ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഗിന്നസ് റെക്കോര്‍ഡിട്ട് ജെന്നിഫര്‍ അനിസ്റ്റണ്‍! തരംഗമായി നടി
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആദ്യ സെല്‍ഫിയിലൂടെ ഗിന്നസ് റെക്കോര്‍ഡിട്ട് ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍. ഇന്‍സ്റ്റയില്‍ അക്കൗണ്ട് തുടങ്ങിയ ശേഷമിട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തത്. ലോക പ്രശസ്ത ടിവി സീരീസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ സെല്‍ഫിയാണ് തരംഗമായിരിക്കുന്നത്. 'ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് റെക്കോര്‍ഡ് ലൈക്കുകളും ഷെയറുകളും സ്വന്തമാക്കിയത്.

ഒരു ദിവസം പിന്നിടുമ്പോള്‍ ഒരു കോടി ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. സെല്‍ഫിയില്‍ ജെന്നിഫറിനൊപ്പം ഫ്രണ്ട്‌സിലെ സഹതാരങ്ങളായ കോര്‍ട്ട്‌നി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ തുടങ്ങിയവരാണ് ഒപ്പമുളളത്.
നേരത്തെ സെല്‍ഫി പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുളളില്‍ ജെന്നിഫറിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. പിന്നീട് അത് അഞ്ച് മണിക്കൂര്‍ 16 മിനിറ്റില്‍ പത്ത് ലക്ഷമായി മാറി. ഇന്‍സ്റ്റഗ്രാമില്‍ എറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമായിട്ടാണ് ജെന്നിഫര്‍ അനിസ്റ്റണ്‍ മാറിയിരിക്കുന്നത്. നിലവില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് ജെന്നിഫറിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.


Click it and Unblock the Notifications











