പതിനഞ്ചാം വയസില്‍ മാനഭംഗം ചെയ്യപ്പെട്ടു! വെളിപ്പെടുത്തലുമായി പ്രശസ്ത നടി
ഹോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് ഡെമി മൂര്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും തിളങ്ങിനിന്ന നായികയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ് തുടങ്ങി. സിനിമകളാണ് ഡെമി മൂറിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. വയസ് 56 ആയെങ്കിലും ഇപ്പോഴും ഹോളിവുഡില്‍ സജീവമാണ് നടി.

ഹോളിവുഡ് സിനിമാ പ്രേമികളുടെയെല്ലാം ഇഷ്ടതാരമായ നടിയുടെ ആത്മകഥ സെപ്റ്റംബര്‍ അവസാന വാരം പുറത്തിറങ്ങുകയാണ്. പുസ്തകത്തില്‍ നടി നടത്തിയ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ഡെമി മൂര്‍ വെളിപ്പെടുത്തിയതായാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുളളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്നെക്കാള്‍ പ്രായം കുറവുളള ആഷ്ടണ്‍ കച്ചറില്‍ നിന്നും ഗര്‍ഭിണിയായിരുന്നുവെന്നും ആറുമാസം വളര്‍ച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗര്‍ഭത്തില്‍ നഷ്ടപ്പെട്ടുവെന്നും പുസ്തകത്തില്‍ നടി പറയുന്നു. ചാപ്ലിന്‍ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റ മരണത്തിന് ശേഷമാണ് താന്‍ മദ്യപാനത്തിലും മയക്കുമരുന്നിനും അടിമപ്പെട്ടത്. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി താന്‍ തന്നെയാണെന്നും നടി പറയുന്നു.

പിന്നീട് അതില്‍ നിന്നും മോചനം നേടാനായില്ല. തുടര്‍ന്ന് മറ്റു മക്കളായ റൂമര്‍, സ്‌കോട്ട്. താല്ലുലാ എന്നിവരുമായുളള ബന്ധം വഷളാവുകയായിരുന്നു. പിന്നീട് താന്‍ ഒരു പുനരധിവാസ കേന്ദ്രത്തില്‍ അഭയം തേടി. മൂന്ന് വിവാഹമാണ് ഡെമി മൂറിന്റെതായി മുന്‍പ് നടന്നിരുന്നത്. ഫ്രെഡി മൂറുമായുളള വിവാഹമാണ് നടിയുടെതായി ആദ്യം നടന്നത്. പിന്നീടാണ് ബ്രൂസ് വില്ലീസുമായുളള വിവാഹം നടന്നത്.

വില്ലിസുമായി പിരിഞ്ഞ് അഞ്ചു വര്‍ഷത്തിന് ശേഷം ആഷ്ടണ്‍ കച്ചറെ നടി വിവാഹം കഴിച്ചു. 2013ല്‍ ഈ ബന്ധവും വേര്‍പിരിയുകയുണ്ടായി. ഒരുകാലത്ത് ഹോളിവുഡില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നായികമാരില്‍ ഒരാളായിരുന്നു ഡെമി മൂര്‍. മോഡലിംഗിലൂടെ തുടങ്ങിയ നടി പിന്നീടാണ് ഹോളിവുഡിലേക്ക് എത്തിയത്. 2019ലും ഹോളിവുഡ് സിനിമാ രംഗത്ത് സജീവമാണ് നടി.


Click it and Unblock the Notifications