'കുട്ടികളെ അകറ്റി നിർത്താൻ ശ്രമം'; വിവാഹമോചനത്തിനിടെ താരങ്ങൾക്കിടയിൽ പ്രശ്നം; സംഭവമിങ്ങനെ
ഹോളിവുഡിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് പോപ് ഗായകൻ നിക് ജോനാസിന്റെയും നടി സോഫി ടർണറിന്റെയും വിവാഹമോചനം. നാല് വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചാണ് രണ്ട് പേരും വേർപിരിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ട് പേർക്കുമിടയിൽ അസ്വാരസ്യങ്ങൾ രൂക്ഷമായിരുന്നു. ജീവിതത്തെ നോക്കിക്കാണുന്ന രീതിയിൽ വന്ന വ്യത്യാസമാണ് ദമ്പതികൾക്കിടയിൽ പ്രശ്നമായത്.
34 കാരനായ ജോ ജോനാസ് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ ആഗ്രഹിച്ചപ്പോൾ 27 കാരിയായ സോഫി ടർണർ കുടുംബിനിയായി മാത്രം ഒതുങ്ങിക്കഴിയാൻ താൽപര്യപ്പെട്ടില്ലെന്നാണ് ഹോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട്. 23ാം വയസിലാണ് സോഫി ടർണർ വിവാഹിതയായത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹം കഴിച്ച സോഫി സിനിമകളിലെ അവസരങ്ങളും കുടുംബത്തിന് വേണ്ടി ഒഴിവാക്കി.

രണ്ട് പെൺമക്കളാണ് ജോ ജോനാസിനും സോഫിക്കും പിറന്നത്. കഴിഞ്ഞ വർഷമാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. റിപ്പോർട്ടുകൾ പ്രകാരം മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം ജോ ജോനാസിനുണ്ടായിരുന്നു. എന്നാൽ സോഫിക്ക് ഇതിന് സമ്മതമായിരുന്നില്ല. ജോ ജോനാസിനൊപ്പം അമേരിക്കയിൽ ജീവിച്ച സോഫി തന്റെ സ്വന്തം നാടായ ഇംഗ്ലണ്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.
ഇപ്പോഴിതാ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ചുള്ള മറ്റൊരു വിവരമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് ജോ ജോനാസിനെതിരെ പരാതിയുമായി സോഫി ടർണർ രംഗത്ത് വന്നത്. കുട്ടികളെ തനിക്കൊപ്പം ഇംഗ്ലണ്ടിലേക്ക് വിടാൻ ജോ ജോനാസ് തയ്യാറല്ലെന്നും കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും സോഫി ടർണർ ആരോപിച്ചു. ആരോപണത്തിനെതിരെ പ്രതിനിധി മുഖാന്തരം പ്രതികരിച്ചിരിക്കുകയാണ് ജോ ജോനാസ്.

കുട്ടികളുടെ പാസ്പോർട്ട് സോഫി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മക്കളെ യുഎസിൽ നിന്നും പൂർണമായി മാറ്റാനാണ് സോഫി ഉദ്ദേശിക്കുന്നതെന്നും ജോ ജോനാസ് തുറന്നടിച്ചു. നിലവിൽ കോടതി ഉത്തരവ് പ്രകാരം കുട്ടികളെ റീ ലൊകേറ്റ് ചെയ്യാൻ രണ്ട് പേർക്കും അവകാശമില്ല. എന്നാൽ ഫ്ലോറിഡ കോടതിയുടെ ഉത്തരവ് ലംഘിക്കാനാണ് സോഫി ശ്രമിക്കുന്നതെന്നും ജോ ജോനാസിന്റെ പ്രതിനിധി ആരോപിച്ചു.
പ്രണയിച്ച് വിവാഹിതരായ ജോ ജോനാസും സോഫിയും വേർപിരിഞ്ഞതിന്റെ നിരാശയിലാണ് ആരാധകർ. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവിന്റെ സഹോദരനാണ് ജോ ജോനാസ്. അതുകൊണ്ട് തന്നെ വിവാഹമോചന വാർത്ത ബി ടൗണിലും ചർച്ചയാകുന്നു.
ഗെയിം ഓഫ് ത്രോൺസ് എന്ന സീരിസിലൂടെ ലോകപ്രശസ്തയായി മാറിയ നടിയാണ് സോഫി ടർണർ. ഇംഗ്ലീഷ് സംഗീത ലോകത്തെ പ്രമുഖരാണ് നിക് ജോനാസ്, ജോ ജോനാസ്, കെവിൻ ജോനാസ് എന്നീ സഹോദരങ്ങൾ. അനുജൻ നിക് ജോനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ജോ ജോനാസ് വിവാഹിതനായത്. 26ാം വയസിലാണ് നിക് ജോനാസ് വിവാഹിതനായത്.
പ്രിയങ്ക-നിക് താര ദമ്പതികൾക്ക് ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരുണ്ട്. ജോ ജോനാസുമായി വലിയ അടുപ്പം നിക് ജോനാസിനും പ്രിയങ്കയ്ക്കുമുണ്ട്. വിവാഹമോചന വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. ലോസ് ആഞ്ചലസിലാണ് പ്രിയങ്കയും നിക് ജോനാസും താമസിക്കുന്നത്. മേരി മാലതി ചോപ്ര എന്നാണ് മകളുടെ പേര്. സറൊഗസി വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചത്.


Click it and Unblock the Notifications











