»   » ലോകാവസാന കഥയുമായി 2012 തിയറ്ററുകളിലേക്ക്

ലോകാവസാന കഥയുമായി 2012 തിയറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam
2012
ഹോളിവുഡിന് എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ് ലോകാവസാനകഥകള്‍. പുതിയ രൂപത്തിലും ഭാവത്തിലും ഓരോ വര്‍ഷവും ഹോളിവുഡില്‍ ഇത്തരം സിനിമകള്‍ പിറക്കുന്നു. ഇതില്‍ ഒട്ടുമിക്കവാറും പണംവാരിപ്പടങ്ങളായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിയ്ക്കാറാണ് പതിവ്. ഇപ്പോഴിതാ ഒരിയ്ക്കല്‍ കൂടി ഹോളിവുഡില്‍ ലോകവസാനം സംഭവിയ്ക്കുകയാണ്.

ഇന്‍ഡിപെന്‍ഡന്‍സ് ഡേ, ഡേ ആഫ്റ്റര്‍ ടുമാറോ, 10000 ബിസി, ഗോഡ്‌സില്ല തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച റോളണ്ട് എമെറിക്കാണ് 2012 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ലോകത്തിന്റെ അന്ത്യക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നത്.

അന്യഗ്രഹ ജീവികളിലൂടെയും ആഗോളതാപനത്തിലൂടെയും ലോകവസാനത്തിന്റെ കഥകള്‍ പറഞ്ഞ റോളണ്ട് ഇത്തവണ മായന്‍ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകത്തിന്റെ അന്ത്യം നടത്തുന്നത്. പുരാതന മായലന്‍ കലണ്ടറിലെ അവസാന വര്‍ഷമാണ് 2012. കൃത്യമായി പറഞ്ഞാല്‍ 2012, ഡിസംബര്‍ 21 എന്ന തീയതി മായന്‍ കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 13.0.0.0.0 എന്നാണ്. തൊട്ടടുത്ത ദിവസമായ 22 രേഖപ്പെടുത്തിയത് 0.0.0.0.1 എന്നും. ഇത് ചൂണ്ടിക്കാട്ടി ചില പ്രവാചകര്‍ പറയുന്നത് ഇപ്പോഴുള്ള മാനവിക സംസ്‌ക്കാരങ്ങളെല്ലാം 21ന് നശിക്കുമെന്നും 22 തൊട്ട് പുതിയൊരു യുഗം തുടങ്ങുമെന്നുമാണ്. ഇതിനെ പിന്‍പിറ്റിയാണ് സംവിധായകന്‍ 2012 എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്.

2012ല്‍ അപകടം മുന്നില്‍ക്കണ്ട് ടിബറ്റിലെ മലനിരകളിലേക്ക് ഓടിക്കയറുന്ന സന്യാസി അവിടെയുള്ള വലിയ മണി മുഴക്കുന്നു. തുടര്‍ന്നുണ്ടാകുന്ന കടുത്ത പ്രകൃതി ക്ഷോഭത്തില്‍ സമ്പൂര്‍ണ നാശമാണ് സംഭവിയ്ക്കുന്നത്. ഹിമാലയത്തെ മറികടക്കുന്ന രാക്ഷസ തിരമാലകളും ഭൂമിയെ പിളര്‍ത്തുന്ന മിന്നല്‍പ്പിണരുകള്‍ക്കും മുന്നില്‍ മനുഷ്യന്റെ ബുദ്ധിയും ശക്തിയും ധനവുമെല്ലാം വെറുതെയാകുന്നു. ഒടുവില്‍ ഭൂമിയിലെ ജീവനില്‍ ഒരല്‍പം ബാക്കി നിര്‍ത്തി പ്രകൃതിയുടെ സംഹാരതാണ്ഡവം അവസാനിക്കുന്നു. ഇതിനിടയില്‍ പെട്ടിട്ടും രക്ഷപ്പെടുന്നവര്‍ അതിജീവനത്തിന് നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

വീ ആര്‍ വാണ്‍ഡ് എന്ന ടാഗ് ലൈനുമായെത്തുന്ന 2012നെ സ്‌പെഷ്യല്‍ ഇഫക്ടുകളിലൂടെ ധാരാളിത്തമാണ് ശ്രദ്ധേയമാക്കുന്നത്. ജോണ്‍ കുസാക്ക്, വൂഡി ഹാരെല്‍സണ്‍, ഒളിവര്‍ പാറ്റ്, അമന്‍ഡ പീറ്റ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചെലവ് 200 മില്യണ്‍ ഡോളര്‍ കടന്ന സിനിമ റോളണ്ട് എമെറിക്ക് അടക്കം അഞ്ചുപേരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ് കൊളംബിയ പിക്‌ചേഴ്‌സാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam