ടോക്സിക്കിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്ന് റെഡിറ്റ്; ഗീതുവിന്റെ ചിത്രത്തിന് എന്ത് സംഭവിച്ചു?
ഇന്ത്യൻ സിനിമയിൽ ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ പ്രൊജെക്ടുകളിൽ ഒന്നാണ്, കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന ടോക്സിക്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, ഏറെ പ്രശംസ നേടിയ മൂത്തൊൻ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ടോക്സിക്കിന് ഉണ്ട്. നയൻതാരയും, ബോളിവുഡ് താരം കിയാര അദ്വാനിയും അടക്കം ഒന്നിൽ കൂടുതൽ നായികമാരുണ്ട്, യഷ് സഹ രചയിതാവ് കൂടിയായ ബിഗ് ബജറ്റ് ചിത്രത്തിൽ.
എന്നാൽ, ടോക്സിക് എന്ന ചിത്രം ഇപ്പോൾ റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ നേടുന്നത്, അതിന്റെ സംവിധാനത്തെ കുറിച്ചുള്ള ചില ഗോസിപ്പുകൾ കാരണമാണ്. റെഡിറ്റിൽ അടുത്തിടെ വന്ന ചില സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ അനുസരിച്ച്, അടുത്തിടെ മുംബൈയിൽ തുടങ്ങിയ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്കായുള്ള പുതിയ ഷെഡ്യൂളിൽ, ഒട്ടു മിക്ക ഭാഗങ്ങളും സംവിധാനം ചെയ്യുന്നത് നായകൻ യഷ് തന്നെയാണ്. സംവിധായികയായ ഗീതു മോഹൻദാസിന്റെ ജോലി നായകൻ ഏറ്റെടുത്തത് റെഡിറ്റ് പ്രേക്ഷകരെ അത്ഭുതപെടുത്തിയിരിക്കുകയാണ്.

നാൽപ്പത്തിയഞ്ച് ദിവസം നീണ്ടു നിൽക്കുന്ന, സംഘട്ടന രംഗങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന മുംബൈ ഷെഡ്യൂളിൽ, ഇത് വരെയുള്ള രംഗങ്ങളെല്ലാം സംവിധാനം ചെയ്തത് നായകൻ യഷ് തന്നെയാണെന്ന് ആകാശ് വാണി എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇതാണ് റെഡിറ്റിൽ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ജെ. ജെ. പെറിയാണ് ടോക്സിക്കിന്റെ ആക്ഷൻ സീനുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സീനുകളും, അവയിൽ സംഭാഷണങ്ങളും വരെ യഷ് തന്നെയാണ് എഴുതിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, റെഡിറ്റ് ഇത് ചർച്ചയാക്കിയതോടെ, ചില മലയാള സിനിമ പ്രേക്ഷകരും, ഗീതു മോഹൻദാസിന്റെ ആരാധകരും, പുതിയ റിപ്പോർട്ടുകൾക്ക് ചില വിശദീകരണങ്ങളുമായി എത്തിയിട്ടുണ്ട്. ടോക്സിക്കിനെ കുറിച്ചുള്ള ആദ്യത്തെ പോസ്റ്റിൽ തന്നെ, ഈ പ്രൊജക്റ്റ് യഷുമായി ചേർന്ന് താൻ ഒരുക്കുന്ന പ്രൊജക്റ്റ് ആണെന്ന് സംവിധായിക സൂചിപ്പിച്ചിരുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. നായകനായി മാത്രമല്ല, മറിച്ച് ചിത്രത്തിന്റെ സഹനിർമ്മാതാവായും, ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്ന സഹ-രചയിതാവായിട്ടും കൂടി പ്രശസ്ത കന്നഡ സൂപ്പർതാരം ടോക്സിക്കിന്റെ ഭാഗമാവുന്നുണ്ട്.

മുൻപൊരിക്കൽ ദി ഹോളിവുഡ് റിപ്പോർട്ടർ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ടോക്സിക് എന്ന ചിത്രം രണ്ടു വ്യത്യസ്ത ലോകങ്ങളുടെ സംഗമം ആയിരിക്കുമെന്നാണ് യഷ് പറഞ്ഞത്. ഗീതു മോഹൻദാസ് ഒരുക്കുന്ന, ശക്തമായ കഥയുടെ അടിത്തറയിൽ ഒരുങ്ങുന്ന ഡ്രാമയും, അതിൽ യഷിന്റെ സ്വന്തം ശൈലിയിൽ ഉള്ള മാസ്സ് ഘടകങ്ങളുമായി എത്തുന്ന ചിത്രമാണ് ടോക്സിക് എന്നാണ് റിപോർട്ടുകൾ. എന്നാൽ ചിത്രത്തിന്റെ കുറച്ചു മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ടീസർ, പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഗീതുവിന്റെ ആശയങ്ങളിൽ നിന്ന് വിപരീതമായി, വൾഗറായ, സ്ത്രീ വിരുദ്ധത നിറഞ്ഞൊരു ടീസറാണ് അന്ന് പുറത്തിറങ്ങിയത്.


Click it and Unblock the Notifications











