ഹാരി പോട്ടര്‍ക്ക് പ്രണയപ്പൂക്കാലം
ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ പടിഞ്ഞാറേ ലണ്ടനിലെ ഫുള്‍ഹാമിലുളള ഇംപീരിയല്‍ ആംസ് പബില്‍ രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ മോഹവിലയുളള രണ്ട് കമിതാക്കള്‍ പ്രത്യക്ഷപ്പെട്ടു.
വൈകിയെത്തിയ അവര്‍ സല്ലപിക്കാനിരുന്നത് പബിന് വെളിയില്‍. യൗവനത്തിന്റെ തീയില്‍ പരസ്പരം ഉരുകിച്ചേരാന്‍ വെമ്പുന്ന ശരീരങ്ങളോടെ അവര്‍ പ്രണയ ചേഷ്ടകളിലേര്‍പ്പെട്ടു. കറുത്ത ടോപ്പും പഷ്‍മിനയും അണിഞ്ഞ പെണ്‍കൊടിക്ക് പക്ഷേ പരിഭ്രമമുണ്ടായിരുന്നു. നിലാവില്‍ പ്രണയസുഗന്ധം ഒഴുകിപ്പരക്കുമ്പോഴും അവള്‍ ഇടയ്ക്കിടെ അമ്പരപ്പോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഒരുവേള സ്കാര്‍ഫുകൊണ്ട് മുഖം മറയ്ക്കാനും അവള്‍ ശ്രമിച്ചു.
ആരെന്നല്ലേ ഈ ഇണക്കുരുവികള്‍? കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഒരേ പരമ്പരയില്‍ കമിതാക്കളായി അഭിനയിക്കുന്ന ഡാനിയേല്‍ റാഡ്‍ക്ലിഫും എമ്മ വാട്‍സണും. അതേ, നമ്മുടെ ഹാരി പോട്ടറും കാമുകിയുമാണ് ഫെബ്രുവരി 14 രാത്രിയെ ധന്യമാക്കി ഇംപീരിയല്‍ ആംസിന്റെ പുല്‍ത്തകിടിയില്‍ പ്രണയിച്ചും താലോലിച്ചും നേരം വെളുപ്പിച്ചത്.
'ഹാരി പോട്ടര്‍ ആന്റ് ഫിലൊസോഫേഴ്സ് സ്റ്റോണ്‍' എന്ന ചിത്രത്തില്‍ ഹാരി പോട്ടറുടെ കാമുകിയായി അഭിനയിച്ചു തുടങ്ങിയതാണ് എമ്മ വാട്സണ്‍ എന്ന സുന്ദരിക്കൊച്ച്. ഏഴു വര്‍ഷം നീണ്ട പരിചയം പ്രണയമായി വളര്‍ന്നെന്ന് ഇരുവരും അടുത്തിടെയാണ് തിരിച്ചറിഞ്ഞത്.
ഇക്വസില്‍ ഒന്നിച്ചഭിനയിച്ച ലോറാ ഓടൂളിനെയും ഡാനിയേലിനെയും ചേര്‍ത്ത് കഥകളിറങ്ങിയെങ്കിലും ഇരുവരും അത് നിഷേധിച്ചു. എമ്മയെയും ഒരു പ്രണയകഥയില്‍ ഹോളിവുഡ് മാധ്യമങ്ങള്‍ നായികയാക്കിയിരുന്നു.
ഏതായാലും ഹാരി പോട്ടറും കാമുകിയും തമ്മിലുളളത് അതി തീവ്രമായ ഹൃദയബന്ധമാണെന്നാണ് പ്രണയ ദിനത്തിലെ അവരുടെ ഭാവം കണ്ടവര്‍ പറയുന്നത്.


Click it and Unblock the Notifications











