കാമുകിമാര്‍ക്ക് മുന്‍ഭാര്യയുടെ ആശംസ
പോള്‍ മക്കാര്‍ട്ടിനിയുടെ മൂന്നു കാമുകിമാര്‍ക്കും നല്ലതു വരട്ടെയെന്ന് മുന്‍ ഭാര്യ ഹീതര്‍ മീല്‍സിന്റെ ആശംസ.
വിവാഹമോചനത്തിന് 24.3 മില്യണ്‍ പൗണ്ട് മെക്കായില്‍ നിന്നും നഷ്ടപരിഹാരം നേടിയ ശേഷം നല്‍കിയ ആദ്യ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഹീതര്‍ മീല്‍സ്, മുന്‍ ഭര്‍ത്താവിനെയും കാമുകിമാരെയും കണക്കിന് പരിഹസിച്ചത്. മൂന്നു കാമുകിമാരോടൊപ്പം നീന്തിത്തുടിക്കുന്ന മെക്കാര്‍ട്ടിനിയ്ക്കും നല്ലതു വരട്ടെയെന്നാണ് ന്യൂനോക്തിയില്‍ ഹീതര്‍ ആശംസിച്ചത്.
ജിഎംടിവിയുമായുളള അഭിമുഖത്തിലാണ് മെക്കായ്ക്കെതിരെ അവര്‍ പൊട്ടിത്തെറിച്ചത്. "അയാള്‍ക്ക് ഇപ്പോള്‍ മൂന്നു കാമുകിമാരുണ്ടെന്നല്ലേ പറയുന്നത്. അല്ലേ. മൂന്നു പെണ്‍കുട്ടികള്‍ക്കും (?) നല്ലതു വരട്ടെ. എന്നെക്കാള്‍ നല്ലത് വരട്ടെ", ഇങ്ങനെയായിരുന്നു മീല്‍സിന്റെ പരിഹാസം.
നാന്‍സി ഷാവെല്‍, റോസാന ആര്‍ക്വെറ്റ്, തന്യാ ലാറിംഗന്‍ എന്നിവരുമായി പ്രണയിച്ച് നടക്കുകയാണ് മെക്കായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെയാണ് ഹീതര്‍ മീല്‍സ് ഉന്നം വെച്ചത്.
മെക്കാര്‍ട്ടിനിയുമായുളള തന്റെ വിവാഹമോചനപ്പോരാട്ടത്തെ ദാവീദും ഗോലിയാത്തും തമ്മിലുളള യുദ്ധത്തോടാണ് പലരും ഉപമിച്ചതെന്ന് ഹീതര്‍ വെളിപ്പെടുത്തി. ഈ പോരാട്ടം മൂലം പലര്‍ക്കും തന്നോടുളള മതിപ്പ് കൂടിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications