എട്ട് വർഷം നീണ്ട നിയമതർക്കം, ഒടുവിൽ ഡിവോഴ്സ്; മക്കൾ ഉപദേശിച്ചിട്ടും ആഞ്ചലീന ഒന്നും തുറന്ന് പറഞ്ഞില്ല
എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും ഔദ്യോഗികമായി വേർപിരിയാൻ അന്തിമ ധാരണയിലെത്തി. ഡിസംബർ 30 നാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട അന്തിമഘട്ട പേപ്പർ വർക്കുകൾ പൂർത്തിയാക്കിയത്. വർഷങ്ങൾ നീണ്ട പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഡിവോഴ്സിന് ധാരണയായതിൽ ആഞ്ചലീന ജോളിക്ക് ആശ്വാസമുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ ജെയിംസ് സൈമൺ പ്രതികരിച്ചു. വർഷങ്ങൾ നീണ്ട കേസ് ആഞ്ചലീനയെ തളർത്തിയിരുന്നെന്നും ജെയിംസ് സൈമൺ വ്യക്തമാക്കി.
എട്ടിലേറെ വർഷങ്ങൾക്ക് മുമ്പാണ് ആഞ്ചലീന ഡിവോഴ്സിന് ഫയൽ ചെയ്യുന്നത്. ബ്രാഡ് പിറ്റിന് പങ്കാളിത്തമുള്ള എല്ലാ പ്രോപ്പർട്ടികളും അവർ വിട്ടിരുന്നു. അവിടം മുതലിങ്ങോട്ട് കുടുംബത്തിന്റെ സമാധാനത്തിലും ശാന്തിയിലുമായിരുന്നു ആഞ്ചലീനയുടെ ശ്രദ്ധയെന്ന് അഭിഭാഷകൻ പറയുന്നു. ഡിവോഴ്സ് സെറ്റിൽമെന്റ് നടന്നെങ്കിലും ഇരുവർക്കും ഉടമസ്ഥാവകാശമുള്ള ചില പ്രോപ്പർട്ടികൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.

ഫ്രാൻസിലുള്ള വൈൻയാർഡ് സംബന്ധിച്ചാണ് തർക്കം. സ്റ്റോളി ഗ്രൂപ്പ് എന്ന കമ്പനിക്ക് ആഞ്ചലീന ജോളി ഓഹരി തന്റെ സമ്മതമില്ലാതെ വിറ്റു എന്നാണ് ബ്രാഡ് പിറ്റിന്റെ ആരോപണം. മധ്യസ്ഥതയിൽ ഈ പ്രശ്നം പരിഹരിക്കാനോ അല്ലെങ്കിൽ കോടതി വഴി പരിഹരിക്കാനോ ഇരുവരും താൽപര്യപ്പെടുന്നുണ്ടെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആഞ്ചലീന പരസ്യമായോ സ്വകാര്യമായോ ബ്രാഡ് പിറ്റിനെ കുറ്റപ്പെടുത്തുന്നില്ല. നേരിടേണ്ടി വന്ന പ്രശ്നങ്ങളിലും അനീതികളിലും ആഞ്ചലീന പ്രതികരിക്കേണ്ടതുണ്ടെന്ന് താര ദമ്പതികളുടെ മക്കൾ പോലും ആവശ്യപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ നടി ഇതിന് തയ്യാറായില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. 2016 ലാണ് ആഞ്ചലീന ജോളി ബ്രാഡ് പിറ്റുമായുള്ള വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുന്നത്. വിവാഹം ചെയ്ത് രണ്ട് വർഷങ്ങൾക്കിപ്പുറമായിരുന്നു തീരുമാനം. വിവാഹത്തിന് മുമ്പ് പത്ത് വർഷത്തോളം ഇവർ ഒരുമിച്ചായിരുന്നു.

വിവാഹമോചനക്കേസ് നടക്കവെ ബ്രാഡ് പിറ്റിനെതിരെ ആരോപണം വന്നു. ഡിവോഴ്സിന് ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നെന്നും പ്രെെവറ്റ് പ്ലെയിനിൽ വെച്ച് ബ്രാഡ് പിറ്റ് ആഞ്ചലീനയെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണം വലിയ ചർച്ചയായിരുന്നു. കോടതിയിൽ ആഞ്ചലീനയാണ് ഈ ആരോപണം ഉന്നയിച്ചത്. തന്റെ ആറ് മക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് ബ്രാഡ് പിറ്റിന്റെ ഉപദ്രവമുണ്ടായതെന്ന് നടി ആരോപിച്ചു. ബ്രാഡ് പിറ്റ് ഇതിന് മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ആഞ്ചലീന ആരോപിച്ചു.
എന്നാൽ ബ്രാഡ് പിറ്റ് ഈ ആരോപണം നിഷേധിച്ചു. അന്വേഷണത്തിൽ താരം കുറ്റവിമുക്തനായി. ബ്രാഡ് പിറ്റ് തന്റെ സ്വാധീനം ഉപയോഗിച്ച് കേസുകളിൽ നിന്നും രക്ഷപ്പെടുകയാണെന്നാണ് ആഞ്ചലീന ജോളിയുടെ പക്ഷം ആരോപിച്ചത്. എന്നാൽ മക്കളുമായി താനകലാൻ കാരണം ആഞ്ചലീനയാണെന്നായിരുന്നു ബ്രാഡ് പിറ്റിന്റെ ആരോപണം. ബ്രാഡ് പിറ്റിൽ നിന്നും അകലം പാലിക്കണമെന്ന് ആഞ്ചലീന ജോളി മക്കളോട് പറഞ്ഞെന്നും ഇത് താരങ്ങളുടെ മുൻ ബോഡി ഗാർഡുകൾ കേട്ടിട്ടുണ്ടെന്നും കോടതിയിൽ വാദം വന്നു. 61 കാരനായ ബ്രാഡ് പിറ്റ് ഇൻസ് ഡെ റൊമൊൺ എന്ന ജ്വല്ലറി ഡിസൈനറുമായി പ്രണയത്തിലാണിപ്പോൾ.


Click it and Unblock the Notifications











