ഹോളിവുഡ് നടൻ ടോണി ടോഡ് അന്തരിച്ചു; കാൻഡിമാനിലൂടെ ശ്രദ്ധ നേടിയ പ്രിയ താരം
പ്രശസ്ത ഹോളിവുഡ് നടൻ ടോണി ടോഡ് (69) അന്തരിച്ചു. കാലിഫോർണിയയിലെ തന്റെ വസതിയിൽ വെച്ചാണ് അന്ത്യം. നടന്റെ പ്രതിനിധികളാണ് മരണ വിവരം അറിയച്ചത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. 1986 ലാണ് ടോണി ടോഡ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. കരിയറിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ടോണിക്ക് ലഭിച്ചു. 1990 ൽ പുറത്തിറങ്ങിയ 'നെെറ്റ് ഓഫ് ദ ലിവിംഗ് ഡെഡ്' ആണ് ടോണി ടോഡിന് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീടിങ്ങോട്ട് നടനെ തേടി സൂപ്പർഹിറ്റ് സിനിമകളെത്തി.
ഹൊറർ ചിത്രം കാൻഡിമാനിലെ കഥാപാത്രത്തിലൂടെയാണ് ടോണി ടോഡ് ആഗോളതലത്തിൽ ഇന്നും അറിയപ്പെടുന്നത്.
ഫൈനൽ ഡെസ്റ്റിനേഷനിലും ശ്രദ്ധേയ വേഷം ടോണി ടോഡിന് ലഭിച്ചു. ഹൊറർ സിനിമകളാണ് ടോണി ടോഡിനെ ഉയരങ്ങളിലെത്തിച്ചത്. 100 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും സാന്നിധ്യം അറിയിച്ചു.

കാൻഡിമാനിൽ ടോണി ടോഡിനൊപ്പം അഭിനയിച്ച വിർജിനിയ മാഡ്സൺ നടന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. നമ്മളെ വിട്ട് പോയ ടോണി ടോഡ് ജീവിതത്തിലേത് പോലെ തന്നെ ഇന്ന് മാലാഖയായി മാറിയിരിക്കുന്നു എന്നാണ് വൈകാരികമായി നടി കുറിച്ചത്. 1954 ഡിസംബർ നാലിനാണ് ടോണി ടോഡ് ജനിച്ചത്. ബന്ധു ക്ലാര എലിസ്റ്റണാണ് തനിക്ക് അഭിനയത്തിൽ താൽപര്യം ജനിപ്പിച്ചതെന്നാണ് ടോണി ടോഡ് മുമ്പൊരിക്കൽ പറഞ്ഞത്.
വീട്ടുജോലിക്കാരിയിരുന്ന എലിസ്റ്റൺ അവർ ജോലി ചെയ്യുന്നിടത്ത് തന്നെയും കൊണ്ട് പോകും. അവർ വീട് വൃത്തിയാക്കുമ്പോൾ താൻ ലെെബ്രറിയിൽ സമയം ചെലവഴിക്കാറായിരുന്നു പതിവെന്നും ടോണി ടോഡ് പറഞ്ഞു. ഫാത്തിമ എന്നാണ് ടോണി ടോഡിന്റെ ഭാര്യയുടെ പേര്. അലെക്സ്, അരെയ്ന എന്നിവരാണ് മക്കൾ.


Click it and Unblock the Notifications











