ക്രിസ്തുമസിന് മക്കള്‍ ബ്രിട്ട്നിയ്ക്കൊപ്പം
മക്കളായ ജെയ്ഡന്‍ ജെയിംസിനെയും സീന്‍ പ്രിസ്റ്റണെയും മുന്‍ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈന് വിട്ടു കൊടുക്കേണ്ടി വന്ന ബ്രിട്ട്നിക്ക് അല്‍പം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ക്രിസ്തുമസ് കുട്ടികള്‍ക്കൊപ്പം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന ബ്രിട്ട്നിയുടെ അപേക്ഷ കോടതി അനുവദിച്ചു.
ബ്രിട്ട്നിയുടെയും കെവിന്റെയും അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് ഈ അപേക്ഷയെ ച്ചൊല്ലി കോടതിയില്‍ നടന്നത്. കുട്ടികളുടെ ചുമതല കെവിന്‍ തന്നെ വഹിക്കും. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25ന് മാത്രം കുട്ടികളെ ബ്രിട്ട്നിയ്ക്ക് കൊണ്ടുപോകാം.
ഇപ്പോള്‍ കെവിന്റെ പക്കലുളള കുട്ടികളെ വല്ലപ്പോഴും കോടതി ചുമതലപ്പെടുത്തിയ ആളിന്റെ മേല്‍നോട്ടത്തില്‍ കാണാനുളള അനുവാദമാണ് ബ്രിട്ട്നിയ്ക്ക് നല്‍കിയിരിക്കുന്നത്. കേസില്‍ അന്തിമവിധി ഉണ്ടാകുന്നതു വരെ ഈ നില തുടരാനാണ് കോടതി വിധിച്ചിരിക്കുന്നത്.
ഏതായാലും ജീവിതത്തില്‍ കുട്ടികള്‍ ഒരിക്കലും മറക്കാത്ത ക്രിസ്തുമസ് ആഘോഷമാണ് ബ്രിട്ട്നി സ്പിയേഴ്സ് പദ്ധതിയിട്ടിരിക്കുന്നത്. വിലപിടിച്ച സമ്മാനങ്ങളും ഗംഭീര പാര്‍ട്ടിയും കുട്ടികള്‍ക്കായി ബ്രിട്ട്നി ഒരുക്കും.
കെവിന്‍ നല്‍കാനുദ്ദേശിക്കുന്നവയെ കടത്തിവെട്ടുന്ന സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമെന്ന് ബ്രിട്ട്നി പ്രഖ്യാപിച്ചിട്ടുണ്ട്. തുച്ഛവരുമാനക്കാരനായ കെവിന് ചെലവിടാന്‍ കഴിയുന്നതിന്റെ എത്രയോ മടങ്ങ് കുട്ടികള്‍ക്കായി വാരിയോഴുക്കാന്‍ ബ്രിട്ട്നിയ്ക്ക് കഴിയും.താന്‍ നല്ല അമ്മയാണെന്ന് ലോകത്തെക്കൊണ്ട് പറയിപ്പിക്കുമെന്ന വാശിയിലാണ് ബ്രിട്ട്നി സ്പിയേഴ്സ്.


Click it and Unblock the Notifications