»   » ചലച്ചിത്രവിസ്മയമാകാന്‍ അവതാര്‍

ചലച്ചിത്രവിസ്മയമാകാന്‍ അവതാര്‍

Posted By:
Subscribe to Filmibeat Malayalam
James Camaron
പണവും ഭാവനയും വാരിയെറിഞ്ഞാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാം. പറയുന്നത് വേറാരുമല്ല, ഹോളിവുഡില്‍ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണ്‍. വിശ്വവിജയം നേടിയ ടൈറ്റാനിക്കിന് ശേഷം കാമറൂണ്‍ ഒരുക്കുന്ന പുതിയ വിസ്മയമായ 'അവതാറി'ന് വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ്. വെള്ളിത്തിരയില്‍ സാങ്കേതിക പരിണാമത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്ന 'സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍' അവതാര്‍ ഡിസംബര്‍ 18ന ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ ദൃശ്യവിസ്മയത്താല്‍ കീഴടക്കും.

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂണ്‍ നിര്‍മ്മിച്ചു. ഈ ക്യാമറയ്ക്ക് സംവിധായകന്‍ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി പുതിയ ഭാഷ തന്നെ കാമറൂണ്‍ രചിച്ചുവെന്ന് അറിയുമ്പോഴാണ് സംവിധായകന്റെ പ്രയത്‌നം എത്രയെന്ന് നമുക്ക് മനസ്സിലാവുക.

പെര്‍ഫെക്ഷന്‍ എന്ന വാക്കിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ സംവിധായകന്റേത്. അവതാറിന്റെ പിന്നിലുള്ള പിറവിക്ക് പിന്നിലുള്ള കഥ തന്നെ ഇതിനുദാഹരണം. യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനും മുമ്പേ 1994ല്‍ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂണ്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവര്‍ത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകള്‍ അന്നില്ലാത്തതിനാല്‍ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളില്‍ സിനിമ നിര്‍മ്മിച്ചാല്‍ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിയില്ലെന്ന് കാമറൂണ്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂണ്‍ അവതാറിനെ യാഥാര്‍ത്ഥ്യമാക്കിയത്.

ത്രീഡി ചിത്രമാണ് അവതാര്‍. എന്നാല്‍ ടുഡി ഫോര്‍മാറ്റിലും ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം നിര്‍മ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകള്‍ക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുക്കുന്ന അവതാര്‍ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.

ലോകസാഹിത്യത്തില്‍ അനശ്വരമായ ജൊനാഥന്‍ സ്വിഫ്റ്റ് രചിച്ച 'ഗള്ളിവറുടെ യാത്ര'കളുടെ പുത്തന്‍ ചലച്ചിത്ര ഭാഷ്യമായി ദാര്‍ശനിക തലത്തില്‍ അവതാറിനെ നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഇന്ത്യന്‍ ടച്ചില്ലേ, സംശയിക്കേണ്ട അവതാര്‍ എന്ന പേര് കാമറൂണ്‍ കണ്ടെടുത്തത് സസ്‌കൃതത്തില്‍ നിന്ന് തന്നെ.
അടുത്ത പേജില്‍
നാവികളുടെ ലോകത്തേക്ക് അവതാറുകള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam