'19-ാം വയസ്സിൽ അമ്മയാവാൻ തയ്യാറായി, അമ്മ പ്രശ്നമുണ്ടാക്കി'; സുസ്മിത സെൻ പറഞ്ഞത്
മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി നടി സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ചിത്രങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ താരം വാർത്തകളിൽ നിറയുകയാണ്. നടിയുടെ മുൻ പ്രണയങ്ങളും പ്രണയ തകർച്ചകളും അതുണ്ടാക്കിയ വിവാദങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. അതേസമയം വിവാദ നായിക എന്നതിനപ്പുറം ഇന്ത്യയ്ക്ക് വേണ്ടി അഭിമാന നേട്ടം വരിച്ച താരമാണ് സുസ്മിത സെൻ. 1994 ൽ ആദ്യമായി ഇന്ത്യയിലേക്ക് വിശ്വസുന്ദരിപട്ടം എത്തുന്നത് സുസ്മിത സെന്നിലൂടെയാണ്.

അന്നത്തെ സൗന്ദര്യ റാണി മത്സരങ്ങളിൽ തിളങ്ങിയിരുന്ന ഐശ്വര്യ റായിക്ക് പോലും നേടാൻ കഴിയാത്ത നേട്ടമാണ് സുസ്മിത നേടിയത്. ഐശ്വര്യയെ പിന്തള്ളി ആ വർഷം മിസ് ഇന്ത്യ പട്ടം ചൂടിയതും സുസ്മിത സെൻ ആയിരുന്നു. മിസ് യൂണിവേഴ്സ് ആയതിന് പിന്നാലെ രാജ്യത്ത് നിരവധി അംഗീകാരങ്ങൾ സുസ്മിതയെ തേടിയെത്തി.

ഇന്ത്യയിൽ ദത്തെടുക്കലിന് കൂടുതൽ ജന സ്വീകാര്യത നേടിക്കൊടുത്ത താരവുമാണ് സുസ്മിത സെൻ. 24ാം വയസ്സിൽ കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സുസ്മിത ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. റെനി, അലീഷ എന്നീ പേരികളിട്ട രണ്ട് പെൺകുട്ടികളും സുസ്മിതയ്ക്കൊപ്പമുണ്ട്.
സാധാരണ അമ്മമാർ ശരീരത്തിലൂടെയാണ് കുഞ്ഞിന് ജൻമം നൽകുന്നതെങ്കിൽ താൻ ഹൃദയത്തിലൂടെയാണ് രണ്ട് പെൺകുട്ടികൾക്കും ജൻമം നൽകിയതെന്നാണ് സുസ്മിത ഇതിന് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അമ്മയെന്ന ബന്ധത്തിന്റെ മാജിക്ക് രണ്ട് പെൺകുട്ടികളുമായും തനിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞെന്നും സുസ്മിത പറയുന്നു.

എന്നാൽ ദത്തെടുക്കലിന് തന്റെ മുന്നിൽ കടമ്പകളേറെയുണ്ടായിരുന്നു എന്നാണ് സുസ്മിത പറയുന്നത്. അടുത്തിടെ ട്വിങ്കിൾ ഖന്നയുമായി നടത്തിയ സംഭാഷണത്തിലാണ് ഇതേപറ്റി സുസ്മിത തുറന്നു പറഞ്ഞത്. 24ാം വയസ്സിൽ ദത്തെടുത്തത് വൈകിപ്പോയെന്നാണ് തനിക്ക് തോന്നുന്നത്. 19ാം വയസ്സിൽ തന്ന അമ്മയാവാൻ താനാഗ്രഹിച്ചിരുന്നെന്നാണ് സുസ്മിത പറയുന്നു. 19 വയസ്സിൽ ഇന്ത്യയിൽ ദത്തെടുപ്പ് സാധ്യമല്ല.

വീട്ടിൽ അമ്മയാണെങ്കിൽ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ടായിരുന്നു. നീ തന്നെ ഒരു കുട്ടിയാണ് എന്താണ് പെട്ടന്നിങ്ങനെ ഒരു തോന്നൽ എന്നാണ് അമ്മ ചോദിച്ചത്. പക്ഷെ അമ്മയാവാൻ സമയമായെന്ന് എനിക്കറിയാമായിരുന്നു.
മിസ് യൂണിവേഴ്സ് വിജയിയായ ശേഷമാണ് ആദ്യമായി ഒരു അനാഥാലയത്തിൽ പോയത്. എനിക്കത് ഹൃദയഭേദകമായിരുന്നു. കാരണം ഞാൻ അവിടെ ഫോട്ടോകൾ എടുക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ബന്ധുക്കളോടും സുഹൃത്തുക്കളോടും ദത്തെടുക്കുന്നതിനെ പറ്റി സംസാരിച്ചെന്നും സുസ്മിത സെൻ പറയുന്നു.
Recommended Video

ഒടുവിൽ 21ാം വയസ്സിലാണ് സുസ്മിത ദത്തെടുക്കലിന് അപേക്ഷ നൽകുന്നത്. കോടതി നടപടികൾക്ക് ശേഷം 24ാം വയസ്സിൽ സുസ്മിതയ്ക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്ള അനുമതി കോടതി നൽകുകയായിരുന്നു. സുസ്മിതയുടെ പിതാവും താരത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. മകളുടെ വിവാഹത്തെയും ഭാവി ജീവിതത്തെയും ദത്തെടുക്കൽ ബാധിക്കാനിടയുണ്ടെന്നും താങ്കൾക്ക് കുഴപ്പാെന്നുമില്ലേയെന്നും ജഡ്ജി പിതാവിനോട് ചോദിച്ചതായി സുസ്മിത ഓർത്തു.
തന്റെ പിതാവ് വളരെ സത്യസന്ധമായ മറുപടി നൽകിയതായും താരം പറയുന്നു.ഒരു പിതാവിനും ഇതിൽ എതിരഭിപ്രായമില്ലാതിരിക്കില്ല. പക്ഷെ തന്റെ മകളെ ആരുടെയെങ്കിലും ഭാര്യയാക്കാൻ വേണ്ടി മാത്രമല്ല വളർത്തിയെന്നും മകൾ മാതൃത്വം തെരഞ്ഞെടുക്കുകയുമായിരുന്നെന്നുമാണ് സുസ്മിതയുടെ പിതാവ് നൽകിയ മറുപടി.


Click it and Unblock the Notifications