പു ചെലവഴിച്ചത്. കരിയറിലും വ്യക്തിഗത ജീവിതത്തിലും ഒരുപാട് വേദനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ശരീര ഭാരം കുറച്ച് ചിമ്പു നടത്തിയ മേക്കോവറുകളെല്ലാം വൈറലായിരുന്നു. ഇപ്പോൾ ചിമ്പുവിന്റെ പുതിയ പ്രണയവും വിവാഹം സംബന്ധിച്ചുള്ള വാർത്തകളുമെല്ലാമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഈശ്വരൻ സിനിമയിൽ ചിമ്പുവിന്റെ നായികയായ നിധി അഗർവാളുമായി താരം പ്രണയത്തിലാണെന്നും ഇരുവരും ലിവിങ് ടുഗെതറിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നുമെല്ലാണ് റിപ്പോർട്ട്.

തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് നിധി അഗർവാൾ. ഒരുകാലത്ത് നിധി ക്രിക്കറ്റ് താരം കെ.എൽ രാഹുലുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് കെ.എൽ രാഹുൽ സുനിൽ ഷെട്ടിയുടെ മൾ ആതിയ ഷെട്ടിയുമായി പ്രണയത്തിലായെന്നും നിധിയുമായുള്ള ബന്ധം കെ.എൽ രാഹുൽ അവസാനിപ്പിച്ചുവെന്നും വാർത്തകൾ വന്നു. അന്ന് പിരിഞ്ഞ ശേഷം നിധി രാഹുലിനെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തുവെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ ആ വിഷയവുമായി ബന്ധപ്പെട്ട് നിധി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുലുമായുള്ള പിണക്കത്തെ കുറിച്ചും അൺഫോളോ ചെയ്തോ എന്നതിലെ സത്യാവസ്ഥയും നിധി അഗർവാൾ വെളിപ്പെടുത്തിയത്.
Recommended Video

'രാഹുലിനെ ഞാൻ ഇപ്പോഴും സോഷ്യൽമീഡിയയിൽ പിന്തുടരുന്നുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ്. അവൻ വളരെ നല്ല ക്രിക്കറ്റ് കളിക്കാരനാണ്. അവൻ ഒരു ബാംഗ്ലൂർ പയ്യനും ഞാൻ ഒരു ബാംഗ്ലൂർ പെൺകുട്ടിയുമാണ്. വളരെക്കാലമായി എനിക്ക് അവനെ അറിയാവുന്നതിനാൽ ഞാൻ അവനെക്കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. ഞാൻ അവനെ അൺഫോളോ ചെയ്തിട്ടില്ല. എല്ലാം ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാൻ ആരുമായും പ്രണയത്തിലല്ല. പകുതി ദിവസവും എന്റെ ഫോൺ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ തിരക്കിലാണ്. ചില കാര്യങ്ങൾ കാണുന്നുണ്ട്.. വായിക്കുന്നുണ്ട്.... കുഴപ്പമില്ല. ഞാൻ പൂർണ്ണമായും അവിവാഹിതയാണ്. ഞാൻ വളരെ സന്തോഷവതിയാണ്' നിധി അഗർവാൾ പറയുന്നു.


Click it and Unblock the Notifications