എന്തൊരു കണ്ണുകള്‍, എന്തൊരു നോട്ടം
ലോകമെങ്ങുമുളള കോടിക്കണക്കിന് കുമാരിമാരുടെ ഹൃദയം കവര്‍ന്ന താരമാണ് ഹാരി പോട്ടര്‍ ഡാനിയേല്‍ റാഡ്‍ക്ലിഫ്. എന്നാല്‍ ഡാനിയേലിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത് ഒരു ആസ്ട്രേലിയന്‍ സുന്ദരിയാണ്.
ഡെയിലി ടെലിഗ്രാഫിനോടാണ് റാഡ്‍ക്ലിഫ് തന്റെ ഹൃദയം തുറന്നത്. അടുത്തിടെ ആസ്ട്രേലിയയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഒരു സുന്ദരിയില്‍ തന്റെ കണ്ണ് ഉടക്കിപ്പോയത്രേ!
നിര്‍ഭാഗ്യവശാല്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നതിനും മുമ്പ് അവള്‍ മുങ്ങിയെന്നും റാഡ്‍ക്ലിഫ് പരിതപിക്കുന്നു.
"ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഞാന്‍ അവളെ കണ്ടത്. എന്റെ ദൈവമേ, എന്തൊരു നോട്ടമായിരുന്നു അവളുടേത്. ഒരു രാത്രി മുഴുവന്‍ കണ്ണിമയ്ക്കാതെ അവള്‍ എന്നെ നോക്കിയിരുന്നു. ഞാനാകെ അമ്പരന്നു പോയി. അവളുടെ നമ്പര്‍ തേടി ഞാനെത്തിയപ്പോഴേയ്ക്കും അവള്‍ പോയ്ക്കഴിഞ്ഞിരുന്നു", ഡാനിയേലിന്റെ വാക്കുകള്‍.
അവളെയന്വേഷിച്ച് താന്‍ അവിടമാകെ നടന്നെന്നും ശ്രമം വിജയിച്ചില്ലെന്നും ഹാരി പോട്ടര്‍ പറയുന്നു. മാന്ത്രികനെയും വെട്ടിച്ച് സുന്ദരി ഒരു മായ പോലെ അപ്രത്യക്ഷയായി.
തന്നെ മയക്കിയ സുന്ദരിയുടെ പേരും ഊരുമൊന്നും റാഡ്‍ക്ലിഫിന് അറിയില്ല. അതിസുന്ദരിയായിരുന്നു എന്നുമാത്രം അറിയാം.
ആഷസ് സീരിസ് കാണാന്‍ സുഹൃത്തുക്കളുമൊത്ത് താന്‍ ആസ്ട്രേലിയയിലെത്തുമെന്ന് ഹാരി പോട്ടര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അജ്ഞാതയായ സുന്ദരിക്കുളള ക്ഷണമെന്നോണമാണ് ഈ വെളിപ്പെടുത്തല്‍. തന്റെ ഹൃദയം തുളച്ച ആ കണ്ണുകളുടെ ഉടമയെ അന്നെങ്കിലും നേരെ കാണട്ടെ, നമ്മുടെ പാവം മാന്ത്രികന്‍!!!
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications